മലയാളത്തിന്റെ സ്വന്തം ആക്ഷൻ ഹീറോയാണ് ബാബു ആന്റണി. മലയാള സിനിമയിൽ ബാബു ആന്റണി പഴയതു പോലെ അത്ര സജീവമല്ലെങ്കിലും ആക്ഷൻ ഹീറോ എന്ന ആ സ്ഥാനം കയ്യേറാൻ മറ്റൊരു നടനും ഇതുവരെ സാധിച്ചിട്ടില്ല. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് താരം.
തന്റെ കുട്ടിക്കാലചിത്രം ഷെയർ ചെയ്യുകയാണ് ബാബു ആന്റണി ഇപ്പോൾ. പിതാവിന്റെ ചരമവാർഷികദിനത്തിനോട് അനുബന്ധിച്ചാണ് അദ്ദേഹത്തോടൊപ്പമുള്ള പഴയൊരു ചിത്രം ബാബു ആന്റണി ഷെയർ ചെയ്തിരിക്കുന്നത്.
“എന്റെ പിതാവ്, ടിജെ ആന്റണി, 20 വർഷം മുൻപ് ഒരു ഫെബ്രുവരി 26നാണ് വിട പറഞ്ഞത്. അദ്ദേഹത്തിന്റെ മടിയിൽ ഇരിക്കുമ്പോൾ അനുഭവപ്പെട്ട അതേ സുരക്ഷിതത്വവും സ്നേഹവും ഊഷ്മളതയും എനിക്കിപ്പോഴും ഫീൽ ചെയ്യുന്നു. ഡാഡ്, നിങ്ങളുടെ ആത്മാവിനെ ദൈവം അനുഗ്രഹിക്കട്ടെ. എന്നെങ്കിലുമൊരിക്കൽ അവിടെ കാണാം. ഒരുപാട് സ്നേഹം,” ബാബു ആന്റണി കുറിച്ചു.
നായകനായും പ്രതിനായകനായും സഹനടനായും മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി, സിംഹള തുടങ്ങിയ ഭാഷകളിലെല്ലാം നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് ബാബു ആന്റണി. ‘കായംകുളം കൊച്ചുണ്ണി’യിലാണ് മലയാളി പ്രേക്ഷകർ അവസാനമായി ബാബു ആന്റണിയെന്ന ആക്ഷൻ ഹീറോയെ കണ്ടത്. കായംകുളം കൊച്ചുണ്ണിയുടെ കളരിപ്പയറ്റ് ആശാന്റെ വേഷത്തിലെത്തിയ ബാബു ആന്റണിയുടെ കഥാപാത്രം ഏറെ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്. ‘അടങ്ക മാറു’ എന്ന തമിഴ് ചിത്രത്തിലും ശ്രദ്ധേയമായൊരു കഥാപാത്രത്തെ താരം അവതരിപ്പിച്ചിരുന്നു.
അടുത്തിടെ ഹോളിവുഡിലും ബാബു ആന്റണി തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. വാരൻ ഫോസ്റ്റർ സംവിധാനം ചെയ്യുന്ന ‘ബുള്ളറ്റ്സ്, ബ്ലേഡ്സ്, ബ്ലഡ്’ എന്ന അമേരിക്കൻ ചിത്രത്തിലാണ് താരം അഭിനയിച്ചത്. ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘പവർ സ്റ്റാറാണ്’ ബാബു ആന്റണി മലയാളത്തിൽ ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം.
ബാബു ആന്റണിയുടെ മകൻ ആർതർ ആന്റണിയും അച്ഛന്റെ വഴിയെ സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. ചിത്രീകരണം പുരോഗമിക്കുന്ന ‘ദ ഗ്രേറ്റ് എസ്കേപ്പ്’ എന്ന ചിത്രത്തിലൂടെയാണ് ആർതർ ആന്റണിയുടെ അരങ്ങേറ്റം. മിക്സഡ് മാർഷ്യൽ ആർട്സിൽ ഫസ്റ്റ് ഡാൻ ബ്ളാക് ബെൽറ്റ് കരസ്ഥമാക്കിയ ആർതർ ഓഡിഷനിലൂടെയാണ് ‘ദ ഗ്രേറ്റ് എസ്കേപ്പ്’ എന്ന ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മുൻപ് ഇടുക്കി ഗോൾഡിലും ആർതർ ചെറിയൊരു വേഷം ചെയ്തിരുന്നു. മുൻപും അവസരങ്ങൾ ഈ പതിനാറുകാരനെ തേടി എത്തിയിരുന്നെങ്കിലും വിദ്യാഭ്യാസം മുടങ്ങരുതെന്ന കാരണത്താൽ സിനിമ പ്രവേശനം ഒഴിവാക്കുകയായിരുന്നു.