മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയമായ സാന്നിധ്യമാണ് നിരഞ്ജന അനൂപ്. നൃത്തത്തിന്റെ ലോകത്തു നിന്നുമാണ് നിരഞ്ജന സിനിമയിലേക്ക് എത്തിയത്. ലോഹം എന്ന രഞ്ജിത്ത് ചിത്രത്തിലൂടെയായിരുന്നു നിരഞ്ജനയുടെ അരങ്ങേറ്റം. മുല്ലശേരി രാജഗോപാലിന്റെ കൊച്ചുമകൾ കൂടിയാണ് നിരഞ്ജന. ദേവാസുരം, രാവണപ്രഭു എന്നീ സിനിമകളിലെ മുല്ലശേരി നീലകണ്ഠന്‍ എന്ന കേന്ദ്രകഥാപാത്രത്തിന് ആധാരമായത് മുല്ലശേരി രാജഗോപാലിന്റെ ജീവിതമായിരുന്നു.
നിരഞ്ജനയുടെ അമ്മ നാരായണിയും നർത്തകിയാണ്. നാരായണിയുടെ ഒരു പഴയ മുഖചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. വർഷങ്ങൾക്കു മുൻപ് നാരായണി മലയാള മനോരമ വാരികയുടെ കവര്‍ചിത്രമായപ്പോൾ പകർത്തിയതാണിത്. നാരായണിയുടെ ഈ പഴയചിത്രം ഓർമകളിൽ നിന്നും കണ്ടെടുത്ത് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത് പാട്ടെഴുത്തുകാരനായ രവിമേനോന്‍ ആണ്.

എവിടെയൊക്കെയോ നടി മോനിഷയുമായി വിദൂര സാദൃശ്യമുള്ള നാരായണിയെ തേടി അന്നേറെ സിനിമാ അവസരങ്ങളെത്തി. എന്നാൽ നൃത്തലോകത്തേക്ക് ഒതുങ്ങി, സിനിമയോട് നോ പറയുകയായിരുന്നു നാരായണി. വർഷങ്ങൾക്കിപ്പുറം ഒരു നിയോഗം പോലെ, മകൾ നിരഞ്ജന സിനിമയിലെത്തുകയും ചെയ്തു.
ബി.ടെക്, പുത്തൻ പണം, കെയര്‍ ഓഫ് സൈറ ബാനു തുടങ്ങിയവയാണ് നിരഞ്ജനയുടെ മറ്റു ശ്രദ്ധേയ ചിത്രങ്ങൾ. രഞ്ജിത്ത് കമല ശങ്കര്‍, സലീല്‍ വി എന്നിവര്‍ സംവിധാനം ചെയ്ത ‘ ചതുര്‍മുഖം’ ആണ് നിരഞ്ജന അവസാനം അഭിനയിച്ച ചിത്രം. പ്രജേഷ് സെനിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ ദി സീക്രട്ട് ഓഫ് വുമണി’ ന്റെ തിരക്കിലാണ് നിരഞ്ജന ഇപ്പോള്‍.