നടി, നർത്തകി, ഗായിക, റേഡിയോ ജോക്കി, അവതാരക എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ വ്യക്തിയാണ് ശിൽപ ബാല. ഒരു യൂട്യൂബ് വ്ലോഗർ കൂടിയാണ് ഈ യുവനടി. കാഞ്ഞങ്ങാട് സ്വദേശിയായ ശിൽപ്പ പഠിച്ചതും വളർന്നതുമെല്ലാം ദുബായിൽആണ്. ക്ലാസ്സിക്കൽ ഡാൻസർ കൂടിയായ അമ്മയിൽ നിന്നും നാലാം വയസ്സിൽ നൃത്തം അഭ്യസിച്ചു തുടങ്ങിയ ശിൽപ്പ വളരെ ചെറുപ്പം മുതലെ നൃത്തവേദികളിലെ സജീവസാന്നിധ്യമാണ്. 2005ലെ അറേബ്യ യൂത്ത് ഫെസ്റ്റിവലിൽ കലാതിലകപട്ടവും ശിൽപ്പയെ തേടിയെത്തി.
അമ്മയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് ശിൽപ്പ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.
“ഏകദേശം 3 വർഷം മുമ്പ്, കുടുംബാംഗങ്ങളോടൊപ്പം ഒരു ചെറിയ അവധിക്കാലയാത്രയ്ക്കായി തയ്യാറെടുക്കുകയായിരുന്നു ഞാൻ. അതൊരു ബർത്ത്ഡേ ട്രിപ്പായിരുന്നു, എല്ലാവരും കാര്യങ്ങൾ കൃത്യമായി പ്ലാൻ ചെയ്തിരുന്നു, കുഞ്ഞിന് ഡയപ്പറുകൾ മുതൽ ഇൻഡക്ഷൻ കുക്കർ വരെ, മരുന്നുകൾ മുതൽ അധിക ബാഗുകൾ വരെ, എന്തൊക്കെ കൂടെ കരുതണം എന്ന് ആശയക്കുഴപ്പത്തിലായൊരു അമ്മയായിരുന്നു ഞാൻ, എന്തെങ്കിലും എടുക്കാൻ മറന്നാൽ, എന്റെ പ്ലാനുകൾ തെറ്റും. കുഞ്ഞിന്റെ ദിനചര്യകൾക്ക് യാതൊരു തടസ്സവും വരുത്താതെ എന്റെ അവധിക്കാലം ആസ്വദിക്കാനുള്ള അജണ്ടയാണ് ഞാൻ ഉദ്ദേശിച്ചത്. അവളുടെ കാര്യങ്ങൾ ഒരുക്കാൻ ഞാൻ വല്ലാതെ വെപ്രാളപ്പെട്ടു, ഒടുവിൽ എല്ലാം കഴിഞ്ഞു എന്ന് കരുതി ഒരു വലിയ ആശ്വാസത്തോടെ ഞാൻ കാറിൽ കയറി! 2 മണിക്കൂർ കഴിഞ്ഞു കാണും, പാതിവഴിയിലെത്തിയപ്പോൾ എന്റെ സഹോദരി എന്നോട് ചോദിച്ചു, ‘ഹേയ്, നാളത്തെ പാർട്ടിക്ക് നീ എന്താണ് ധരിക്കുന്നത്?’ ഞാൻ ഒന്ന് നിർത്തി അവളെ നോക്കി! ഞാൻ അലറിവിളിച്ചു ‘അയ്യോ ഇല്ല! ഞാനെന്റെ ഡ്രസ്സ് എടുക്കാൻ മറന്നു! പിറന്നാൾ പരിപാടിയുടെ അവതാരകയായ ഞാൻ അണിയാൻ എടുത്തവച്ച ഡ്രസ്സ്!
ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം ഞാൻ എങ്ങനെ പ്രതികരിക്കും എന്നുള്ള ഭയം എല്ലാവരിലും നിറഞ്ഞു, തിരികെ പോയി ഡ്രസ് എടുക്കൽ സാധ്യമായിരുന്നില്ല. ഞാൻ കരയാൻ തുടങ്ങി. പക്ഷേ അമ്മ മുഴുവൻ സാഹചര്യത്തെയും വളരെ തമാശയായി കണ്ട് പൊട്ടിച്ചിരിക്കാൻ ആരംഭിച്ചു. എന്റെ ഭർത്താവും അച്ഛനും അമ്മയോടൊപ്പം ചേർന്നു. ചിരി മാരത്തൺ കുറച്ച് സമയത്തേക്ക് തുടർന്നു. അമ്മ പെട്ടെന്ന് എന്നോട് പറഞ്ഞു ‘നീ എന്തെങ്കിലും മറക്കുമെന്ന് എനിക്കറിയാമായിരുന്നു! പക്ഷേ യാമികയുടെ കാര്യമൊന്നും അവൾക്കാവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും നീ മറന്നിട്ടില്ലെന്ന് എനിക്ക് ഉറപ്പുണ്ട്!’ അതു പറഞ്ഞുകൊണ്ട് അമ്മ ബാഗ് തുറന്ന്, എന്നോട് അതിനകത്തേക്ക് നോക്കാൻ ആവശ്യപ്പെട്ടു. അതെന്റെ വസ്ത്രമായിരുന്നു! അമ്മ പെട്ടെന്ന് പറഞ്ഞു, ‘നീ നിന്റെ മകളുടെ കാര്യങ്ങൾ മറക്കാത്തതുപോലെ, ഞാനെന്റെ മകളുടെ കാര്യങ്ങളും മറക്കില്ല. ഇതൊരു ചക്രമാണ്! എന്റെ ലോകത്തേക്ക് സ്വാഗതം!”
എന്റെ അത്ഭുത അമ്മയ്ക്ക്, ജന്മദിനാശംസകൾ! 50 വയസ്സിലും നിങ്ങൾ അതിസുന്ദരിയായിരിക്കുന്നു, ഇതൊന്നും അത്ര ശരിയല്ല! ഞാൻ നിങ്ങളെ സ്നേഹിക്കുന്നു അമ്മ, നിങ്ങളെ മിസ്സ് ചെയ്യുന്നു. ഉമ്മ,” ശിൽപ്പ ബാല കുറിക്കുന്നു.
ടെലിവിഷൻ പരിപാടികളിലൂടെയാണ് ശിൽപ്പ തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് 2009ൽ ‘ഓർക്കുക വല്ലപ്പോഴും’ എന്ന ചിത്രത്തിലൂടെ ശിൽപ്പ അരങ്ങേറ്റം കുറിച്ചു. ‘കെമിസ്ട്രി,’ ‘ആഗതൻ’ എന്നിവയാണ് ശിൽപ്പയുടെ മറ്റു ചിത്രങ്ങൾ.
ഏഷ്യാനെറ്റിലെ ‘കോമഡി എക്സ്പ്രസ്’ എന്ന പരിപാടിയുടെ അവതാരകയായും ശിൽപ്പ തിളങ്ങി. ഒരു റേഡിയോ ജോക്കിയായും ശിൽപ്പ ജോലി ചെയ്തിട്ടുണ്ട്. നിരവധി പരസ്യചിത്രങ്ങളിലും അഭിനയിച്ചു. ഡോക്ടറാായ വിഷ്ണു ഗോപാൽ ആണ് ശിൽപ്പയുടെ ഭർത്താവ്. ഏക മകൾ യാമിക.