തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങള്‍ കൊണ്ടു മാത്രമല്ല, ഏതു വിഷയത്തിലും സധൈര്യം സ്വന്തം അഭിപ്രായം തുറന്നു പറയുന്നതിലൂടെയും കൂടിയാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ കൊണ്ട് പാര്‍വ്വതി എന്ന നടി സിനിമാ മേഖലയില്‍ തന്‍റെ സ്ഥാനം ഉറപ്പിച്ചത്. നല്ല നടിയെന്നു മാത്രമല്ല, അഹങ്കാരിയെന്നും ‘ഫെമിനിച്ചി’ എന്നും പാര്‍വ്വതിയെ വിളിച്ചവരുണ്ട്. എന്നാല്‍ പാര്‍വ്വതി എന്ന വ്യക്തിയും നടിയും രണ്ടു പേരാണെന്നും, ആരെതിര്‍ത്താലും തനിക്കു പറയാനുള്ള കാര്യങ്ങള്‍ താന്‍ പറയുമെന്നും പാര്‍വ്വതി വ്യക്തമാക്കി. പാര്‍വ്വതിയുടെ ജന്മദിനമാണിന്ന്.

Read More: മറ്റാര്‍ക്കെങ്കിലും ബുദ്ധിമുട്ടാകുമെന്നു കരുതി അഭിപ്രായങ്ങള്‍ പറയാതിരിക്കില്ല: പാര്‍വ്വതി

ഡിസംബറിൽ തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ മമ്മൂട്ടി ചിത്രം കസബയിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടിയ പാര്‍വ്വതിക്കു നേരെ ക്രൂരമായ സൈബര്‍ ആക്രമണമാണ് സോഷ്യല്‍ മീഡിയയില്‍ നടന്നത്. എന്നാല്‍ ഇതിനെ വെറും സൈബര്‍ ആക്രമണമായി കാണാനാകില്ലെന്നും, തനിക്കെതിരെ നടന്നത് ബലാത്സംഗ ഭീഷണിയും കൊലപാതക ഭീഷണിയുമായിരുന്നുവെന്ന് പാര്‍വ്വതി പറയുന്നു. ലെവിസിന്‍റെ ‘ഐ ഷേപ്പ് മൈ വേള്‍ഡ്’ എന്ന ടോക് ഷോയില്‍ പങ്കെടുത്തു സംസാരിക്കവെയായിരുന്നു പാര്‍വ്വതിയുടെ വെളിപ്പെടുത്തല്‍.

Parvathy TK

പലരുടേയും കമന്റുകള്‍ വായിച്ചതിനു ശേഷം, താന്‍ എന്താണ് പരിപാടിയില്‍ പറഞ്ഞതെന്നും, ആരെയെങ്കിലും വ്യക്തിപരമായി അധിക്ഷേപിച്ചിരുന്നോ എന്നും വീണ്ടും പരിശോധിച്ചെന്നും പാര്‍വ്വതി പറഞ്ഞു. എത്രയോ പേര്‍ മുമ്പ് വിമര്‍ശിച്ച ഒരു സിനിമയെക്കുറിച്ചാണ് താനും പഞ്ഞത്, വനിതാ കമ്മീഷന്‍ ഈ ചിത്രത്തിനെതിരെ കേസ് വരെ കൊടുത്തിരുന്നു. അന്ന് തനിക്കെതിരെ വന്ന കമന്റുകളൊന്നും അത്ര വിഷമിപ്പിച്ചില്ല, എന്നാല്‍ പല സത്രീകളും പറഞ്ഞ അഭിപ്രായങ്ങളാണ് തന്നെ വേദനിപ്പിച്ചതെന്നും പാര്‍വ്വതി പറയുന്നു. ഒരു പുരുഷന്‍ അടിച്ചാല്‍ എന്താണെന്നു വരെ പറയുന്ന സ്ത്രീകളെ കണ്ടിരുന്നുവെന്നും പാര്‍വ്വതി വ്യക്തമാക്കി.

Read More: മീശ താഴ്ന്നു പോകാതിരിക്കാന്‍ പിരിച്ചു പിരിച്ചു കയറ്റുന്നവര്‍

ഇത്രയേറെ അധിക്ഷേപങ്ങള്‍ക്കൊടുവിലും തന്‍റെ അഭിപ്രായം തുറന്നു പറയാന്‍ ആരെയും പേടിക്കേണ്ടതില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് പാര്‍വ്വതി. അടുത്തിടെ സംസ്ഥാന അവാര്‍ഡ് ലഭിച്ചപ്പോഴും പാര്‍വ്വതി ഈ അഭിപ്രായം വ്യക്തമാക്കിയിരുന്നു. മലയാള സിനിമയില്‍ ഇന്നോളം ഉയര്‍ന്നു കേള്‍ക്കാത്തൊരു പ്രസ്താവനയായിരുന്നു പാര്‍വ്വതിയുടേത്. ഇത്തരം നായകത്വം നമുക്കു വേണ്ട എന്ന് അവര്‍ പൊതുവേദിയില്‍ തുറന്നു പറഞ്ഞു.

ഈ പ്രശ്‌നത്തിനു ശേഷം കുറച്ച് മൗനം പാലിക്കാനും ഇത്തരം വിഷയങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനും തന്നോട് പലരും ഉപദേശിച്ചെന്നുവെന്നും പാര്‍വ്വതി പറഞ്ഞിട്ടുണ്ട്.

‘എനിക്കെതിരെ സിനിമയില്‍ ഒരു ലോബി തന്നെ ഉണ്ടാകുമെന്നും അതു കൊണ്ട് ഇത്തരം സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കാനും നിരവധി പേര്‍ എന്നെ ഉപദേശിച്ചു. പക്ഷെ അവസരങ്ങള്‍ നഷ്ടപ്പെടും എന്നു പേടിച്ച് ഞാന്‍ മിണ്ടാതിരിക്കില്ല. എങ്ങോട്ടും പോകുകയുമില്ല. കഴിഞ്ഞ 12 വര്‍ഷമായി സിനിമയാണെന്‍റെ ലോകം. എന്‍റെ സ്വന്തം താത്പര്യത്തിനാണ് ഇതിലേക്ക് വന്നത്. അതേ താത്പര്യവും കഠിനാദ്ധ്വാനവും കൊണ്ടാണ് ഇത്രയും നാള്‍ ഇവിടെ നിന്നതും. ഇതിന്‍റെ പേരില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടാല്‍ എനിക്ക് വേണ്ട അവസരങ്ങള്‍ ഞാന്‍ തന്നെ ഉണ്ടാക്കും. ഞാന്‍ സിനിമയെടുക്കും. തടസങ്ങള്‍ ഉണ്ടാകും. പക്ഷെ ഞാന്‍ മറ്റെവിടേയും പോകില്ല.” ഇതായിരുന്നു പാര്‍വ്വതി വാക്കുകൾ.

Parvathy TK

2006 പുറത്തിറങ്ങിയ ‘ഔട്ട് ഓഫ് സിലബസ്’ എന്ന ചിത്രത്തില്‍ സഹതാരമായാണ് പാര്‍വ്വതി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ‘നോട്ട് ബുക്ക്’ എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. ചെറിയ വേഷങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും വലിയ ഉയര്‍ച്ചകളിലേക്കു വളരുകയായിരുന്നു പാര്‍വ്വതി. 12 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ 2015ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ‘എന്ന് നിന്റെ മൊയ്തീന്‍’, ‘ചാര്‍ലി’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കള്ള പുരസ്‌കാരം ലഭിച്ചു. ‘ടേക്ക് ഓഫ്’ എന്ന ചിത്രത്തിലൂടെ 2018 ലെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം വീണ്ടും പാര്‍വ്വതിയെ തേടിയെത്തി. മലയാളത്തിന് പുറമേ തമിഴിലും, ബോളിവുഡിലും സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്.

ചിത്രങ്ങൾക്കു കടപ്പാട്: ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ