അമ്മയുടെ വാർഷിക പൊതുയോഗം ഇന്ന് കൊച്ചിയിൽ നടന്നു. മലയാള സിനിമയിലെ മുന്നൂറിലധികം താരങ്ങളാണ് യോഗത്തിന് എത്തിയത്. ഒരു ഇടവേളയ്ക്ക് ശേഷം താരങ്ങൾ ഒത്തുചേർന്നതിന്റെ വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.
മോഹൻലാൽ, മമ്മൂട്ടി, ആസിഫ് അലി, ജയസൂര്യ, ബാബുരാജ്, രമേശ് പിഷാരടി, മഞ്ജു വാരിയർ, ശ്വേതാ മേനോൻ, മഞ്ജുപിള്ള, രചന നാരായണൻകുട്ടി, ഉണ്ണി മുകുന്ദൻ, ആന്റണി വർഗീസ്, ടിനി ടോം, ലാൽ തുടങ്ങി പ്രിയപ്പെട്ട താരങ്ങളെല്ലാം കൊച്ചിയിലെ ഹോട്ടലിൽ നടന്ന യോഗത്തിൽ എത്തിയിരുന്നു.
രാവിലെ പതിനൊന്ന് മണിയോടെ ആരംഭിച്ച യോഗം വൈകുന്നേരമാണ് അവസാനിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം അമ്മയിൽ തിരഞ്ഞെടുപ്പ് കൂടി നടന്ന യോഗമായിരുന്നു ഇന്നത്തേത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും മണിയൻപിള്ള രാജുവും തിരഞ്ഞെടുക്കപ്പെട്ടു. ഔദ്യോഗിക പാനലിൽ നിന്നും മത്സരിച്ച ആശാ ശരത്ത് പരാജയപ്പെട്ടു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ നിവിൻ പോളി, ഹണി റോസ് എന്നിവരും പരാജയപ്പെട്ടു.
നേരത്തെ പ്രസിഡന്റായി മോഹന്‍ലാലിനേയും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവിനേയും എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു. ട്രഷറർ സ്ഥാനത്തേക്ക് സിദ്ധിഖിനും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ജയസൂര്യക്കും എതിരെ ആരും നോമിനേഷൻ നൽകാതിരുന്നതിനാൽ തിരഞ്ഞെടുപ്പ് ഉണ്ടായിരുന്നില്ല.