മലയാളസിനിമയിലെ അഭിമാനതാരങ്ങളിലൊരാളായ പാർവതി തിരുവോത്തിന്റെ കുട്ടികാല ചിത്രമാണിത്. 2006ൽ ‘ഔട്ട് ഓഫ് സിലബസ്’ എന്ന ചിത്രത്തിലൂടെ സഹനടിയായി എത്തി മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാനപുരസ്കാരം വരെ സ്വന്തമാക്കിയ അഭിനേത്രി. പിന്നീട് വ്യത്യസ്തമാർന്ന കഥാപാത്രങ്ങളിലൂടെ പാർവതി തന്റെ കരിയർ സ്റ്റോമ്പിളാക്കി മാറ്റി. വെള്ളിയാഴ്ചയായിരുന്നു പാർവതിയുടെ പിറന്നാൾ ദിവസം. അനവധി താരങ്ങൾ പാർവതിയ്ക്ക് ആശംസകൾ അറിയിച്ച് ചിത്രങ്ങൾ പങ്കുവച്ചിരുന്നു.
പാർവതിയുടെ സഹോദരന്റെ പിറന്നാൾ ദിവസമാണിന്ന്. ആശംസകളറിയിച്ച് കുട്ടികാല ചിത്രം ഷെയർ ചെയ്തിരിക്കുകയാണ് താരം. 1993 കാലഘട്ടത്തിൽ താജ്മഹലിനു മുൻപിൽ ഇരുവരും നിൽക്കുന്ന ചിത്രമാണ് പാർവതി പങ്കുവച്ചത്. അടുത്തടുത്ത ദിവസങ്ങളിൽ സഹോദരനുമായി പിറന്നാൾ ഷെയർ ചെയ്യാനായത് സന്തോഷം എന്നാണ് താരം കുറിച്ചത്.
പന്ത്രണ്ടാംക്ലാസിൽ പഠിക്കുമ്പോൾ കിരൺ ടിവിയിൽ അവതാരകയായിരിക്കെയാണ് ‘ഔട്ട് ഓഫ് സിലബസ്’ എന്ന ചിത്രത്തിലേക്ക് പാർവതിയ്ക്ക് അവസരം ലഭിക്കുന്നത്. പിന്നീട് നോട്ട്ബുക്ക് (2006), സിറ്റി ഓഫ് ഗോഡ് (2011), മരിയാൻ (2013), ബാംഗ്ലൂർ ഡെയ്സ് ( 2014), എന്ന് നിന്റെ മൊയ്തീൻ (2015), ചാർലി (2015), ടേക്ക് ഓഫ്, ഉയരെ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെ മികച്ച അഭിനേത്രികളിൽ ഒരാളായി മാറുകയായിരുന്നു പാർവതി. 2015, 2017 വർഷങ്ങളിൽ കേരള സംസ്ഥാന സർക്കാരിന്റെ മികച്ച നടിയ്ക്കുള്ള പുരസ്കാരവും പാർവതിയെ തേടിയെത്തി.
ലിനി ജോസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ഹെർ’ ആണ് പാർവതിയുടെ പുതിയ ചിത്രം. പാ രഞ്ജിത്ത് – വിക്രം ചിത്രം ‘തങ്കാല’നിലും പാർവതി വേഷമിടുന്നുണ്ട്.