‘പൂമരം’ എന്ന എബ്രിഡ് ഷൈൻ ചിത്രത്തിലൂടെയായിരുന്നു നീത പിള്ളയുടെ അരങ്ങേറ്റം. ‘പൂമര’ത്തിൽ കോളജ് യൂണിയൻ ചെയർപഴ്സനായ ഐറിൻ എന്ന കഥാപാത്രത്തെ നീത മനോഹരമായി അവതരിപ്പിച്ചു. പിന്നീട് എബ്രിഡിന്റെ തന്നെ കുങ്ഫൂമാസ്റ്ററിലെ നായികയായി. ഇപ്പോഴിതാ, സുരേഷ് ഗോപിയുടെ പാപ്പൻ എന്ന ചിത്രത്തിൽ വിൻസി എബ്രഹാം ഐപിഎസ് ആയി തിളങ്ങുകയാണ് നീത.
നീതയുടെ ഒരു കുട്ടിക്കാലചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അമ്മയുടെ മടിയിലിരിക്കുന്ന കുഞ്ഞു നീതയെ ആണ് ചിത്രത്തിൽ കാണാനാവുക.
സുരേഷ് ഗോപി അവതരിപ്പിക്കുന്ന എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രത്തിന്റെ മകളായിട്ടാണ് പാപ്പനിൽ നീത എത്തുന്നത്. ചിത്രത്തിൽ സുരേഷ് ഗോപിയോളം തന്നെ സ്ക്രീൻ സ്പേസ് ഉള്ള കഥാപാത്രമാണ് നീതയുടെ വിൻസി.
തൊടുപുഴ സ്വദേശിയാണ് നീത. റിട്ട. എൻജിനീയർ പി.എൻ. വിജയന്റെയും ഫെഡറൽ ബാങ്ക് മാനേജർ മഞ്ജുള ഡി.നായരുടെയും മകൾ. യുഎസിൽ പെട്രോളിയം എൻജിനീയറിങ്ങിൽ എംഎസിനു പഠിക്കുമ്പോൾ അവസാന സെമസ്റ്റർ സമയത്താണ് നീത പൂമരത്തിൽ അഭിനയിച്ചത്. എംഎസ് പൂർത്തിയാക്കി അതേ യൂണിവേഴ്സിറ്റിയിൽ തന്നെ എംബിഎയ്ക്ക് ചേർന്നെങ്കിലും അപ്പോഴേക്കും സിനിമയിൽ സജീവമായി.
മികച്ചൊരു ഡാൻസറും ക്ലാസ്സിക്കൽ മ്യൂസികിൽ വൈദഗ്ധ്യം നേടിയ ആളുമാണ് നീത. 2015ൽ ഹൂസ്റ്റണിൽ നടന്ന മിസ് ബോളിവുഡ് ബ്യൂട്ടി പേജന്റിലെ സെക്കന്റ് റണ്ണറപ്പും നീത ആയിരുന്നു. കുങ്ഫൂമാസ്റ്ററിനു വേണ്ടി ഒരു വർഷത്തോളം മാർഷ്യൽ ആർട്സ് പരിശീലനവും നീതു നേടിയിരുന്നു.