അഭിനേത്രി, സഹസംവിധായിക എന്നീ നിലകളിലെല്ലാം പ്രശസ്തയാണ് ഉണ്ണിമായ പ്രസാദ്. മാറിയ മലയാളസിനിമയിലെ സജീവമായൊരു സാന്നിധ്യം കൂടിയാണ് ഉണ്ണിമായ. താരത്തിന്റെ കുട്ടിക്കാലത്തുനിന്നുള്ള ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. സഹോദരനൊപ്പം ഒരു എൻഫീൽഡ് ബുള്ളറ്റിൽ ഇരിക്കുകയാണ് കുഞ്ഞു മായ.
കൊച്ചിയിൽ ജനിച്ചുവളർന്ന ഉണ്ണിമായ ആർക്കിടെക്ചർ മേഖലയിൽ നിന്നുമാണ് സിനിമയിലേക്ക് എത്തുന്നത്. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ്, മണിപാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവിടങ്ങളിലായാണ് ഉണ്ണിമായ തന്റെ ആർക്കിടെക്ചർ പഠനം പൂർത്തിയാക്കിയത്. ആർക്കിടെക്റ്റായി ഉണ്ണിമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിൽ കാസ്റ്റിംഗ് ഡയറക്ടറായും മായാനദി, മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും, കുമ്പളങ്ങി നൈറ്റ്സ്, തുടങ്ങിയ ചിത്രങ്ങളുടെ സഹസംവിധായകയായും ഉണ്ണിമായ പ്രവർത്തിച്ചു. ജോജിയെന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും ഉണ്ണിമായ ആയിരുന്നു.
‘അഞ്ചു സുന്ദരികൾ’എന്ന ആന്തോളജി ചിത്രത്തിലെ ‘സേതുലക്ഷ്മി’ എന്ന സിനിമയിലൂടെയായിരുന്നു ഉണ്ണിമായ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. സൗബിൻ ഷാഹിർ ചിത്രം പറവയിൽ ഒരു അധ്യാപികയുടെ വേഷത്തിലും ഉണ്ണിമായ അഭിനയിച്ചു. പിന്നീട് ‘മഹേഷിന്റെ പ്രതികാരം,’ ‘പറവ,’ ‘മായാനദി,’ ‘വരത്തൻ,’ ‘ഒരു കുപ്രസിദ്ധ പയ്യൻ,’ ‘ഫ്രഞ്ച് വിപ്ലവം’ ‘വൈറസ്’ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
അഞ്ചാം പാതിരയിലെ കാതറിൻ മരിയ എന്ന ഡെപ്യൂട്ടി കമ്മീഷണർ കഥാപാത്രവും ജോജിയിലെ ബിൻസിയെന്ന കഥാപാത്രവും ഉണ്ണിമായയ്ക്ക് ഏറെ ജനപ്രീതി നേടി കൊടുത്ത ഒന്നാണ്.അടുത്തിടെ പുറത്തിറങ്ങിയ ‘പട’ എന്ന ചിത്രത്തിലും ശ്രദ്ധേയമായൊരു കഥാപാത്രത്തെ ഉണ്ണിമായ അവതരിപ്പിച്ചിട്ടുണ്ട്. തിരക്കഥാകൃത്തായ ശ്യാം പുഷ്കരനാണ് ഉണ്ണിമായയുടെ ഭർത്താവ്.