ചെറിയ വേഷങ്ങളിൽ തുടങ്ങി പിന്നീട് മലയാളത്തിലെ മുൻനിര നായികമാരുടെ കൂട്ടത്തിലേക്ക് എത്തിയ നടിയാണ് സുരഭി ലക്ഷ്മി. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാർഡും സുരഭിയെ തേടിയെത്തി. മീഡിയ വൺ ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ‘എം80 മൂസ’യിലെ കഥാപാത്രമാണ് സുരഭിയുടെ കരിയറിൽ വഴിത്തിരിവായത്.
ഇപ്പോഴിതാ, കുട്ടിക്കലത്ത് അയൽപക്കത്തെ വീട്ടിലെ കല്യാണത്തിന് ഡാൻസ് കളിക്കുന്ന സുരഭിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. “അയൽപക്കത്തെ കല്യാണത്തലേന്ന് എന്റെ വക ഒരു നൃത്തം….. നൊസ്റ്റാൾജിയോ നൊസ്റ്റാൾജിയ…..” എന്ന അടികുറിപ്പോടെ സുരഭി തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം പങ്കുവച്ചത്. 1997 ഏപ്രിൽ ആറിന് എടുത്ത വീഡിയോയാണിതെന്നും സുരഭി കുറിച്ചിട്ടുണ്ട്.
മമ്മൂട്ടി നായകനായ ഹിറ്റ്ലർ എന്ന ചിത്രത്തിലെ ‘കിതച്ചെത്തും കാറ്റേ’ എന്ന ഗാനത്തിനാണ് സുരഭി ചുവടുവയ്ക്കുന്നത്. ‘മാസ്മരിക ചുവടുകൾ’ എന്നാണ് ഒരാൾ വീഡിയോക്ക് കമന്റ് ചെയ്തിരിക്കുന്നത് . നിരവധി പേരാണ് ഡാൻസ് കളിക്കുന്ന കൊച്ചു സുരഭിയുടെ എനർജിയ്ക്ക് കയ്യടിക്കുന്നത്.
കള്ളൻ ഡിസൂസ, ആണ് സുരഭിയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമ. അനൂപ് മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പദ്മയാണ് സുരഭിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.
Also Read: സ്വർഗത്തിൽ അച്ചച്ചനെ കണ്ടോ?; ഡാഡിയ്ക്ക് അല്ലി മോളുടെ കത്ത്