സഹോദരിയുടെ ജന്മദിനത്തിൽ ഓർമകളുടെ ആൽബത്തിൽ നിന്നും ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയാണ് നടനും സംവിധായകനുമായ സഹോദരൻ. നടി മഞ്ജുവാര്യരുടെ കുട്ടിക്കാലചിത്രമാണ് മധുവാര്യർ ഇന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. താനാദ്യമായി സംവിധാനം ചെയ്യുന്ന ‘ലളിതം സുന്ദരം’ എന്ന ചിത്രത്തിന്റെ പേരിലാണ് സഹോദരിയ്ക്കായി മധു വാര്യർ ജന്മദിനാശംസകൾ കൈമാറിയിരിക്കുന്നത്.

 

View this post on Instagram

 

@manju.warrier

A post shared by Madhu Wariar (@madhuwariar) on

മലയാളികളുടെ പ്രിയതാരം മഞ്ജുവിന് ജന്മദിനാശംസകൾ നേരുന്ന തിരക്കിലാണ് സുഹൃത്തുക്കളും സഹപ്രവർത്തകരും ആരാധകരുമെല്ലാം. നടിമാരും മഞ്ജുവിന്റെ അടുത്ത ചങ്ങാതിമാരുമായ പൂർണിമ ഇന്ദ്രജിത്ത്, ഗീതു മോഹൻദാസ് എന്നിവരെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ആശംസകൾ പങ്കുവെച്ചിട്ടുണ്ട്.

Read more: എന്റേതെന്ന് ഗീതു, ഞാൻ നമ്മളെ സ്നേഹിക്കുന്നെന്ന് പൂർണിമ; മഞ്ജുവിന് പിറന്നാൾ ആശംസകൾ

മഞ്ജുവിനൊപ്പമുള്ള തന്റെ ഒരു കുട്ടിക്കാലചിത്രവും അടുത്തിടെ മധുവാര്യർ പങ്കുവച്ചിരുന്നു. അച്ഛന്റെ കൈകളിൽ ഇരിക്കുന്ന കുഞ്ഞു മഞ്ജുവിനെയും മധുവിനെയുമാണ് ചിത്രത്തിൽ കാണാൻ കഴിയുക.

നടനായി മലയാളികളുടെ മനസ്സിൽ ഇടം നേടിയ മധുവാര്യർ സംവിധാനരംഗത്തേക്കും ചുവടുവെച്ചിരിക്കുകയാണ് ഇപ്പോൾ. സഹോദരന് കരുത്തുനൽകി മഞ്ജുവുമുണ്ട് കൂടെ. ‘ലളിതം സുന്ദരം’ എന്ന ചിത്രത്തിലൂടെ മധുവാര്യർ സംവിധായകനാവുമ്പോൾ സെഞ്ചുറിയുടെ സഹകരണത്തോടെ ചിത്രം നിർമിക്കുന്നത് മഞ്ജു വാര്യർ ആണ്. മഞ്ജു വാര്യർ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. ബിജു മേനോനും മഞ്ജുവാര്യരുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വണ്ടിപ്പെരിയാറുള്ള മൗണ്ട് ബംഗ്ലാവിലാണ് ചിത്രത്തിന് തുടക്കം കുറിച്ചത്. പി സുകുമാർ ചിത്രത്തിന്റെ ഛായാഗ്രഹണവും പ്രമോദ് മോഹൻ തിരക്കഥയും ഒരുക്കുന്നു. ബിജിബാലാണ് സംഗീതം ഒരുക്കുന്നത്. ചിത്രത്തിൽ ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, രഘുനാഥ് പലേരി, സറീന വഹാബ്, ദീപ്തി സതി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

‘ദ ക്യാമ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളസിനിമയിൽ മധു വാര്യരുടെ അരങ്ങേറ്റം. ഇരുപതോളം ചിത്രങ്ങളിൽ അഭിനയിച്ച മധു വാര്യർ നിർമ്മാതാവായും പ്രവർത്തിച്ചിരുന്നു. പി. സുകുമാറിനൊപ്പം ചേർന്ന് കളർ ഫാക്ടറി എന്നൊരു പ്രൊഡക്ഷൻ ഹൗസും നടത്തിയ മധു വാര്യർ ‘സ്വ.ലേ’, ‘മായാമോഹിനി’ എന്നിങ്ങനെ രണ്ടു ചിത്രങ്ങളും നിർമ്മിച്ചിരുന്നു.

Read more: കോലോത്തെ തമ്പുരാട്ടിയാടോ പ്രൊഫസ്സറെ; ‘മണി ഹെയ്സ്റ്റ്’ ടീമിന് മഞ്ജു വാര്യരെ പരിചയപ്പെടുത്തി രമേഷ് പിഷാരടി

ഇരുപതുവർഷങ്ങൾക്കു ശേഷം മഞ്ജു വാര്യർ ബിജു മേനോന്റെ നായികയായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘കണ്ണെഴുതി പൊട്ടുംതൊട്ട് (1999)’ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. അൽപ്പം നെഗറ്റീവ് ഷെയ്ഡുള്ള ഉത്തമൻ എന്ന കഥാപാത്രമായി ബിജു മേനോൻ എത്തിയപ്പോൾ, ഭദ്ര എന്ന കരുത്തയായ സ്ത്രീ കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook