scorecardresearch

മലയാളിയായ ഈ തെന്നിന്ത്യൻ താരത്തെ മനസ്സിലായോ?

മലയാളത്തിനൊപ്പം തന്നെ തമിഴ്, തെലുങ്ക് ഭാഷകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഈ നടന് സാധിച്ചു

Jayaram, Jayaram childhood photo, Jayaram latest pics

മലയാള സിനിമയ്ക്ക് പത്മരാജന്റെ കണ്ടെത്തലായിരുന്നു ജയറാം. മിമിക്രി രംഗത്തു തിളങ്ങിയ ജയറാമിനെ സിനിമയിലേക്ക് കൈപ്പിടിച്ചു കയറ്റുക എന്ന നിയോഗം പത്മരാജനു വേണ്ടി കാലം കാത്തുവച്ചതായിരുന്നു. 1988-ൽ പദ്മരാജന്റെ ‘അപരൻ’ എന്ന ചിത്രത്തിലൂടെ ജയറാം നായകനായി അരങ്ങേറ്റം കുറിച്ചു. അനായാസമായി ഹാസ്യം കൈകാര്യം ചെയ്യുന്ന ജയറാം വളരെ പെട്ടെന്ന് തന്നെ കുടുംബസദസ്സുകളുടെ പ്രിയനായകനായി മാറി. ജയറാമിന്റെ കുട്ടിക്കാലത്തു നിന്നുള്ള ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

കൊച്ചിൻ കലാഭവൻ മലയാള സിനിമയ്ക്കു നൽകിയ സംഭാവനകളിൽ ഒന്നാണ് നടൻ ജയറാം. സിദ്ദിഖ് (സംവിധായകൻ), ലാൽ, ദിലീപ്, കലാഭവൻ മണി, എൻ എഫ് വർഗീസ്, സൈനുദ്ദീൻ, ഹരിശ്രീ അശോകൻ, നാദിർഷ, സലിം കുമാർ, അബി, എന്നിവരെയൊക്കെ പോലെ കലാഭവന്റെ കുട്ടി എന്നു വിശേഷിപ്പിക്കാവുന്ന പ്രതിഭയാണ് ജയറാമും.

കത്തോലിക്കാ സഭയിലെ സി.എം.ഐ സന്യാസ സഭാംഗമായിരുന്ന ഫാ. അബേച്ചനാണ് 1969 ൽ കലാഭവൻ എന്ന കലാ പരിശീലന കേന്ദ്രം സ്ഥാപിക്കുന്നത്. മിമിക്സ് പരേഡും ഗാനമേളയുമാണ് കലാഭവനെ ആഗോള പ്രശസ്തമാക്കിയത്. കലാഭവനിൽ നിന്നും നിരവധി പ്രതിഭകളാണ് പിൽക്കാലത്ത് സിനിമയിലെത്തിയത്. കലാഭവൻ ഷാജോൺ, നാരായണൻകുട്ടി, തെസ്നി ഖാൻ, ബിന്ദു പണിക്കർ, മച്ചാൻ വർഗീസ്, കലാഭവൻ നവാസ്, കലാഭവൻ സന്തോഷ്, കലാഭവൻ പ്രജോദ്, കെ.എസ്. പ്രസാദ് തുടങ്ങി മലയാളസിനിമയിലെ കലാഭവൻ താരങ്ങളുടെ സാന്നിധ്യം വളരെ വലുതാണ്.

Read more: ചെന്നൈയിലെ വീട് പരിചയപ്പെടുത്തി കാളിദാസ് ജയറാം; വീഡിയോ

തുടക്കത്തിൽ തന്നെ ഏറെ കലാമൂല്യമുള്ളതും ജനശ്രദ്ധയാകർഷിച്ചതുമായ ചിത്രങ്ങളിൽ അഭിനയിക്കാൻ കഴിഞ്ഞു എന്നതാണ് ജയറാമിനെ മലയാളത്തിലെ മുൻനിര നായകനിരയിലേക്ക് ഉയർത്തിയത്. മൂന്നാം പക്കം (1988), മഴവിൽക്കാവടി (1989), കേളി (1991) തുടങ്ങി നിരവധിയേറെ ചിത്രങ്ങൾ ഇതിനുദാഹരണങ്ങളാണ്. സത്യൻ അന്തിക്കാട്, രാജസേനൻ തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങൾ കുടുംബസദസ്സുകളുടെ പ്രിയതാരമായി ജയറാമിനെ മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളിൽ പലതും അക്കാലത്തെ തിയേറ്റർ ഹിറ്റുകളായിരുന്നു. വീണ്ടും ചില വീട്ടുകാര്യങ്ങൾ, സന്ദേശം, മേലേപ്പറമ്പിൽ ആൺവീട് തുടങ്ങിയവയെല്ലാം ഉദാഹരണം.

മലയാളത്തിനപ്പുറത്തേക്ക് തമിഴ്, തെലുങ്ക് ഭാഷകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ജയറാമിന് സാധിച്ചു. ഗോകുലം, പുരുഷലക്ഷണം, കോലങ്ങൾ, തെനാലി, പഞ്ചതന്ത്രം തുടങ്ങിയ ചിത്രങ്ങൾ ഇതിൽ ചിലതുമാത്രം. കമലഹാസന്റെ കൂടെ അഭിനയിച്ച തെനാലി എന്ന ചിത്രം ജയറാമിന്റെ തമിഴ് ചിത്രങ്ങളിൽ ജനശ്രദ്ധയാകർഷിച്ച ചിത്രങ്ങളിൽ ഒന്നാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് ജയറാമിന് തമിഴ്നാട് സർക്കാറിന്റെ മികച്ച സഹനടനുള്ള പുരസ്കാരവും ലഭിച്ചു. കമൽഹാസനുമായി ഊഷ്മളമായൊരു സൗഹൃദം സൂക്ഷിക്കുന്ന താരം കൂടിയാണ് ജയറാം.

Read more: കലാഭവന്റെ കുട്ടി; ജയറാമിന്റെ ആദ്യകാല അഭിമുഖം കാണാം

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Malayalam actor throwback photos