മലയാളികളുടെ പ്രിയനായികമാരിൽ ഒരാളാണ് സംവൃത സുനിൽ. രഞ്ജിത്ത് സംവിധാനം ചെയ്ത ‘നന്ദന’ത്തിൽ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ സംവിധായകൻ ആദ്യം സമീപിച്ചത് സംവൃതയെ ആയിരുന്നു. എന്നാൽ അന്ന് ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്ന സംവൃത ആ ക്ഷണം നിരസിച്ചു. പിന്നീട് 2004ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘രസികൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃതയുടെ അരങ്ങേറ്റം.
അച്ഛനും അമ്മയ്ക്കും അനിയത്തിയ്ക്കുമൊപ്പമുള്ള സംവൃതയുടെ ഒരു കുട്ടിക്കാലചിത്രമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. സംവൃതയുടെ സഹോദരിയായ സംജുക്ത സുനിലാണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.
അഭിനയത്തിൽ സജീവമല്ലെങ്കിലും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങൾ സംവൃത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കുടുംബത്തോടൊപ്പം യുഎസിലാണ് സംവൃതയുടെ താമസം.
മൂത്ത മകൻ അഗസ്ത്യയ്ക്ക് അനിയനായി മറ്റൊരു കുഞ്ഞ് കൂടി ജീവിതത്തിലേക്ക് എത്തിയ സന്തോഷവും മകന്റെ ആദ്യപിറന്നാൾ വിശേഷങ്ങളുമെല്ലാം സംവൃത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. കുഞ്ഞിന് രുദ്ര എന്നാണ് പേരു നൽകിയതെന്നും സംവൃത പറഞ്ഞിരുന്നു.