പൃഥ്വിരാജ്-ഇന്ദ്രജിത്ത്, വിനീത് ശ്രീനിവാസൻ- ധ്യാൻ ശ്രീനിവാസൻ, വിനു മോഹൻ- അനു മോഹൻ എന്നിങ്ങനെ മലയാളസിനിമയിൽ സജീവമായി നിൽക്കുന്ന നിരവധി താരസഹോദരങ്ങളുണ്ട്. ഈ ചിത്രത്തിലെ സഹോദരന്മാരായ രണ്ടു കുട്ടികളും ഇന്ന് മലയാള പ്രേക്ഷകർക്ക് സുപരിചിതരാണ്.
നടനും ഡാൻസറുമായ നീരജ് മാധവിന്റെയും നടനും സംവിധായകനുമായ നവനീത് മാധവിന്റെയും കുട്ടിക്കാലചിത്രമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. കോഴിക്കോട് തിരുവണ്ണൂർ വെറ്റിനറി ഡോക്ടർ മാധവന്റെയും അദ്ധ്യാപികയായ ലതയുടെയും മക്കളാണ് നീരജും നവനീതും.
ചേട്ടനും മുൻപെ സിനിമയിലെത്തിയത് അനിയനാണ്. അമൃത ചാനലിൽ ടെലികാസ്റ്റ് ചെയ്ത റിയാലിറ്റി ഷോ സൂപ്പർ സ്റ്റാർ ജൂനിയറിലെ മൽസരാർത്ഥിയായിരുന്നു നവനീത്. തുടർന്ന് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കുട്ടികളുടെ സീരിയലായ ‘ഹലോ കുട്ടിച്ചാത്തനിലെ’ കേന്ദ്രകഥാപാത്രമായ കുട്ടിച്ചാത്തനെ അവതരിപ്പിച്ചു.
2009ൽ ശിവൻ സംവിധാനം ചെയ്ത ‘കേശു’ എന്ന ചിത്രത്തിലൂടെയായിരുന്നു നവനീതിന്റെ സിനിമ അരങ്ങേറ്റം. ചിത്രത്തിൽ കേന്ദ്രകഥാപാത്രമായ കേശുവിനെ അവതരിപ്പിച്ചത് നവനീത് ആയിരുന്നു. കുട്ടികൾക്കുള്ള മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരവും ചിത്രത്തിനു ലഭിച്ചു.
‘സുഴൽ’ എന്ന തമിഴ് ചലച്ചിത്രത്തിലും നവനീത് അഭിനയിച്ചു. നല്ലവൻ, ശിക്കാർ, മാണിക്ക്യ കല്ല് , കുഞ്ഞനന്തന്റെ കട തുടങ്ങിയ ചിത്രങ്ങളിലെ നവനീതിന്റെ അഭിനയവും ശ്രദ്ധ നേടിയിരുന്നു. നീരജിനെ നായകനാക്കി ‘എന്നിലെ വില്ലൻ’ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് ചലച്ചിത്ര സംവിധാന രംഗത്തേയ്ക്കും കടന്നിരിക്കയാണ് നവനീത്.
2013ല്‍ പുറത്തിറങ്ങിയ ‘ബഡ്ഡി’ എന്ന ചിത്രത്തിലൂടെയാണ് നീരജ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ദൃശ്യത്തിലെ മോനിച്ചന്‍ എന്ന കഥാപാത്രം നീരജിനെ ശ്രദ്ധേയനാക്കി. 1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്ക്കര, ഒരു വടക്കന്‍ സെല്‍ഫി തുടങ്ങി നിരവധി ചിത്രങ്ങളില്‍ നീരജ് വേഷമിട്ടു. ‘പൈപ്പിന്‍ ചുവട്ടിലെ പ്രണയം’ എന്ന ചിത്രത്തിലൂടെ നായകനായി. ‘ലവകുശ’ എന്ന ചിത്രത്തിന്റെ തിരക്കഥ നീരജിന്റേതായിരുന്നു. ബോളിവുഡ് വെബ്‌സീരീസായ ‘ദി ഫാമിലി മാൻ’ നീരജിന് കൂടുതൽ ആരാധകരെ നേടിക്കൊടുത്തു. ‘സുന്ദരി ഗാർഡൻസ്’ എന്ന ചിത്രമാണ് നീരജിന്റേതായി ഒടുവിൽ റിലീസിനെത്തിയ ചിത്രം.