തെന്നിന്ത്യയിലെ ബോൾഡ് നായികമാരിൽ ഒരാളാണ് അമല പോൾ. അമലയുടെ ഒരു കുട്ടിക്കാലചിത്രമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പം ഇരിക്കുകയാണ് കുഞ്ഞ് അമല.
View this post on Instagram
മലയാള സിനിമയിലൂടെയാണ് അമല പോൾ അഭിനയരംഗത്തേക്ക് എത്തിയതെങ്കിലും തമിഴിലും തെലുങ്കിലുമാണ് കൂടുതൽ തിളങ്ങിയത്. 2009 ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘നീലത്താമര’യായിരുന്നു അമലയുടെ ആദ്യ ചിത്രം. അതിൽ ചെറിയൊരു വേഷമായിരുന്നു അമലയ്ക്ക്. അതിനുശേഷം തമിഴിൽ രണ്ടു സിനിമകൾ ചെയ്തുവെങ്കിലും വിജയിച്ചില്ല. 2010 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘മൈന’യാണ് അമലയുടെ കരിയറിൽ വഴിത്തിരിവായത്. ചിത്രം വൻ ഹിറ്റാവുകയും തമിഴ്നാട് സർക്കാരിന്റെ മികച്ച നടിക്കുളള പുരസ്കാരം അമലയ്ക്ക് ലഭിക്കുകയും ചെയ്തു. പിന്നീടിങ്ങോട്ട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അമല നിരവധി സിനിമകളിൽ അഭിനയിച്ചു.
Read more: ‘വിവാദ ബെൻസ്’ വിറ്റെന്ന് അമല പോൾ
പെണ്ണുടലിന്റെ രാഷ്ട്രീയവും സ്വാതന്ത്ര്യവും ചർച്ച ചെയ്ത അമല പോളിന്റെ ‘ആടൈ’ എന്ന ചലച്ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. ഇപ്പോൾ, മറ്റൊരു ബോൾഡ് കഥാപാത്രത്തെ കൂടെ അവതരിപ്പിക്കുകയാണ് അമല. തെലുങ്ക് ആന്തോളജി ചിത്രമായ ‘പിറ്റ കതലു’ ആണ് അമലയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. നന്ദിനി റെഡ്ഡിയാണ് ആന്തോളജിയിൽ അമല അഭിനയിക്കുന്ന ‘മീര’ എന്ന സെഗ്മെന്റ് സംവിധാനം ചെയ്തിരിക്കുന്നത്.
പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിനിടെ വിവാഹമോചന സമയത്ത് താൻ കടന്നുപോയ പ്രശ്നങ്ങളെ കുറിച്ചും അമല മനസ്സു തുറന്നിരുന്നു. 2016ൽ ആയിരുന്നു സംവിധായകൻ എ എൽ വിജയ്യും അമലയും വിവാഹമോചനം നേടിയത്.
“യഥാർത്ഥ ലോകത്തിന്റെ പ്രതിഫലനമാണ് മീര എന്ന ചിത്രം. വിവാഹജീവിതത്തിൽ പ്രശ്നങ്ങളിലൂടെ കടന്നു പോവുന്ന സ്ത്രീകൾക്കുള്ള പിന്തുണാ സംവിധാനം ഏറെക്കുറെ നിലവിലില്ല എന്നു തന്നെ പറയാം. ഞാൻ വേർപിരിയലിലൂടെ കടന്നുപോയപ്പോൾ, എന്നെ പിന്തുണയ്ക്കാൻ ആരും വന്നതായി എനിക്ക് ഓർമ്മയില്ല. എല്ലാവരും എന്നിൽ ഭയം വളർത്താൻ ശ്രമിച്ചു. ഞാൻ ഒരു പെൺകുട്ടി മാത്രമാണെന്ന് അവർ ഓർമ്മപ്പെടുത്തി. ഞാനൊരു വിജയിച്ച അഭിനേതാവായിട്ടു കൂടി ഒരു പുരുഷൻ എനിക്കൊപ്പം ഇല്ലെങ്കിൽ ഞാൻ ഭയപ്പെടണമെന്ന് എന്നോട് അവർ പറഞ്ഞു. എന്റെ കരിയർ താളം തെറ്റുമെന്നും സമൂഹം എന്നെ പുച്ഛിക്കുമെന്നും അവർ മുന്നറിയിപ്പു നൽകി. ആരും എന്റെ സന്തോഷമോ മാനസിക ആരോഗ്യമോ മുഖവിലയ്ക്ക് എടുത്തില്ല, അതിനെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതുമില്ല.” അമല പറയുന്നു.
ആ ഉപദേശങ്ങളും താക്കീതും കേട്ട് എല്ലാവരെയും പോലെ ജീവിതത്തിൽ അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ടുപോവാൻ താൻ തയ്യാറായിരുന്നില്ല എന്നും അമല പറയുന്നു. “എങ്ങനെയാവണമെന്ന് ഞാൻ തീരുമാനിക്കുന്നതാണ് എന്റെ ജീവിതം. മോശമായ ഒരു ബന്ധത്തിനോട് സമരസപ്പെട്ടുപോവാൻ മറ്റൊരു സ്ത്രീയ്ക്ക് മുന്നിൽ ഉദാഹരണമായി എന്റെ പേര് വരരുതെന്ന് ഞാനാഗ്രഹിച്ചു. എല്ലാം ഒടുവിൽ ശരിയാകുമെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഒന്നും ശരിയാകുന്നില്ല എന്നതാണ് സത്യം. എല്ലാവരും ഒരു ഷോ അവതരിപ്പിക്കുകയാണ്, വ്യാജമാണത്. അതുപോലെയാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല.”
നെറ്റ് ഫ്ളിക്സിൽ ഏറെ ശ്രദ്ധ നേടിയ ‘ലസ്റ്റ് സ്റ്റോറീസി’ന്റെ തെലുങ്ക് റീമേക്ക് ആണ് ചിത്രം. കാമത്തിന്റെയും ആസക്തികളുടെയും സ്ത്രീ ലൈംഗികതയുടെയും കഥ പറഞ്ഞ ‘ലസ്റ്റ് സ്റ്റോറീസി’ൽ കെയ്റ അദ്വാനി ചെയ്ത കഥാപാത്രത്തെയാണ് അമല അവതരിപ്പിക്കുന്നത് എന്നും റിപ്പോർട്ടുകളുണ്ട്.
Read more: അമലയുമൊത്തുള്ള ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ല; പൂര്‍വ്വ കാമുകനെ വിലക്കി ഹൈക്കോടതി