ഇന്ത്യന്‍ സിനിമയിലെ ആദ്യ ലേഡി സൂപ്പര്‍സ്റ്റാര്‍ ശ്രീദേവിയുടെ വിയോഗം ഞെട്ടലോടെയായിരുന്നു മലയാള സിനിമാ ലോകവും കേട്ടത്. 1969ല്‍ പുറത്തിറങ്ങിയ പൂമ്പാറ്റ എന്ന ചിത്രത്തില്‍ ബാലതാരമായായിരുന്നു മലയാള സിനിമയിലെ ശ്രീദേവിയുടെ അരങ്ങേറ്റം. ഇരുപത്തിയാറു മലയാള ചിത്രങ്ങളില്‍ വേഷമിട്ടു. ശ്രീദേവിയുടെ മരണത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, പാര്‍വ്വതി, നിവിന്‍ പോളി തുടങ്ങി മലയാളത്തിലെ വിവിധ തലമുറയിലെ താരങ്ങളും അനുശോചനമറിയിച്ചു.

ബന്ധുവും ബോളിവുഡ് താരവുമായ മോഹിത് മാര്‍വയുടെ വിവാഹ വിരുന്നില്‍ പങ്കെടുക്കാന്‍ കുടുംബത്തോടൊപ്പം ദുബായിയില്‍ എത്തിയതായിരുന്നു ശ്രീദേവി. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ഭര്‍ത്താവ് ബോണികപൂറും മകള്‍ ഖുഷിയും മരണസമയത്ത് ഒപ്പമുണ്ടായിരുന്നു.

1963ല്‍ തമിഴ് നാട്ടിലെ ശിവകാശിയില്‍ ജനിച്ച ശ്രീദേവി നാല് വയസ്സില്‍ ‘തുണൈവന്‍’ എന്ന ചിത്രത്തില്‍ ബാല താരമായി സിനിമയില്‍ എത്തി. മലയാളത്തില്‍ ‘പൂമ്പാറ്റ’ എന്ന ചിത്രത്തില്‍ മികച്ച ബാലനടിയ്ക്കുള്ള അവാര്‍ഡ് കരസ്ഥമാക്കി. 1975ല്‍ ബോളിവുഡില്‍ രംഗപ്രവേശം, ‘ജൂലി’ എന്ന ചിത്രത്തിലൂടെ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ