നടി ഗൗതമി നായർ വിവാഹിതയാവുന്നു. സിനിമാ രംഗത്ത് നിന്നുളളയാളാണ് വരൻ. വിവാഹവുമായി ബന്ധപ്പെട്ട വിവരങ്ങൾ സത്യമാണെന്നും ഉടൻ തന്നെ ഇരുവരും ഒരുമിച്ച് വിവാഹവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഔദ്യോഗികമായി അറിയിക്കുമെന്നും ഗൗതമിയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.നിലവിൽ പഠനത്തിന്റെ തിരക്കിലാണ് ഗൗതമി നായർ. മെയ് മാസത്തോടടുപ്പിച്ചായിരിക്കും വിവാഹം. ക്യാംപസ് ഡയറിയാണ് ഗൗതമി അവസാനമായി അഭിനയിച്ച ചിത്രം. പുതിയ ചിത്രങ്ങളൊന്നും ഗൗതമി കമിറ്റ് ചെയ്‌തിട്ടില്ല.

തിരുവനന്തപുരം വുമൺസ് കോളേജിലെ എംഎ വിദ്യാർത്ഥിനിയാണ് ഗൗതമി. പഠനത്തിനിടെയാണ് വിവാഹം. ആലപ്പുഴ സ്വദേശിയാണ് ഗൗതമി നായർ. മധു നായർ -ശോഭ ദമ്പതികളുടെ മകളായ ഗൗതമിയുടെ സിനിമാ പ്രവേശനം വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു. 2012 ലാണ് സിനിമാ രംഗത്തെത്തുന്നത്. ദുൽഖർ സൽമാൻ നായകനായ സെക്കന്റ് ഷോ ആണ് ഗൗതമിയുടെ ആദ്യ ചിത്രം. ദുൽഖറിന്റെ നായികയായെത്തിയ ഗീതുവിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.

2012ൽ മൂന്ന് നല്ല സിനിമകളുടെ ഭാഗമാവാൻ ഗൗതമിക്കായി. ലാൽ ജോസ് ഒരുക്കിയ ഡയമണ്ട് നെക്‌ലേസാണ് രണ്ടാമതായി അഭിനയിച്ച ചിത്രം. ആരാധക മനസിൽ തങ്ങി നിൽക്കുന്നതും ഈ ലാൽജോസ് ചിത്രത്തിലെ ഗൗതമിയുടെ വേഷമാണ്. ഒരു തമിഴ് പെൺകുട്ടിയായെത്തിയ ഗൗതമി പ്രേക്ഷകരുടെ മനം കവർന്നു. ലക്ഷ്‌മിയെന്ന നഴ്‌സായാണ് ഗൗതമി ചിത്രത്തിലെത്തിയത്.

നിവിൻ പോളിയുടെ സഹോദരി വേഷമാണ് പിന്നീട് ഗൗതമിയെ തേടിയെത്തിയത്. പ്രിയ എന്ന കഥാപാത്രമായാണ് ഗൗതമി ഈ ചിത്രത്തിലെത്തിയത്.

എന്നാൽ അതിന് ശേഷം ചെറിയൊരിടവേളയെടുത്ത ഗൗതമിയെ പിന്നീട് കാണുന്നത് ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം കൂതറയിലാണ്. മോഹൻലാൽ, സണ്ണി വെയ്‌ൻ, ടൊവിനോ തോമസ് എന്നിവർക്കൊപ്പമായിരുന്നു ആ തിരിച്ചുവരവ്. 2016ൽ പുറത്തിറങ്ങിയ ക്യാംപസ് ഡയറിയാണ് അവസാനമായി അഭിനയിച്ച ചിത്രം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ