കരിയറിൽ തിളങ്ങിനിന്നിരുന്ന സമയത്താണ് സംവൃത സുനിൽ വിവാഹിതയായി അഭിനയത്തിൽനിന്നും മാറി നിൽക്കാൻ തീരുമാനിച്ചത്. യുഎസിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന സംവൃത ആറു വർഷങ്ങൾക്കുശേഷം ‘സത്യം പറഞ്ഞാ വിശ്വസിക്കുമോ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങി വരികയാണ്. തിരിച്ചു വരവിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചും സംവൃത സുനിൽ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് മനസ് തുറക്കുന്നു…

സത്യം പറഞ്ഞാ വിശ്വസിക്കുമോ? മടങ്ങി വരവിലെ സിനിമയുടെ പേരുപോലെ തന്നെ സംവൃതയെ കാണുമ്പോൾ വിശ്വസിക്കാൻ പ്രയാസം. ഒരു മാറ്റവുമില്ല, ഇതിനു പിന്നിലെ രഹസ്യം എന്താണ്?

എനിക്ക് മാറ്റങ്ങളുണ്ട്. വലിയ മാറ്റങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ടായിരിക്കാം അങ്ങനെ തോന്നുന്നത്. എന്റെ പ്രായം പഴയതല്ല. പ്രായം കൂടുന്നതിന്റെ വ്യത്യാസങ്ങൾ എനിക്കുണ്ട്. മുടിയിൽ കൂടുതൽ നരകളുണ്ട്, നാലു വയസുളള മകന്റെ അമ്മയാണ്. അതിന്റേതായ മാറ്റങ്ങൾ എനിക്കുണ്ട്. ചിലപ്പോൾ ആളുകൾ ഇതിലും മാറ്റം പ്രതീക്ഷിച്ചതുകൊണ്ടാകാം അങ്ങനെ തോന്നുന്നത്. പക്ഷേ സംവൃത ഇപ്പോഴും പഴയതുപോലെ തന്നെ എന്നു പറയുന്നതു കേൾക്കുമ്പോൾ സന്തോഷം.

സത്യം പറഞ്ഞാ വിശ്വസിക്കുമോ? ഈ സിനിമയിലേക്ക് എത്തുന്നത് എങ്ങനെയാണ്?

ബിജു ചേട്ടനാണ് (ബിജു മേനോൻ) ഈ പ്രോജക്ടിനെക്കുറിച്ച് പറയാൻ എന്നെ വിളിക്കുന്നത്. ഈ സിനിമയുടെ ഒരു ഷെഡ്യൂൾ അപ്പോഴേക്കും കഴിയാറായിരുന്നു. മറ്റേതോ നായികയെയാണ് അവർ ആദ്യം തീരുമാനിച്ചിരുന്നത്. പക്ഷേ ചില കാരണങ്ങളാൽ അവർക്ക് ഇതിൽ അഭിനയിക്കാനായില്ല. ഈ സമയത്താണ് ബിജു ചേട്ടൻ എനിക്ക് ചെയ്യാൻ താൽപര്യമുണ്ടോയെന്ന് ചോദിച്ച് വിളിക്കുന്നത്. കഥാപാത്രത്തെക്കുറിച്ച് കേട്ടശേഷം മറുപടി പറയാമെന്നു ഞാൻ പറഞ്ഞു. അപ്പോഴാണ് തിരക്കഥാകൃത്ത് സജീവേട്ടൻ എന്നെ വിളിക്കുമെന്നു ബിജു ചേട്ടൻ പറയുന്നത്. ഇതിനു പുറകേ സജീവേട്ടൻ വിളിച്ചു, കഥാപാത്രവും കഥയും പറഞ്ഞു കേൾപ്പിച്ചു. എനിക്ക് ഇഷ്ടമായി.

പിന്നെ ഈ സിനിമ തിരഞ്ഞെടുക്കാൻ കുറേ കാരണങ്ങൾ ഉണ്ടായിരുന്നു. ഒരു വടക്കൻ സെൽഫിക്കുശേഷം പ്രജിത്തേട്ടൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമ, തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമയ്ക്ക് ദേശീയ അവാർഡ് നേടിയ സജിത്തേട്ടന്റെ തിരക്കഥ, നിർമ്മാതാക്കളെ നേരത്തെ അറിയാം, ബിജു ചേട്ടനെ അറിയാം, കഥയും ക്യാരക്ടറും ഇഷ്ടപ്പെട്ടു, 10-15 ദിവസത്തെ ഷൂട്ടിങ്ങേ ഉണ്ടായിരുന്നുളളൂ, അങ്ങനെ എല്ലാം കൊണ്ടു എനിക്ക് ചെയ്യാൻ കഴിയുമെന്ന് തോന്നി. തിരിച്ചുവരവിനുളള നല്ല സമയവും സിനിമയുമാണ് ഇതെന്നും തോന്നി.

ഈ സിനിമയിലെ കഥാപാത്രത്തെക്കുറിച്ച്?

എന്റെ കഥാപാത്രത്തിന്റെ പേര് ഗീത എന്നാണ്. ബിജു ചേട്ടന്റെ കഥാപാത്രമായ സുനി ചേട്ടന്റെ ഭാര്യയാണ്. ഒരു മകളുണ്ട്. വളരെ ചെറിയൊരു കുടുംബമാണ്. വളരെ പ്രത്യേക സ്വഭാവമുളളയാളാണ് സുനി ചേട്ടൻ. അങ്ങനെയുളള ഒരു ഭർത്താവിനെ സ്നേഹിച്ച് കുടുംബത്തെ നോക്കി കൊണ്ടുപോകുന്ന ഭാര്യയാണ് ഗീത. വളരെ സാധാരണക്കാരിയായ പെൺകുട്ടി. എനിക്ക് തോന്നുന്നു കേരളത്തിലെ ഒരു വിഭാഗം സ്ത്രീകളെ പ്രതിനിധീകരിക്കുന്ന ഭാര്യയാണ് ഗീത.

Read More: സംവൃത സുനില്‍ ഗീതയാകുമ്പോള്‍; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി

samvritha sunil, ie malayalam

സിനിമയിലേക്ക് മടങ്ങിവരാൻ തീരുമാനിച്ചത് എപ്പോഴാണ്?

വിവാഹം കഴിഞ്ഞപ്പോൾ സിനിമയിലേക്ക് മടങ്ങിവരണം എന്ന തീരുമാനമൊന്നും ഉണ്ടായിരുന്നില്ല. യുഎസിലാണ് താമസിക്കാൻ പോകുന്നതെന്ന് അറിയാമായിരുന്നു. അവിടെനിന്നും ഇവിടെ വന്നു സിനിമ ചെയ്യുക എന്നത് സാധിക്കില്ലെന്ന് അറിയാം. പിന്നെ വിവാഹ ശേഷം ഞാൻ എടുത്ത തീരുമാനമായിരുന്നു സിനിമ ചെയ്യേണ്ട എന്ന്. കരിയറിൽ വളരെ തിരക്കുളള സമയത്തായിരുന്നു എന്റെ വിവാഹം. ആ തിരക്കുകളിൽനിന്നും മാറി കുടുംബ ജീവിതം ആസ്വദിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. എന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു അത്.

‘നായിക നായകൻ’ എന്ന റിയാലിറ്റി ഷോയിലേക്ക് വിളിച്ചപ്പോഴാണ് മിനി സ്ക്രീനിലേക്കുളള മടങ്ങിവരവെങ്കിലും ചിന്തിക്കുന്നത്. ആ റിയാലിറ്റി ഷോ ചെയ്തു കഴിഞ്ഞപ്പോഴാണ് ക്യാമറയ്ക്ക് മുന്നിലിരിക്കുന്നത് ഞാൻ മിസ് ചെയ്തിരുന്നുവെന്നും പ്രേക്ഷകർക്ക് എന്നോടുളള ഇഷ്ടവും ഞാൻ മനസിലാക്കിയത്. അതെന്നെ ഒരുപാട് സന്തോഷിപ്പിച്ചു. അതുവരെ ഞാൻ കരുതിയിരുന്നത് ഇപ്പോഴത്തെ ജീവിതത്തിൽ ഞാൻ സന്തോഷവതിയാണെന്നാണ്. ഭർത്താവും മകനും ഒക്കെയായിട്ട് കുടുംബമായി കഴിഞ്ഞുപോകുന്ന ഞാൻ സന്തോഷവതിയാണെന്നാണ് കരുതിയത്. പക്ഷേ ഈ ഷോ ചെയ്തു കഴിഞ്ഞപ്പോഴാണ് എന്റെ കുടുംബത്തിനൊപ്പം കരിയറും കൂടി ഉണ്ടെങ്കിലേ ഞാൻ കംപ്ലീറ്റ് ആകൂ എന്ന് മനസിലായത്. ആ ഷോ കഴിഞ്ഞപ്പോൾ മുതൽ നല്ല പ്രോജക്ട് വന്നാൽ ചെയ്യണമെന്ന് ഉറപ്പിച്ചു. മുൻപും സിനിമ ചെയ്യില്ല എന്നു ഉറപ്പിച്ചിരുന്നില്ല. ‘നായിക നായകൻ’ കഴിഞ്ഞു നിൽക്കുന്ന സമയത്താണ് സിനിമ സീരിയസായിട്ട് ചെയ്യണം എന്നു തോന്നിയത്.

മാറിനിന്നപ്പോഴും സിനിമയിൽനിന്നും അവസരങ്ങൾ വന്നിരുന്നോ?

ഒരുപാട് സിനിമകളൊന്നും വന്നിട്ടില്ല. ഒന്നു രണ്ടെണ്ണം വന്നിരുന്നു. അതിൽ ചിലത് നല്ല കഥാപാത്രങ്ങളും സ്ക്രിപ്റ്റുകളും ആയിരുന്നു. പക്ഷേ പല കാരണങ്ങൾ കൊണ്ട് ഒന്നും നടന്നില്ല. ചിലത് ഷൂട്ടിങ് സമയം എനിക്ക് അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്തതുകൊണ്ട് വേണ്ടെന്നുവച്ചു. എല്ലാ കാര്യങ്ങളും ഒത്തുവന്നതുകൊണ്ടാണ് ‘സത്യം പറഞ്ഞാ വിശ്വസിക്കുമോ?’ എന്ന സിനിമയിൽ അഭിനയിച്ചത്.

വർഷങ്ങൾക്കുശേഷം സിനിമയിലേക്ക് തിരിച്ചെത്തിയപ്പോൾ എന്തെങ്കിലും മാറ്റമുളളതായി തോന്നിയോ?

യുഎസിൽ ആണെങ്കിലും നല്ല റിവ്യൂ ഉളള സിനിമ കാണാറുണ്ടായിരുന്നു. അപ്പോഴൊക്കെ സിനിമ മാറിപ്പോയെന്നു തോന്നിയിരുന്നു. ഇപ്പോൾ അഭിനയിക്കാൻ വന്നപ്പോൾ തോന്നിയത്, സിനിമാ സെറ്റിൽ നടക്കുന്ന ദൈനംദിന കാര്യങ്ങളിൽ മാറ്റമൊന്നും ഉണ്ടായില്ല, ഉച്ചയ്ക്ക് കഴിക്കുന്ന ഭക്ഷണത്തിൽ ഒഴികെ മറ്റൊരു മാറ്റവും ഉണ്ടായില്ല. പക്ഷേ സിനിമയിലെ ഓരോ ക്യാരക്ടറിനെ കുറിച്ചും സംവിധായകന് വ്യക്തമായ ധാരണയുളളത് വ്യത്യസ്തമായി തോന്നി. ലുക്കിലും അപ്പിയറൻസിലും ഒക്കെ ഗീത എന്ന ക്യാരക്ടർ എങ്ങനെയായിരിക്കണമെന്ന് അവർക്ക് ഐഡിയ ഉണ്ടായിരുന്നു.

മുൻപൊക്കെ തരുന്ന കോസ്റ്റ്യൂം ഇട്ട് നേരെ പോയി അഭിനയിക്കും. പക്ഷേ ഇപ്പോൾ ഒരു കഥാപാത്രത്തിന്റെ ലുക്കിലെ വളരെ ചെറിയ കാര്യങ്ങൾപോലും ശ്രദ്ധിക്കുന്നുണ്ട്. ഗീത എന്ന ക്യാരക്ടറിന്റെ പുരികം ത്രഡ് ചെയ്യുന്നതു മുതൽ ഗീത ധരിക്കുന്ന ബ്ലൗസിന്റെ കൈയ്യുടെ നീളം തുടങ്ങി ചെറിയ കാര്യങ്ങൾ വരെ ശ്രദ്ധിക്കുന്നുണ്ട്. പണ്ട് അത് അത്രയും ഇല്ലായിരുന്നു. ഇപ്പോൾ അഭിനയിക്കുമ്പോൾ വളരെ റിയലിസ്റ്റിക്കായിട്ട്, കഴിയുന്ന അത്രയും ജീവിക്കുന്നതുപോലെ ചെയ്യാനാണ് നമ്മളോട് ആവശ്യപ്പെടുന്നത്. ഫിലിം മേക്കേഴ്സിന് സിനിമയോടുളള സമീപനത്തിൽ ഭയങ്കര വ്യത്യാസംം വന്നിട്ടുണ്ട്. അത് ഞാൻ ശ്രദ്ധിച്ച ഒരു കാര്യമാണ്. നമ്മൾ മാറിനിന്ന് നോക്കുമ്പോൾ സിനിമ മാറിപ്പോയല്ലോ എന്നു നമുക്ക് തോന്നുന്നതും അതുകൊണ്ടാണ്.

samvritha sunil, ie malayalam

വർഷങ്ങൾക്കുശേഷം ഷൂട്ടിങ് ലൊക്കേഷനിൽ എത്തിയപ്പോൾ തോന്നിയത് എന്താണ്?. ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിന്നതിന്റെ ഓർമ്മയാണോ വന്നത്?

ലൊക്കേഷനിൽ വലിയ വരവേൽപാണ് എനിക്ക് ടീം തന്നത്. ആദ്യദിനം ഭയങ്കര സെലിബ്രേഷനായിരുന്നു. പക്ഷേ ഞാൻ ഭയങ്കര നെർവസ് ആയിരുന്നു. എന്റെ ആദ്യത്തെ സിനിമയുടെ ഷൂട്ടിന് എത്തിയപ്പോൾ പോലും ഞാൻ ഇത്രയും നെർവസ് ആയിരുന്നില്ല. അഭിനയിക്കാൻ ഞാൻ മറന്നുപോയോ എന്നൊക്കെ ചിന്ത വന്നു. ഈ സിനിമയിൽ മേക്കപ്പ് ഉപയോഗിച്ചിട്ടില്ല. കണ്ണെഴുതി, പൊട്ടുതൊട്ടു അത്രയൊക്കെയേ ഉളളൂ. മേക്കപ്പ് ഇട്ട് സാരിയുടുത്ത് ഗീതയായി ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോൾ എല്ലാം മാറി. ആദ്യ ഷോട്ട് ചെയ്യുമ്പോൾ മുതൽ ടെൻഷനൊന്നും ഉണ്ടായിരുന്നില്ല. എനിക്കു ചുറ്റിലുമുളള ആളുകളും കംഫർട്ട് ആയിരുന്നു. അവരുടെ പെരുമാറ്റ രീതിയാണ് എന്റെ ടെൻഷൻ മാറ്റിയത്. പിന്നീട് അങ്ങോട്ട് ബുദ്ധിമുട്ട് ഉണ്ടായില്ല. സെറ്റിൽ സീനിയർ ആർട്ടിസ്റ്റ് ആയിട്ടാണ് എന്നെ എല്ലാവരും കണ്ടത്. അതെനിക്കൊരു പുതിയ അനുഭവമായിരുന്നു. മുൻപൊക്കെ പുതിയൊരാൾ എന്ന രീതിയിലാണ് സെറ്റിൽ എന്നെ കണ്ടിരുന്നത്.

കുടുംബവും സിനിമയും ഒന്നിച്ചുകൊണ്ടുപോകുന്ന നടിമാർ മറ്റു ഭാഷകളിൽ നിരവധിയുണ്ട്. പക്ഷേ മലയാളത്തിൽ വളരെ കുറവാണ്. സംവൃതയ്ക്ക് എന്താ തോന്നിയിട്ടുളളത്?

നാട്ടിൽ ജീവിക്കുന്നവർക്ക് രണ്ടും ഒന്നിച്ചു കൊണ്ടുപോകാൻ എളുപ്പമാണ്. ഇന്ത്യയ്ക്ക് പുറത്തു കുടുംബമായി ജീവിക്കുന്ന ഒരാൾക്ക് വർഷത്തിൽ 2-3 സിനിമ ചെയ്യണമെങ്കിൽ 6 മാസമെങ്കിലും വീട്ടിൽനിന്നും മാറിനിൽക്കേണ്ടി വേണ്ടിവരും. എന്നെ സംബന്ധിച്ച് അതിന് കഴിയില്ല. ഒരു സിനിമ ചെയ്യുമ്പോൾ ആ സിനിമയിലെ കഥാപാത്രത്തിൽ മുഴുവൻ ശ്രദ്ധ കേന്ദ്രീകരിച്ച് ചെയ്താലേ എനിക്ക് ആസ്വദിച്ച് ചെയ്യാൻ കഴിയൂ. ഞാൻ ഇപ്പോൾ വരുമ്പോൾ മകനെ കൊണ്ടാണ് വരുന്നത്. അവനെ അച്ഛന്റെയും അമ്മയുടെയും അടുത്ത് ഏൽപ്പിച്ചാണ് ഷൂട്ടിന് പോകുന്നത്. അവൻ അവിടെ സുരക്ഷിതനാണെന്നും എന്റെ ഭർത്താവിന് യുഎസിൽ ഒറ്റയ്ക്ക് മാനേജ് ചെയ്യാൻ പറ്റുമെന്നും ഉറപ്പുളളതുകൊണ്ടാണ് എനിക്ക് വർക്ക് ചെയ്യാൻ കഴിയുന്നത്.

ബിജു മേനോനൊപ്പമുളള ഷൂട്ടിങ് അനുഭവം?

ബിജു ചേട്ടനൊപ്പം നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. പക്ഷേ ബിജു ചേട്ടന്റെ നായികയായി അഭിനയിക്കുന്നത് ആദ്യമായാണ്. ബിജു ചേട്ടൻ വളര ഫ്രണ്ട്‌ലിയായ ആളാണ്. നമുക്ക് ഒട്ടും ടെൻഷനില്ലാതെ കൂടെ അഭിനയിക്കാനാവും. ഈ സിനിമയിലെ എന്റെ മിക്ക സീനുകളും ബിജു ചേട്ടനൊപ്പമായിരുന്നു. ക്ലൈമാക്സ് സീൻ ഒക്കെ ഷൂട്ട് ചെയ്യുന്ന സമയത്ത് ബിജു ചേട്ടൻ ഒരുപാട് സഹായിച്ചു.

ഇപ്പോൾ സ്ത്രീ കേന്ദ്രീകൃത സിനിമകൾ ഒരുപാട് വരുന്നുണ്ട്? അത്തരത്തിൽ ഒരു കഥാപാത്രം ചെയ്യാൻ ആഗ്രഹമുണ്ടോ?

സ്ത്രീ കേന്ദ്രീകൃത സിനിമകൾ ചെയ്യുകയെന്നത് ഏതൊരു നടിയുടെയും ആഗ്രഹമായിരിക്കും. പെർഫോം ചെയ്യാൻ എന്തെങ്കിലും ഉണ്ടെങ്കിലേ നമുക്ക് ആ സിനിമ ചെയ്യാൻ താൽപര്യം ഉണ്ടാകൂ. സ്ത്രീ കേന്ദ്രീകൃത സിനിമകൾ ചെയ്യാൻ തീർച്ചയായും ആഗ്രഹമുണ്ട്. പവർഫുൾ ആയിട്ടുളള ക്യാരക്ടർ കിട്ടുകയാണങ്കിൽ വളരെ സന്തോഷത്തോടെ ചെയ്യും. എല്ലാ നടിമാരും അതുതന്നെയായിരിക്കും പറയുക. മറ്റൊരു അഭിപ്രായം ഉണ്ടാകുമെന്ന് തോന്നുന്നില്ല.

സിനിമകളൊക്കെ കാണാറുണ്ടായിരുന്നോ?. അടുത്തിടെ കണ്ടതിൽ ഇഷ്ടപ്പെട്ട സിനിമ?

നല്ല റിവ്യൂ വരുന്ന സിനിമകൾ കാണാറുണ്ട്. ‘കുമ്പളങ്ങി നൈറ്റ്സ്’ ആണ് അടുത്തിടെ കണ്ടതിൽ ഇഷ്ടപ്പെട്ട സിനിമ.

കുടുംബത്തെക്കുറിച്ച്?

ഭർത്താവ് അക്കി (അഖിൽ), മകൻ അഗസ്ത്യ (4 വയസ്) പിന്നെ ഞാനും അടങ്ങുന്ന ചെറിയൊരു കുടുംബവാണ്. ഞങ്ങൾ മൂന്നുപേരടങ്ങുന്ന ചെറിയ ലോകമാണ് എന്റെ കുടുംബം.

samvritha sunil, ie malayalam

നാട്ടിൽനിന്നും യുഎസിലേക്കു പോയപ്പോൾ ബുദ്ധിമുട്ട് തോന്നിയോ?

കുടുംബത്തെ മിസ് ചെയ്യുന്നതു മാത്രമാണ് ബുദ്ധിമുട്ടായി തോന്നിയത്. അവരെ പെട്ടെന്ന് കാണണമെന്നു തോന്നുമ്പോൾ പറ്റില്ല. വർഷത്തിൽ എപ്പോഴെങ്കിലും പോകുമ്പോൾ മാത്രമേ അതിനു കഴിയൂ. അതാലോചിക്കുമ്പോൾ വിഷമം തോന്നിയിരുന്നു. പിന്നെ സന്തോഷവും സങ്കടവും ആഘോഷങ്ങളും ഒക്കെ ഉണ്ടാകുമ്പോൾ കുടുംബവും ഒപ്പം ഉണ്ടായിരുന്നെങ്കിൽ കുറച്ചുകൂടി നന്നായിരുന്നേനെ എന്നു തോന്നിയിട്ടുണ്ട്.

യുഎസിലെ ജീവിതത്തെക്കുറിച്ച്?

യുഎസിൽ എനിക്ക് വളരെ സാധാരണക്കാരിയായ വീട്ടമ്മയുടെ റോളാണ്. വീട്ടിലെ കാര്യങ്ങൾ നോക്കി, മോന്റെ കാര്യങ്ങൾ നോക്കി, ദിനേനയുളള കാര്യങ്ങൾ ചെയ്തുപോകുന്ന ഒരു വീട്ടമ്മ. ഞാനത് വളരെ ആസ്വദിക്കുന്നു. എനിക്ക് പാചകം ഭയങ്കര ഇഷ്ടമാണ്. വീട് ഒരുക്കുന്നത് ഭയങ്കര ഇഷ്ടമാണ്. മോന്റെ കൂടെ സമയം ചെലവിടുന്നത് ഇഷ്ടമാണ്. ഇതൊക്കെ ഞാൻ ആസ്വദിച്ച് ചെയ്യുന്നവയാണ്.

സംവൃതയുടെ സിനിമകളെക്കുറിച്ചുളള അഖിലിന്റെ അഭിപ്രായം? സിനിമയിലേക്ക് മടങ്ങി എത്തുമ്പോൾ അഖിൽ നൽകുന്ന പിന്തുണ?

എന്റെ വളരെ കുറച്ച് സിനിമകളേ അഖിൽ കണ്ടിട്ടുളളൂ. മൂന്നോ നാലോ എണ്ണം കണ്ടിട്ടുണ്ടാവും. അക്കി വളരെ സപ്പോർട്ടീവാണ്. കല്യാണം കഴിഞ്ഞ സമയത്തും നല്ല സിനിമകൾ വന്നാൽ ചെയ്യണം എന്നു തന്നെയാണ് പറഞ്ഞത്. പക്ഷേ എനിക്കൊരു ബ്രേക്ക് വേണം എന്നു തീരുമാനിച്ചത് ഞാനാണ്. ഇപ്പോൾ സിനിമ ചെയ്യാൻ തുടങ്ങിയപ്പോൾ അക്കിക്ക് വളരെ സന്തോഷമാണ്. ഞാൻ സന്തോഷമായിരിക്കുന്നതാണ് അക്കിക്കും സന്തോഷം. പുതിയ സിനിമ റിലീസാവാൻ എന്നെക്കാൾ കാത്തിരിക്കുന്നത് അക്കിയാണ്.

വർഷങ്ങൾക്കു ശേഷം സ്ക്രീനിലേക്കുളള മടങ്ങി വരവ് ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ ആയിരുന്നല്ലോ? എന്തുകൊണ്ടാണ് അത് തിരഞ്ഞെടുത്തത്?

അങ്ങനെ തിരഞ്ഞെടുക്കാൻ പ്രത്യേക കാരണങ്ങൾ ഒന്നുമില്ല. ഒരു ഓഫർ വന്നപ്പോൾ സ്വീകരിച്ചു. ജഡ്ജ് ആകാൻ കഴിയില്ലെന്ന് ഞാൻ ആദ്യമേ പറഞ്ഞിരുന്നു. കാരണം ഇപ്പോഴും എന്റെ സിനിമയിൽനിന്നും ആക്ടിങ്ങിനെ കുറിച്ച് ഓരോ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്നയാളാണ് ഞാൻ. ജഡ്ജ് ആകാൻ പറ്റില്ലെന്നു പറഞ്ഞപ്പോൾ ഒരു മെന്ററായിട്ട് ഇരുന്നാൽ മതിയെന്ന് അവർ പറഞ്ഞു. ഒന്നു ട്രൈ ചെയ്ത് നോക്കാമെന്നു കരുതി. പുതിയ ആളുകൾക്ക് പ്രചോദനമാകാൻ കഴിഞ്ഞാൽ സന്തോഷമാകുമെന്നു കരുതിയാണ് ചെയ്തത്. ചെയ്തു കഴിഞ്ഞപ്പോൾ ആ തീരുമാനം വളരെ നല്ലതായിരുന്നുവെന്ന് തോന്നി. അതിൽ ഞാൻ വളരെ ഹാപ്പിയാണ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook