സുരേന്ദ്രനാഥ തിലകൻ എന്ന അഭിനയ കുലപതി ഭൂമിയിൽ ബാക്കി വെച്ചു പോയ കഥാപാത്രങ്ങൾ ഇപ്പോഴും മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്നു. തന്നെ തേടിയെത്തിയ എല്ലാ വേഷങ്ങൾക്കും തന്റേതായൊരു കയ്യൊപ്പു നൽകാൻ ഈ അഭിനയപെരുന്തച്ചൻ എപ്പോഴും ശ്രദ്ധിച്ചിരുന്നു.

സ്‌കൂൾ നാടകങ്ങളിലൂടെ കലാരംഗത്തേക്ക് കടന്നു. 1956-ൽ പഠനം ഉപേക്ഷിച്ച് പൂർണ്ണസമയ നാടകനടനായി മാറി. തുടർന്ന് 10,000 ത്തോളം വേദികളിൽ വിവിധ നാടകങ്ങളിൽ അഭിനയിച്ചു. 43 നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

മുണ്ടക്കയം നാടകസമിതി എന്ന പേരിൽ തിലകൻ ആരംഭിച്ച കലാസമിതി, നിരവധി രാഷ്ട്രീയ പ്രവർത്തനങ്ങളുടെയും ഭാഗമായി പ്രവർത്തിച്ചിരുന്നു. മിക്ക രാഷ്ട്രീയ യോഗങ്ങളിലും ‘മുണ്ടക്കയം തിലക’ന്റെ വിപ്ലവഗാനാലാപനം പതിവായിരുന്നു. പിന്നീട് കെപിഎസി, കാളിദാസ കലാകേന്ദ്ര, ചങ്ങനാശ്ശേരി ഗീത, പിജെ ആന്റണി നാടകസമിതി തുടങ്ങിയ ട്രൂപ്പുകളിലും തിലകൻ പ്രവർത്തിച്ചു.

1979-ൽ ‘ഉൾക്കടൽ’ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് തിലകൻ സിനിമയിൽ തന്റെ അരങ്ങേറ്റം കുറിക്കുന്നത്. 1981-ൽ ‘കോലങ്ങൾ’ എന്ന ചിത്രത്തിലെ മുഴുക്കുടിയനായ കള്ളുവർക്കി എന്ന കഥാപാത്രം ആദ്യകാല സിനിമകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളിലൊന്നായിരുന്നു. തുടർന്ന് ‘യവനിക’, ‘പെരുന്തച്ചൻ’, ‘കിരീടം’, ‘പവിത്രം’, ‘അനിയത്തിപ്രാവ്’, ‘മീനത്തിൽ താലിക്കെട്ട്’, ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ’, ‘ദ്രോണ’, ‘ഇവിടം സ്വർഗ്ഗമാണ്’, ‘റെഡ് ചില്ലീസ്’, ‘മകന്റെ അച്ഛൻ’, ‘പഴശ്ശിരാജ’, ‘പ്രജാപതി’, ‘കളഭം’, ‘സത്യം’, ‘വെള്ളിനക്ഷത്രം’, ‘നേരറിയാൻ സിബിഐ’, ‘കിളിചുണ്ടൻ മാമ്പഴം’, ‘രണ്ടാം ഭാവം’, ‘പ്രേംപൂജാരി’, ‘മൂന്നാംപക്കം’, ‘സ്ഫടികം’, ‘കാട്ടുകുതിര’, ‘ഗമനം’, ‘സന്താനഗോപാലം’, ‘ഋതുഭേദം’, ‘ഉസ്താദ് ഹോട്ടൽ’, ‘ഇന്ത്യൻ റുപ്പീ’ തുടങ്ങി 300 ന് അടുത്ത് ചിത്രങ്ങളിൽ തിലകൻ അഭിനയിച്ചു. തമിഴ്- തെലുങ്ക് സിനിമാലോകത്തും തന്റെ പ്രതിഭയെ അടയാളപ്പെടുത്താൻ തിലകനു സാധിച്ചു.

‘കാട്ടുകുതിര’യിലെ കൊച്ചുവാവ, ‘സ്ഫടിക’ത്തിലെ ചാക്കോ മാഷ്, ‘കിലുക്ക’ത്തിലെ ജസ്റ്റിസ് പിള്ള, ‘നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളി’ലെ പോള്‍ പൈലോക്കാരന്‍, ‘മൂക്കില്ലാരാജ്യത്തി’ലെ കേശവന്‍ നായര്‍, ‘മൂന്നാം പക്ക’ത്തിലെ തമ്പി, ‘യവനിക’യിലെ വക്കച്ചന്‍, ‘കിരീട’ത്തിലെ പൊലീസുകാരനായ അച്യുതൻ നായർ, ‘കണ്ണെഴുതി പൊട്ടുംതൊട്ടി’ലെ നടേശന്‍ മുതലാളി, ‘ഉസ്‍താദ് ഹോട്ടലി’ലെ കരീം ഭായ്, ‘ഇന്ത്യന്‍ റുപ്പീ’യിലെ അച്യുത മേനോൻ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ശക്തമായ നിരവധിയേറെ കഥാപാത്രങ്ങളെ തിലകനെന്ന അഭിനയപ്രതിഭ അനശ്വരമാക്കി.

 

2006 ൽ അഭിനയത്തിനുള്ള പ്രത്യേക ദേശീയ ജൂറിപുരസ്കാരം ‘ഏകാന്തം’ എന്ന ചിത്രത്തിലെ അഭിനയത്തിന് തിലകനെ തേടിയെത്തി. 1986ൽ ‘ഇരകൾ’ എന്ന ചിത്രത്തിലെ അഭിനയത്തിനും 1990 ൽ ‘പെരുന്തച്ചൻ’ എന്ന ചിത്രത്തിലെ അഭിനയത്തിനും മികച്ച നടനുള്ള ദേശീയപുരസ്കാരത്തിന് തിലകൻ പരിഗണിക്കപ്പെട്ടിരുന്നു. 1988-ൽ ‘ഋതുഭേദം’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയപുരസ്കാരവും തിലകനെ തേടിയെത്തിയിരുന്നു. 2009ൽ രാജ്യം പത്മശ്രീ പുരസ്കാരം നൽകി മലയാള സിനിമയുടെ പെരുന്തച്ചനെ ആദരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook