ലോക്ക്ഡൗണ് കാലത്തെ വിരസതയകറ്റാൻ സമൂഹമാധ്യമങ്ങളിൽ സജീവമാണ് സിനിമ താരങ്ങൾ. പഴയ ഓർമകളും ബാല്യകാല ചിത്രങ്ങളും പൊടിതട്ടിയെടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയാണ് താരങ്ങൾ. ഇക്കുറി മലയാളികളുടെ പ്രിയതാരം പാർവ്വതി തിരുവോത്താണ് തന്റെ ബാല്യകാല ചിത്രം പങ്കുവച്ചിരിക്കുന്നത്. ഒപ്പം സഹോദരനുമുണ്ട്.
മുൻപും തന്റെ കുട്ടിക്കാലചിത്രം പാർവ്വതി ഷെയർ ചെയ്തിരുന്നു. ക്യാമറ കണ്ടാൽ പേടിയായിരുന്ന കുട്ടിയെ നിർബന്ധിച്ച് ഫോട്ടോ എടുക്കാൻ കൊണ്ടു പോയി നിർത്തിയതും ചിരിക്കാൻ വിസമ്മതിച്ചപ്പോൾ ചിരിച്ചാൽ ജെംസ് മിഠായി വരും എന്ന് പറഞ്ഞ് പറ്റിച്ച കഥയുമെല്ലാം പാർവ്വതി ചിത്രത്തോടൊപ്പം കുറിക്കുന്നു. എന്നാൽ ജെംസും വന്നില്ല, ഒരു കുന്തോം വന്നില്ല, ഒരു വിചിത്രമായ ചിരിയുമായി ഞാൻ അവിടെ പ്ലിങ്ങി നിന്നു എന്നാണ് പാർവ്വതി പറയുന്നത്.
ഔട്ട് ഓഫ് സിലബസ് എന്ന 2006ൽ പുറത്തിറങ്ങിയ ചിത്രത്തിലൂടെയാണു പാർവ്വതി അഭിനയരംഗത്തെത്തുന്നത്. നോട്ട്ബുക്ക് (2006), സിറ്റി ഓഫ് ഗോഡ് (2011), മരിയാൻ (2013), ബാംഗ്ലൂർ ഡെയ്സ് ( 2014), എന്ന് നിന്റെ മൊയ്തീൻ (2015), ചാർലി (2015) ടേക്ക് ഓഫ്, ഉയരെ(2019) എന്നീ ചിത്രങ്ങളിൽ പാർവ്വതി അഭിനയിച്ച കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടു. 2015-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ എന്ന് നിന്റെ മൊയ്തീൻ, ചാർലി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. ‘ടേക്ക് ഓഫി’ലെ പ്രകടനത്തിന് മികച്ച നടിയ്ക്കുള്ള 2017 ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും പാർവതിയ്ക്ക് ലഭിച്ചു.
Read more: നിങ്ങളൊരു അത്ഭുതമാണ് പാർവതി; വേറിട്ട കുറിപ്പുമായി യുവകഥാകൃത്ത്