ഒരു വ്യക്തിയെപ്പോലെ ഏഴു പേര്‍ ഭൂമിയിലുണ്ടാകുമെന്നു പറയാറുണ്ട്. സിനിമയിലും രൂപസാദൃശ്യംകൊണ്ട് ശ്രദ്ധ നേടിയവരുണ്ട്. ഇവരാണു മലയാള സിനിമയിലെ അപരര്‍. മുഖസാദൃശ്യം കൊണ്ട് മലയാള സിനിമയില്‍ ശ്രദ്ധനേടിയ ചിലരെക്കുറിച്ച് അറിയാം.

മോനിഷ – ചിപ്പി

monisha, chippi
1986ല്‍ പുറത്തിറങ്ങിയ നഖക്ഷതങ്ങള്‍ എന്ന ആദ്യ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരം നേടിയ നടിയാണ് മോനിഷ ഉണ്ണി. ഏഴു വര്‍ഷം മാത്രം നീണ്ടു നിന്ന സിനിമാ ജീവിതത്തിനിടയില്‍ നിരവധി പ്രശസ്ത സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിച്ചു. 21-ാം വയസ്സില്‍ ഒരു കാര്‍ അപകടത്തില്‍ മലയാളത്തിന്റെ പ്രിയ നടി വിടപറഞ്ഞു.

പാഥേയം എന്ന ഭരതന്‍ ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ചിപ്പിയുടെ യഥാര്‍ഥ പേര് ദിവ്യ എന്നാണ്. കന്നട ചലച്ചിത്രലോകത്ത് ശില്പ എന്ന പേരിലും ചിപ്പി അറിയപ്പെടുന്നു. 2000ല്‍ പുറത്തിറങ്ങിയ കാറ്റു വന്നു വിളിച്ചപ്പോള്‍ എന്ന ചിത്രത്തിനു ശേഷം മലയാളത്തില്‍ സീരിയലുകളിലാണ് ചിപ്പി ശ്രദ്ധ കേന്ദ്രീകരിച്ചത്. സംവിധായകന്‍ രഞ്ജിത്താണ് ഭര്‍ത്താവ്.

മീര ജാസ്മിന്‍ – സുജിത

meera-sujitha
ജാസ്മിന്‍ മേരി ജോസഫ് എന്ന തിരുവല്ലക്കാരി മീര ജാസ്മിന്‍ ആയത് 2001ല്‍ പുറത്തിറങ്ങിയ ലോഹിതദാസ് ചിത്രം സൂത്രധാരനിലൂടെയാണ്. നിരവധി ഹിറ്റ് മലയാള ചിത്രങ്ങളുടെ ഭാഗമായ മീര തമിഴിലും തെലുങ്കിലും കന്നടയിലും താരറാണിമാരിലൊരാളായി. 2014ല്‍ ദുബായില്‍ എന്‍ജിനീയറായ അനില്‍ ജോണ്‍ ടൈറ്റസിനെ വിവാഹം ചെയ്തതോടെ അഭിനയരംഗത്തുനിന്നും താല്‍ക്കാലികമായി മാറിനിന്നു. ഈ വര്‍ഷം പുറത്തിറങ്ങിയ പത്തു കല്പനകള്‍ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയില്‍ സജീവയായി.

മലയാളം, തമിഴ്, കന്നട, തെലുങ്ക് തുടങ്ങിയ ഭാഷകളിലെല്ലാം സിനിമ-സീരിയല്‍ രംഗത്ത് സജീവയാണ് സുജിത. ഹിന്ദിയുള്‍പ്പെടെ നൂറിലധികം സിനിമാ, സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. 1983ല്‍ തമിഴില്‍ ബാലതാരമായിട്ടായിരുന്നു അരങ്ങേറ്റം. പരസ്യ ചിത്ര സംവിധായകനായ ധനുഷാണ് ഭര്‍ത്താവ്.

നീരജ് മാധവ് – ശ്രീനാഥ് ഭാസി

neeraj-sreenath
2013ല്‍ ബഡ്ഡി എന്ന ചിത്രത്തിലൂടെയായിരുന്നു നീരജ് മാധവിന്റെ സിനിമാ പ്രവേശം. നര്‍ത്തകന്‍ കൂടിയായ നീരജിന്റെ ദൃശ്യം, സപ്തമശ്രീ തസ്‌കരാഹ എന്നീ ചിത്രങ്ങള്‍ ഏറെ ശ്രദ്ധേയമായി. 2015ല്‍ ഇറങ്ങിയ ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ സിനിമയില്‍ കൊറിയോഗ്രാഫറുമായി.

നടനും ഗായകനും മോഡലുമായ ശ്രീനാഥ് ഭാസിയുടെ സിനിമയിലെ അരങ്ങേറ്റം 2012ല്‍ ഇറങ്ങിയ പ്രണയം എന്ന ചിത്രത്തിലൂടെയായിരുന്നു. ശ്രീനാഥ് പാടിയ ഡാ തടിയാ എന്ന ചിത്രത്തിലെ ഓ മൈ പഞ്ചസാര എന്ന ഗാനം ഹിറ്റായിരുന്നു. അനുരാഗ കരിക്കിന്‍ വെള്ളം, ഹണി ബീ, ജേക്കബിന്റെ സ്വര്‍ഗരാജ്യം തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു.

രചന നാരായണന്‍കുട്ടി – ശ്രിന്ദ അര്‍ഹാന്‍

rachana narayanankutty, srinda arhan

2001ല്‍ പുറത്തിറങ്ങിയ തീര്‍ഥാടനം എന്ന ചിത്രത്തിലൂടെയാണ് രചന നാരാണന്‍കുട്ടി സിനിമയില്‍ എത്തിയെങ്കിലും മറിമായം എന്ന സീരിയലിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. നിരവധി ചിത്രങ്ങളില്‍ ഇതിനോടകം വേഷമിട്ട രചന കുച്ചുപ്പുടി കലാകാരി കൂടിയാണ്. അധ്യാപികയായ രചന കുറച്ചുകാലം റേഡിയോ ജോക്കിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായും വിധികര്‍ത്താവായും തിരശ്ശീലയില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്നു.

ശ്രിന്ദ അര്‍ഹാന്‍ സിനിമയിലെത്തുന്നത് 2010ലെ ഫോര്‍ ഫ്രണ്ട്സ് എന്ന ചിത്രത്തിലൂടെയാണ്. 1983 എന്ന ചിത്രത്തിലെ സുശീല എന്ന കഥാപാത്രം ശ്രിന്ദയുടെ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായി. കുഞ്ഞിരാമായണം, അമര്‍ അക്ബര്‍ ആന്റണി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

വിജയ് ബാബു – രഞ്ജിത്

vijay-ranjith
മീഡിയ എക്സിക്യൂട്ടിവായി പ്രൊഫഷനല്‍ ജീവിതം ആരംഭിച്ച വിജയ് ബാബു പിന്നീട് ദുബായില്‍ ബിസിനസ് ആരംഭിച്ചു. 1983ല്‍ സൂര്യന്‍ എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചു. 2011 ല്‍ പുറത്തിറങ്ങിയ ത്രീ കിങ്‌സ് എന്ന ചിത്രത്തിലൂടെ നടനായി തിരിച്ചെത്തി. നടി സാന്ദ്ര തോമസുമായി ചേര്‍ന്ന് തുടങ്ങിയ ഫ്രൈഡേ ഫിലിം ഹൗസിലൂടെ നിര്‍മാതാവുമായി. സ്മിത വിജയ് ആണ് ഭാര്യ.

എണ്‍പതുകളില്‍ ദൂരദര്‍ശനുവേണ്ടി സീരിയലിനും സ്‌കിറ്റിനുമായി തിരക്കഥകള്‍ എഴുതിയായിരുന്നു രഞ്ജിത്തിന്റെ കരിയര്‍ തുടക്കം. 1988 മുതല്‍ സിനിമകളില്‍ കഥയും തിരക്കഥയും എഴുതി സജീവനായ അദ്ദേഹം പിന്നീട് നടനും നിര്‍മാതാവുമായി. 2001ല്‍ ഇറങ്ങിയ രാവണപ്രഭു മുതല്‍ സ്വതന്ത്ര സംവിധായകനായി. അതിനുശേഷം രഞ്ജിത് നിരവധി ഹിറ്റ് ചിത്രങ്ങളുടെ അമരക്കാരനായി. ശ്രീജ രഞ്ജിത്താണ് ഭാര്യ.

രംഭ – ദിവ്യ ഭാരതി

divya-rambha
ആന്ധ്രയിലെ വിജയവാഡയില്‍ ജനിച്ച വിജയലക്ഷ്മി സിനിമയില്‍ എത്തിയതിനു ശേഷമാണ് രംഭ എന്ന പേര് സ്വീകരിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ബംഗാളി, ബോജ്പൂരി ഭാഷകളിലായി നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2010ല്‍ വിവാഹശേഷം അഭിനയത്തോട് വിട പറഞ്ഞു. ബിസിനസ്സുകാരനായ ഇന്ദ്രന്‍ പത്മനാഥനാണ് ഭര്‍ത്താവ്.

ഹിന്ദിയിലെയും തെലുങ്കിലെയും തൊണ്ണൂറുകളിലെ ഭാഗ്യനായികയായിരുന്നു ദിവ്യ ഭാരതി എന്ന ദിവ്യ ഓം പ്രകാശ് ഭാരതി. 1990ല്‍ ബോബ്ലി രാജ എന്ന തെലുങ്ക് ചിത്രത്തിലൂടെ 16-ാം വയസ്സില്‍ നായികയായി. 18-ാം വയസ്സില്‍ സജിത് നദിയദ്വാലയെ വിവാഹം ചെയ്ത ദിവ്യ ഇസ്‌ലാ മതം സ്വീകരിച്ചു സന നദിയദ്വാല എന്നു പേര് മാറ്റി. 1993ല്‍ താമസിച്ചിരുന്ന ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍നിന്നു വീണ് മരിച്ചു. ദിവ്യ അഭിനയിച്ചുകൊണ്ടിരുന്ന ഒരു തെലുങ്ക് ചിത്രത്തിന്റെ ബാക്കി രംഭയെക്കൊണ്ട് അഭിനയിപ്പിച്ചാണു പൂര്‍ത്തിയാക്കിയത്.

പൂര്‍ണിമ ഭാഗ്യരാജ് – പൂര്‍ണിമ ഇന്ദ്രജിത്ത്

poornima-poornima
1980 മുതല്‍ 1985 വരെ കാലഘട്ടങ്ങളിലെ മലയാളം, തമിഴ് സിനിമകളിലെ താരറാണിയായിരുന്നു പൂര്‍ണിമ ജയറാം എന്ന പൂര്‍ണിമ ഭാഗ്യരാജ്. തമിഴില്‍ മോഹനും മലയാളത്തില്‍ ശങ്കറുമായിരുന്നു പൂര്‍ണിമയുടെ ഭാഗ്യജോഡികള്‍. ചില തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. തമിഴ് സംവിധായകനും നടനും നിര്‍മാതാവും തിരക്കഥാകൃത്തുമായ ഭാഗ്യരാജിനെ വിവാഹം ചെയ്ത നടി അതിനു ശേഷം കുറേക്കാലം അഭിനയത്തില്‍ നിന്നും വിട്ടുനിന്നു. 2013ല്‍ ആദലാല്‍ കാതല്‍ സെയ്‌വീര്‍ എന്ന തമിഴ് ചിത്രത്തിലൂടെ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തി.

മോഡലായി കരിയര്‍ തുടങ്ങിയ പൂര്‍ണിമ മോഹന്‍ നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. നര്‍ത്തകി കൂടിയായ പൂര്‍ണിമ, നടന്‍ ഇന്ദ്രജിത്തുമായുള്ള വിവാഹശേഷം അവതാരകയായും ടോക്ക് ഷോ ഹോസ്റ്റായുമെല്ലാം ലൈംലൈറ്റില്‍ തിളങ്ങി. പ്രാണ എന്ന സ്വന്തം ബൊട്ടീക് തുടങ്ങി ഫാഷന്‍ ഡിസൈനറായും പൂര്‍ണിമ ഇന്ദ്രജിത്ത് പേരെടുത്തു.

ശാരദ – പത്മപ്രിയ

sarada-padmapriya
തെലുങ്കാണ് സ്വന്തം ഭാഷയെങ്കിലും മലയാളത്തിലൂടെയാണ് മികച്ച അഭിനേത്രിയെന്ന പേര് ശാരദ നേടിയത്. ആന്ധ്ര സ്വദേശിയായ ശാരദ മൂന്നു തവണ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടി. അങ്ങനെ ഉര്‍വ്വശി ശാരദ എന്ന പേരും കിട്ടി. മലയാളം കൂടാതെ മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും ശാരദ അഭിനയിച്ചിട്ടുണ്ട്.

2004ല്‍ സീനു വസന്തി ലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന പത്മപ്രിയ ജാനകിരാമന്‍ ഭരതനാട്യം നര്‍ത്തകിയും മോഡലും കൂടിയാണ്. മലയാളത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച കാഴ്ച എന്ന ചിത്രം ഏറെ ശ്രദ്ധ നേടി. തുടര്‍ന്ന് മലയാളം, തമിഴ്, തെലുങ്ക്, ബംഗാളി, ഹിന്ദി ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 2014ല്‍ ഗുജറാത്ത് സ്വദേശിയായ ജാസ്മിന്‍ ഷായെ വിവാഹം കഴിച്ചു.

അസിന്‍ – ഷംന കാസിം

asin-shamna
തെന്നിന്ത്യന്‍ സിനിമകളില്‍ നിന്ന് ബോളിവുഡിലേക്ക് ചേക്കേറിയ മലയാളി നടിയാണ് അസിന്‍ തോട്ടുങ്കല്‍. എട്ട് ഭാഷകള്‍ സംസാരിക്കുന്ന അസിന്‍, നടി പത്മിനിക്ക് ശേഷം അഭിനയിച്ച എല്ലാ ഭാഷകളിലെ ചിത്രങ്ങളിലും സ്വയം ഡബ്ബ് ചെയ്ത നടി കൂടിയാണ്. 2001ല്‍ സത്യന്‍ അന്തിക്കാടിന്റെ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ കൊച്ചിക്കാരിയായ അസിന്‍ പിന്നീട് കോളിവുഡിന്റെ റാണിയായി മാറി. നിരവധി ബ്രാന്‍ഡുകള്‍ക്ക് മോഡലായ അസിന്‍ പല കമ്പനികളുടെയും ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ്. മൈക്രോമാക്സ് സ്ഥാപകനായ രാഹുല്‍ ശര്‍മ്മയെ 2016ല്‍ വിവാഹം ചെയ്ത ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.

ക്ലാസിക്കല്‍ ഡാന്‍സറായി കരിയര്‍ തുടങ്ങിയ ഷംന കാസിം, ഒരു റിയാലിറ്റി ഷോയിലൂടെയാണ് താരമായി മാറിയത്. 2004ല്‍ ഇറങ്ങിയ മഞ്ഞ് പോലൊരു പെണ്‍കുട്ടിയിലൂടെ സിനിമയിലെത്തി. അന്നു മുതല്‍ നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് തെന്നിന്ത്യന്‍ സിനിമയില്‍ സജീവം.

സുമലത – നമിത പ്രമോദ്

namita pramod, sumalatha
തമിഴ്‌നാട്ടിലെ ഒരു തെലുങ്ക് കുടുംബത്തിൽ ജനിച്ച സുമലത ആന്ധ്ര പ്രദേശിലെ സൗന്ദര്യ മത്സരത്തിൽ വിജയിയായതോടെയാണ് സിനിമയിലേക്ക് വരുന്നത്. 15-ാം വയസ്സിൽ തമിഴ് സിനിമയിലൂടെ അരങ്ങേറ്റം നടത്തിയ സുമലത മലയാളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ ചിത്രങ്ങളിലും ഹിന്ദിയിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1991ൽ നടനും രാഷ്ട്രീയ പ്രവർത്തകനുമായ അംബരീഷിനെ വിവാഹം ചെയ്‌തു. നിറക്കൂട്ട്, താഴ്‌വാരം, തൂവാനത്തുമ്പികൾ തുടങ്ങിയ എക്കാലത്തേയും ഹിറ്റ് മലയാള ചിത്രങ്ങളിലെല്ലാം സുമലതയായിരുന്നു നായിക. മലയാളത്തിൽ സജീവമല്ലെങ്കിലും കന്നടയിലും തെലുങ്കിലും ഇപ്പോഴും സുമലത സജീവമായി നിൽക്കുന്നു.

വേളാങ്കണ്ണി മാതാവ് എന്ന സീരിയലിലൂടെ ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്ത് അഭിനയത്തിലേക്ക് വന്ന നടിയാണ് നമിത പ്രമോദ്. തുടർന്ന് രാജേഷ് പിള്ള സംവിധാനം ചെയ‌ത ട്രാഫിക് എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം നടത്തിയ നമിത പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെ നായികയായി. മലയാളം കൂടാതെ തമിഴിലും തെലുങ്കിലും നമിത അഭിനയിച്ചിട്ടുണ്ട്. എറണാകുളം സെന്റ് തെരേസാസ് കോളജിൽ ബിരുദ വിദ്യാർഥിനിയാണ് നമിതയിപ്പോൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook