മലയാളികൾ എന്നും നെഞ്ചോട് ചേർക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് 1987ൽ പുറത്തിറങ്ങിയ നീയെത്ര ധന്യ. ജേസി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ കാർത്തിക, മുരളി, മേനക, മുകേഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ഒഎൻവി കുറുപ്പ് എഴുതി ജി ദേവരാജൻ ഈണം നൽകിയ ‘അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ’, ‘ഭൂമിയെ സ്നേഹിച്ച’.. തുടങ്ങിയ ഗാനങ്ങൾ ഇന്നും മലയാളികൾ നൊസ്റ്റാൾജിയയോടെ ഓർക്കുന്നവയാണ്.
‘നീയെത്ര ധന്യ’ എന്ന ചിത്രത്തിൽ ബാലതാരമായി എത്തി പിന്നീട് മലയാളത്തിലെ മിന്നും താരമായി മാറിയ ഒരു അഭിനേത്രിയും മലയാളത്തിലുണ്ട്. ദിവ്യ ഉണ്ണിയാണ് ആ നായിക. നീയെത്ര ധന്യയിൽ കാർത്തികയുടെ ചെറുപ്പക്കാലം അവതരിപ്പിച്ചുകൊണ്ടാണ് ദിവ്യ ഉണ്ണി ശ്രദ്ധ നേടിയത്. ആ ചിത്രത്തിൽ അഭിനയിക്കുമ്പോൾ രണ്ടാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു ദിവ്യ. പിന്നീട് പൂക്കാലം വരവായി (1991), ഒ ഫാബി (1993), സൗഭാഗ്യം (1993) തുടങ്ങിയ ചിത്രങ്ങളിലും ബാലതാരമായി ദിവ്യ ഉണ്ണി അഭിനയിച്ചു. വിനയൻ സംവിധാനം ചെയ്ത ‘ഇനിയൊന്നു വിശ്രമിക്കട്ടെ’ എന്ന ഒരു ടെലിവിഷൻ സീരിയലിലും ദിവ്യ പ്രധാന വേഷം ചെയ്തിരുന്നു.
വിനയൻ സംവിധാനം ചെയ്ത ‘കല്യാണസൗഗന്ധികം’ (1996) എന്ന ചിത്രത്തിലൂടെയായിരുന്നു ദിവ്യ നായികയായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് മലയാളത്തിലെ മുന്‍നിര നായികയായി വളര്‍ന്ന ദിവ്യ, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും അഭിനയിച്ചു. ഏതാണ്ട് 50 ഓളം ചിത്രങ്ങളിൽ വേഷമിട്ടു. പ്രണയവർണ്ണങ്ങൾ, വർണ്ണപ്പകിട്ട്, ഒരു മറവത്തൂർ കനവ്, ഫ്രണ്ട്സ്, ഉസ്താദ്,ആയിരം മേനി, ആകാശ ഗംഗ, ഭരതന്റെ അവസാന ചിത്രമായ ‘ചുരം’ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. പ്രമേദ് പപ്പൻ സംവിധാനം ചെയ്ത ‘മുസാഫിർ’ ആണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം.

വിവാഹത്തോടെ അമേരിക്കയിലേക്ക് ചേക്കേറിയ താരം ഇപ്പോള്‍ അവിടെ ഒരു നൃത്ത വിദ്യാലയം നടത്തി വരുന്നു. മൂന്നാമത്തെ വയസ്സിൽ ഭരതനാട്യം അഭ്യസിച്ചു തുടങ്ങിയ ദിവ്യ കുച്ചിപ്പുടിയിലും മോഹിനിയാട്ടത്തിലും പരിശീലനം നേടിയിട്ടുണ്ട്. കേരള സ്കൂൾ കലോൽസവത്തിൽ സംസ്ഥാനതലത്തിൽ കലാതിലകമായിരുന്നു. ടെക്സാസിലുള്ള ഹൂസ്റ്റണിൽ സ്ഥാപിച്ചിരിക്കുന്ന ശ്രീപാദം സ്കൂൾ ഓഫ് ആര്‍ട്സിന്റെ ഡയറക്ടറായി പ്രവർത്തിക്കുകയാണ് ഇപ്പോൾ.

അമേരിക്കയിലെ ഹൂസ്റ്റണിൽ ഭർത്താവ് അരുണിനും മൂന്ന് മക്കൾക്കും ഒപ്പമാണ് ദിവ്യ താമസിക്കുന്നത്. അർജുൻ, മീനാക്ഷി, ഐശ്വര്യ എന്നിവരാണ് മക്കൾ. ഇടക്ക് തന്റെ ചിത്രങ്ങളും വിശേഷങ്ങളും ദിവ്യ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്.