സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സംവിധാനം ചെയ്ത ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തിയ താരമാണ് വിജി വെങ്കടേഷ്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ വിജി തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവച്ച ചിത്രമാണിത്. പത്തൊമ്പത് വയസ്സിലെ ചിത്രമാണ് വിജി പങ്കുവച്ചിരിക്കുന്നത്.
കാൻസർ രോഗികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയായ മാക്സ് ഫൗണ്ടേഷന്റെ ഏഷ്യൻ ഹെഡ് ആണ് വിജയലക്ഷ്മി എന്ന വിജി. തൃശൂർ പൂങ്കുന്നം സ്വദേശിയാണ് ഈ വനിത. വർഷങ്ങളായി മാക്സിൽ പ്രവർത്തിക്കുന്ന വിജയലക്ഷ്മി മുംബൈയിലെ തന്റെ സ്ഥിര ജോലിയിൽ നിന്ന് ഇടവേളയെടുത്താണ് സിനിമയിൽ അഭിനയിക്കാനെത്തിയത്.
കാസ്റ്റിങ്ങ് ഡയറക്ടർ വഴിയാണ് മലയാള സിനിമയിലേക്കും അതിലുപരി അഭിനയ ലോകത്തേയ്ക്കുമുള്ള ക്ഷണം വിജിയ്ക്കു ലഭിക്കുന്നത്. സിനിമയോടുള്ള അഖിലിന്റെ സ്നേഹമാണ് തന്നെ ഈ കഥാപാത്രത്തിലേക്ക് അടുപ്പിച്ചതെന്ന് വിജി ഇന്ത്യൻ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞിരുന്നു. ചിത്രത്തിൽ ഉമ്മച്ചി എന്ന കഥാപാത്രത്തെയാണ് വിജി അവതരിപ്പിച്ചത്.
സിനിമയിൽ ആദ്യമായാണ് വിജി എത്തുന്നതെങ്കിലും ബോളിവുഡിലെ സൂപ്പർ സ്റ്റാർ സൽമാനുമായി അടുത്ത ബന്ധം നിലനിർത്തുന്നു. സാമൂഹ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് വിജിയെ സൽമാൻ ആദ്യമായി ബന്ധപ്പെടുന്നത്. കഴിഞ്ഞ 25 വർഷങ്ങളായി വിജിയ്‌ക്കൊപ്പം കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാൻ സൽമാനും കൂടെയുണ്ട്.