മലയാളികളുടെ പ്രിയനായികമാരിൽ ഒരാളാണ് സംവൃത സുനിൽ. രഞ്ജിത്ത് സംവിധാനം ചെയ്ത ‘നന്ദന’ത്തിൽ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ സംവിധായകൻ ആദ്യം സമീപിച്ചത് സംവൃതയെ ആയിരുന്നു. എന്നാൽ അന്ന് ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്ന സംവൃത ആ ക്ഷണം നിരസിച്ചു. പിന്നീട് 2004ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘രസികൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃതയുടെ അരങ്ങേറ്റം.
സംവൃതയുടെ ഒരു കുട്ടിക്കാലചിത്രമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. സംവൃതയുടെ സഹോദരിയായ സംജുക്ത സുനിലാണ് ചിത്രം ഷെയർ ചെയ്തത്. മലയാള സിനിമയിലെ ഉയരം കൂടിയ നായികമാരിൽ ഒരാൾ കൂടിയായിരുന്നു സംവൃത. സംവൃതയ്ക്ക് 5 അടി 9 ഇഞ്ചിലേറെ ഉയരമുണ്ട്.
View this post on Instagram
അഭിനയത്തിൽ സജീവമല്ലെങ്കിലും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങൾ സംവൃത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കുടുംബത്തോടൊപ്പം യുഎസിലാണ് സംവൃതയുടെ താമസം. കഴിഞ്ഞ ഫെബ്രുവരിയിൽ മകൻ അഗസ്ത്യയ്ക്ക് അനിയനായി മറ്റൊരു കുഞ്ഞ് കൂടി ജീവിതത്തിലേക്ക് എത്തിയ സന്തോഷവും മകന്റെ ചോറൂൺ വിശേഷങ്ങളുമെല്ലാം സംവൃത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. കുഞ്ഞിന് രുദ്ര എന്നാണ് പേരു നൽകിയതെന്നും സംവൃത പറഞ്ഞിരുന്നു.
ഇക്കുറി ഭർത്താവിനും മക്കൾക്കും ഒപ്പമുള്ള മനോഹരമായ ഒരു നിമിഷത്തിന്റെ ഫോട്ടോയാണ് സംവൃത പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിൽ ഇളയമകൾ രുദ്രയെ എടുത്തുയർത്തുന്ന സംവൃതയേയും തൊട്ടടുത്തിരിക്കുന്ന ഭർത്താവ് അഖിലിനേയും മകൻ അഗസ്ത്യയേയും കാണാം.
View this post on Instagram
അടുത്തിടെ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ മക്കളെ കുറിച്ചുള്ള വിശേഷങ്ങൾ സംവൃത പങ്കുവച്ചിരുന്നു. “ഇത്രനാളും അഗസ്ത്യയെ ഒറ്റക്കുട്ടിയായി കൊഞ്ചിച്ചു വളർത്തിയിട്ട് പുതിയ കുഞ്ഞു വരുമ്പോൾ എന്തു സംഭവിക്കുമെന്ന് എനിക്ക് ടെൻഷനുണ്ടായിരുന്നു. ഇവിടെ ആറാം മാസത്തെ സ്കാനിംഗിൽ തന്നെ കുട്ടി ആണോ പെണ്ണോ എന്നു പറയും. ആൺ കുട്ടിയാണെന്നറിഞ്ഞപ്പോൾ അഗസ്ത്യ വളരെ ആവേശത്തിലായിരുന്നു. അവനാണ് രുദ്രയെ രൂറു എന്നു വിളിച്ചു തുടങ്ങിയത്. ഇപ്പോൾ രുദ്രയുടെ ഡയപ്പർ മാറ്റാനും കാര്യങ്ങൾ ചെയ്യാനുമെല്ലാം സഹായിക്കും. സ്നേഹം വന്നാൽ പിന്നെ ഉമ്മ വച്ചു ശരിയാക്കും. എത്ര മോശം മൂഡിലാണെങ്കിലും അഗസ്ത്യ കൊഞ്ചിച്ചാൽ രൂറുവും ഹാപ്പിയാണ്. അവരിപ്പോഴേ നല്ല കൂട്ടുകാരാണ്,” സംവൃത പറയുന്നു.
അഖിൽ രാജ് ആണ് സംവൃതയുടെ ഭർത്താവ്. 2012 ലായിരുന്നു അഖിൽ രാജുമായുളള സംവൃതയുടെ വിവാഹം. 2015 ഫെബ്രുവരി 21 നായിരുന്നു മകൻ അഗസ്ത്യയുടെ ജനനം. വിവാഹശേഷം അഭിനയത്തിൽനിന്നും വിട്ടുനിന്ന സംവൃത 2019 ൽ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. ബിജു മേനോന്റെ നായികയായിട്ടായിരുന്നു സംവൃതയുടെ മടങ്ങിവരവ്.
“വിവാഹം കഴിഞ്ഞപ്പോൾ സിനിമയിലേക്ക് മടങ്ങിവരണം എന്ന തീരുമാനമൊന്നും ഉണ്ടായിരുന്നില്ല. യുഎസിലാണ് താമസിക്കാൻ പോകുന്നതെന്ന് അറിയാമായിരുന്നു. അവിടെനിന്നും ഇവിടെ വന്നു സിനിമ ചെയ്യുക എന്നത് സാധിക്കില്ലെന്ന് അറിയാം. പിന്നെ വിവാഹ ശേഷം ഞാൻ എടുത്ത തീരുമാനമായിരുന്നു സിനിമ ചെയ്യേണ്ട എന്ന്. കരിയറിൽ വളരെ തിരക്കുളള സമയത്തായിരുന്നു എന്റെ വിവാഹം. ആ തിരക്കുകളിൽനിന്നും മാറി കുടുംബ ജീവിതം ആസ്വദിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. എന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു അത്,” സിനിമയിൽ നിന്നും മാറിനിന്നതിനെ കുറിച്ച് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിൽ സംവൃത പറഞ്ഞതിങ്ങനെ.
Read More: ഇവിടെ ഇത് ശരത്കാലം; മക്കൾക്കൊപ്പമുള്ള ചിത്രവുമായി സംവൃത