സിനിമയിൽനിന്നും വിട്ടുനിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും സുചിത്ര എന്ന നടിയെ മലയാളികൾ മറന്നിട്ടില്ല. ബാലതാരമായെത്തി, പിന്നീട് ‘നമ്പർ 20 മദ്രാസ് മെയിൽ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടി ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കവർന്ന നടിയാണ് സുചിത്ര. 80-90 കാലഘട്ടത്തിൽ വിജയചിത്രങ്ങളിലെ സ്ഥിരം നായികയായിരുന്ന ഈ താരം.
വിവാഹത്തോടെ സിനിമയോട് വിട പറഞ്ഞ സുചിത്ര ഇപ്പോൾ അമേരിക്കയിലാണ് താമസം. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് സുചിത്ര. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ സുചിത്ര ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്.
കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങളാണ് സുചിത്ര പങ്കുവച്ചിരിക്കുന്നത്. കേക്ക് മുറിച്ച് ആണ് സുചിത്ര പിറന്നാൾ ആഘോഷിച്ചത്. മാതാപിതാക്കളെയും സുചിത്രയുടെ ഭർത്താവിനെയും മകളെയും ചിത്രങ്ങളിൽ കാണാം. ആരാധകരും ചിത്രങ്ങൾക്കു താഴെ ആശംസ അറിയിച്ചിട്ടുണ്ട്.
1978ൽ ആരവം എന്ന സിനിമയിലൂടെ ബാലതാരമായാണ് സുചിത്ര വെളളിത്തിരയിലെത്തിയത്. മലയാളം, തമിഴ് ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 2002 ല്‍ ഐവി ശശി സംവിധാനം ചെയ്ത ആഭരണചാര്‍ത്ത് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. അമേരിക്കയിലെ കൻസാസ് സിറ്റിയിലെ മിസോറിയിൽ ആണ് ഭർത്താവും പൈലറ്റുമായ മുരളിക്കും മകൾ നേഹയ്ക്കുമൊപ്പം 17 വർഷമായി സുചിത്രയുടെ താമസം. സോഫ്റ്റ്‌വെയര്‍ എൻജിനിയറായി ജോലി ചെയ്യുന്നുമുണ്ട് താരം.