മലയാള സിനിമയിലെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ താരമാണ് നൈല ഉഷ. തുടർച്ചയായി സിനിമകളിൽ അഭിനയിക്കുന്നില്ലെങ്കിലും മലയാളികൾക്ക് പ്രിയങ്കരിയാണ് നൈല. ഇപ്പോഴിതാ, നൈല ഉഷയുടെ കുട്ടിക്കാലത്തു നിന്നുള്ള ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്.
മുല്ലപ്പൂ ചൂണ്ടി കസവു മുണ്ടുടുത്ത് കേരള മങ്കയായി കൂട്ടുകാരികൾക്കൊപ്പം നിൽക്കുന്ന നൈലയെ ആണ് ചിത്രത്തിൽ കാണാനാവുക. നൈല തന്നെയാണ് ഈ ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
മമ്മൂട്ടിയുടെ നായികയായി സിനിമയിൽ തുടക്കം കുറിച്ച നടിയാണ് നൈല ഉഷ. റേഡിയോ ജോക്കിയായി ജോലി ചെയ്യുന്നതിനിടയിലാണ് ‘കുഞ്ഞനന്തന്റെ കട’ എന്ന ചിത്രത്തിലൂടെ നൈല സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഗ്യാങ്ങ്സ്റ്റർ, ഫയർമാൻ, പത്തേമാരി തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളിലും നൈല അഭിനയിച്ചു. പുണ്യാളൻ അഗർബത്തീസ്, പ്രേതം, ദിവാൻജിമൂല, ലൂസിഫർ എന്നിവയാണ് നൈലയുടെ മറ്റു ചിത്രങ്ങൾ.
ജോഷി സംവിധാനം ചെയ്ത ‘പൊറിഞ്ചു മറിയം ജോസ്’ ആണ് നൈലയുടെ അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം. ജോജു ജോർജും നൈല ഉഷയും ചെമ്പൻ വിനോദും ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച ‘പൊറിഞ്ചു മറിയം ജോസ്’ മൂന്നു കളിക്കൂട്ടുകാരുടെ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥയാണ് പറഞ്ഞത്. ചിത്രത്തിൽ നൈല അവതരിപ്പിച്ച മറിയം എന്ന കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.