വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമാ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരമാണ് ഉണ്ണി മുകുന്ദൻ. സഹപ്രവർത്തകരായ യുവനടന്മാരെല്ലാം സ്നേഹത്തോടെ മസിലളിയാ എന്നു വിളിക്കുന്ന മാസിൽമാനായി സിനിമയിൽ എത്തിയ ഉണ്ണിയിന്ന് നായകനായും നിർമ്മാതാവായും തിളങ്ങി നിൽക്കുകയാണ്.
ഇപ്പോഴിതാ ഉണ്ണിയുടെ ഒരു പഴയകാല ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.ഉണ്ണി തന്നെയാണ് രണ്ടു ദിവസം മുൻപ് ഇൻസ്റ്റാഗ്രാമിലൂടെ ചിത്രം ആരാധകരുമായി പങ്കുവച്ചത്. “ജീവിതം ലളിതമായിരുന്നപ്പോൾ, ഞാൻ ആഗ്രഹിച്ചത് ചുവന്ന അടിവസ്ത്രം ധരിച്ച് ഉയരത്തിൽ പറക്കുക എന്നതായിരുന്നു. ചില സ്വപ്നങ്ങൾ നടക്കില്ല,” എന്ന അടികുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്.
ഒരു കല്ല്യാണ വീട്ടിൽ മുള കൊണ്ടുള്ള തൂണിൽ ചാരി നിൽക്കുന്ന ഉണ്ണിയാണ് ചിത്രത്തിൽ. കോട്ടും ടൈയ്യും പാന്റും ഷൂവും ഒക്കെ ധരിച്ച് അല്പം ഗൗരവത്തിലാണ് ഉണ്ണിയുടെ നിൽപ്.
2011ൽ മലയാളം സിനിമയായ നന്ദനത്തിൻ്റെ തമിഴ് റീമേക്കായ ‘സീദൻ’ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദൻ്റെ സിനിമാ അരങ്ങേറ്റം. അതേവർഷം റിലീസായ ‘ബോംബേ മാർച്ച് 12’ എന്ന സിനിമയിലൂടെ ഉണ്ണി മലയാളത്തിലും എത്തി.
തുടർന്ന് ‘ബാങ്കോക്ക് സമ്മർ,’ ‘തത്സമയം,’ ‘ഒരു പെൺകുട്ടി’ എന്നീ ചിത്രങ്ങളിൽ അഭിനയിച്ച ഉണ്ണി മുകുന്ദൻ 2012ൽ ‘മല്ലൂസിംഗ്’ എന്ന ചിത്രത്തിലൂടെ നായകനുമായി. ഇതോടെ മലയാള സിനിമയിൽ ഉണ്ണിയ്ക്ക് അവസരങ്ങൾ വർധിച്ചു. 2014ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘വിക്രമാദിത്യനി’ൽ ദുൽഖറിനൊപ്പം അഭിനയിച്ച ഉണ്ണി ഏറെ നിരൂപക പ്രശംസ നേടിയിരുന്നു.
2017-ൽ പുറത്തിറങ്ങിയ ‘മാസ്റ്റർ പീസ്’ എന്ന ചിത്രത്തിലെ വില്ലൻ വേഷമായ എ.സി.പി. ജോൺ തെക്കൻ ഐ.പി.എസ് ഏറെ ശ്രദ്ധിക്കപ്പെട്ടു. ആ വർഷം തന്നെ പുറത്തിറങ്ങിയ ‘ക്ലിൻറ്’ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള രാമു കാര്യാട്ട് അവാർഡും ലഭിച്ചു.
‘ജനതാ ഗാര്യേജ്’ എന്ന ചിത്രത്തിലെ വില്ലൻ വേഷം ചെയ്തു കൊണ്ട് തെലുങ്കു സിനിമയിൽ അരങ്ങേറ്റം കുറിച്ച ഉണ്ണി, 2018-ൽ റിലീസായ ‘ഭാഗ്മതി’ എന്ന സിനിമയിൽ അനുഷ്ക ഷെട്ടിയുടെ നായകനായും അഭിനയിച്ചു. അതിനുശേഷം മലയാളത്തിൽ ഇറങ്ങിയ ‘മാമാങ്ക’ ത്തിലും ഉണ്ണി ശ്രദ്ധേയവേഷത്തിൽ എത്തിയിരുന്നു.
‘മേപ്പടിയാൻ,’ ‘ബ്രോ ഡാഡി’ തുടങ്ങിയ ചിത്രങ്ങളാണ് ഉണ്ണിയുടേതായി അവസാനം പുറത്തിറങ്ങിയത്. ‘മേപ്പടിയാനി’ ലൂടെ നിർമ്മാതാവായും ഉണ്ണി മലയാളത്തിൽ അരങ്ങേറ്റം നടത്തി.
Also Read: ആഗ്രഹിച്ചതെല്ലാം ഒടുവിൽ സംഭവിക്കുന്നു; വിജയ്യുടെ നായികയാവുന്ന സന്തോഷത്തിൽ രശ്മിക മന്ദാന