നവംബർ 23 നായിരുന്നു നാടക- ചലച്ചിത്ര അഭിനേതാവായ സൗദി ഗ്രേസിയുടെ മരണം. വികൃതി’യെന്ന ചിത്രത്തിൽ സൗബിന്റെ അമ്മ വേഷത്തിലെത്തി ജനശ്രദ്ധ നേടിയ ഗ്രേസി കുറച്ചു ദിവസങ്ങളായി കോവിഡ് ബാധിച്ച് കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. തുടർന്ന് കോവിഡ് നെഗറ്റീവ് ആയെങ്കിലും കോവിഡിന്റെ തുടർച്ചയായി ന്യൂമോണിയ എത്തിയതോടെ ആരോഗ്യം മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
ഗ്രേസിയ്ക്ക് വിടനൽകി കൊണ്ട് നടി ഷൈനി സാറ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “കാണാം കാണാം എന്ന് പറഞ്ഞൊടുവിൽ കണ്ടതിങ്ങനെയാണല്ലോ ചേച്ചീ,” എന്ന വേദനയോടെയാണ് ഷൈനി കുറിപ്പ് പങ്കുവയ്ക്കുന്നത്.
“വികൃതി കണ്ടു കഴിഞ്ഞു ശ്രീകുമാർ ചേട്ടന്റെയടുത്ത് നിന്നും നിന്നും സൗബിന്റെ അമ്മയായി അഭിനയിച്ച നടിയുടെ നമ്പർ വാങ്ങിയപ്പോൾ ഒന്ന് ഞെട്ടി. ഗ്രേസി എന്ന പേര് കണ്ടപ്പോൾ ഫോർട്ട് കൊച്ചിയിൽ ഉള്ള ഒരു ഉമ്മയാകും എന്നാണ് കരുതിയത്. സംസാരിച്ചു തുടങ്ങിയപ്പോൾ ഏതോ ജന്മങ്ങളിൽ തുടങ്ങിയ ബന്ധം പോലെ. മരിച്ചു പോയ എന്റെ അമ്മയുടെ ഛായ എവിടെയൊക്കെയോ. പിന്നീടങ്ങോട് വിളികൾ തുടർന്നു. കാണൽ മാത്രം ഉണ്ടായില്ല. കോവിഡ്, എന്റെ തിരക്കുകൾ അങ്ങനെ അങ്ങനെ ആ കാണൽ ഇങ്ങനെ ആയി. ഈ സങ്കടം ഒരിക്കലും തീരില്ല ഗ്രേസിച്ചേച്ചി.”
കാണാം കാണാം എന്ന് പറഞ്ഞു പറഞൊടുവിൽ കണ്ടതിങ്ങനെ
വികൃതി കണ്ടു കഴിഞ്ഞു A D Sreekumar ചേട്ടന്റടുത് നിന്നും സൗബിന്റെ…
Posted by Shiny Sarah on Thursday, November 26, 2020
കൊച്ചിയുടെ കടലോരമേഖലയായ‘സൗദി’ എന്ന പ്രദേശത്ത് ജനിച്ചു വളർന്ന ഗ്രേസി 13-ാം വയസ്സിലാണ് നാടകരംഗത്ത് എത്തുന്നത്. ആദ്യകാലത്ത് അമ്വേച്ചർ നാടകങ്ങളിലൂടെ രംഗത്തെത്തിയ ഗ്രേസി പിന്നീട് കൊല്ലം ഉപാസന, പൂഞ്ഞാർ നവധാര, കൊച്ചിൻ അനശ്വര തുടങ്ങി നിരവധി നാടകസമിതികളിലും പ്രവർത്തിച്ചു.
‘വികൃതി’ എന്ന ചിത്രത്തിലൂടെയായിരുന്നു ഗ്രേസിയുടെ സിനിമാ അരങ്ങേറ്റം.’റോയ്’ എന്ന ചിത്രത്തിലും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രം ഇതുവരെ റിലീസിനെത്തിയിട്ടില്ല.
Read more: സിനിമ-നാടക അഭിനേത്രി സൗദി ഗ്രേസി അന്തരിച്ചു
ന്യൂജെൻ സിനിമകളിലൂടെ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത അഭിനേത്രിയാണ് ഷൈനി സാറ. ജയരാജിന്റെ അസിസ്റ്റന്റ് ആയി സിനിമയിലെത്തിയ ഷൈനിയുടെ ‘മഹേഷിന്റെ പ്രതികാരം’, ‘ജൂൺ’, ‘ഗാനഗന്ധർവ്വൻ’, ‘ഹലാൽ ലവ് സ്റ്റോറി’ എന്നീ ചിത്രങ്ങളിലെ റോളുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു.