2010 ൽ പുറത്തിറങ്ങിയ ‘മലർവാടി ആർട്സ് ക്ലബ്ബ്’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ നടനാണ് അജു വർഗീസ്. കോളേജിൽ തന്റെ സുഹൃത്തായ വിനീത് ശ്രീനിവാസനുമായുള്ള പരിചയമാണ് എഞ്ചിനീയറിംഗ് ജോലി ഉപേക്ഷിച്ച് അജുവിനെ സിനിമയിലേക്ക് എത്തിക്കുന്നത്. ഇപ്പോഴിതാ, തന്റെ കുട്ടിക്കാലത്തു നിന്നുള്ള ഒരു ചിത്രം പങ്കു വയ്ക്കുകയാണ് അജു. ആ ചിരി ഇപ്പോഴും അതുപോലെ തന്നെയുണ്ടെന്നാണ് ആരാധകരുടെ കമന്റ്.
നിവിൻ പോളി, ശ്രാവൺ, ഹരികൃഷ്ണൻ, ഭഗത് എന്നിങ്ങനെ നാലു പുതുമുഖങ്ങൾക്ക് ഒപ്പമായിരുന്നു അജുവിന്റെയും സിനിമാ അരങ്ങേറ്റം. കോമഡി വേഷങ്ങളിൽ ശ്രദ്ധയൂന്നിയ അജുവിന് പിന്നീട് അങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. 11 വർഷത്തിനിടെ നൂറിലേറെ സിനിമകളിലാണ് അജു വേഷമിട്ടിരിക്കുന്നത്.
മായാമോഹിനി, തട്ടത്തിൻ മറയത്ത്, ഒരു വടക്കൻ വീരഗഥ, സക്കറിയയുടെ ഗർഭിണികൾ, ഓം ശാന്തി ഓശാന, പുണ്യാളൻ അഗർബത്തീസ്, വെള്ളിമൂങ്ങ, ഓർമ്മയുണ്ടോ ഈ മുഖം, കുഞ്ഞിരാമായണം, സൂ സൂ സുധി വാത്മീകം, റ്റു കൺട്രീസ്, അടി കപ്യാരെ കൂട്ടമണി, ഒപ്പം, കോടതി സമക്ഷം ബാലൻ വക്കീൽ, ലവ് ആക്ഷൻ ഡ്രാമ, റിംഗ് മാസ്റ്റർ, ആട്, ജമ്നാപ്യാരി, ഹെലൻ, ആദ്യരാത്രി, ഇട്ടിമാണി മെയ്ഡ് ഇൻ ചീന എന്നിങ്ങനെ നിരവധി വിജയചിത്രങ്ങളുടെ ഭാഗമാവാനും അജുവിന് സാധിച്ചു.
രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ‘കമല’ എന്ന ചിത്രത്തിൽ നായകനായും അജു അഭിനയിച്ചു. സാജൻ ബേക്കറി സിൻസ് 1962 എന്ന ചിത്രത്തിലും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാൻ അജുവിനായി.
അഭിനയത്തിനൊപ്പം നിർമ്മാണത്തിലും സജീവമാണ് അജു. ധ്യാൻ ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യൻ എന്നിവർക്കൊപ്പം ചേർന്ന് ഫൺടാസ്റ്റിക് ഫിലിംസ് എന്നൊരു പ്രൊഡക്ഷൻ കമ്പനിയും നടത്തി വരികയാണ് അജു ഇപ്പോൾ. ലവ് ആക്ഷൻ ഡ്രാമ ഈ പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ നിർമ്മിച്ച സിനിമയായിരുന്നു.
Read more: ഞങ്ങൾക്കെല്ലാം ഇഷ്ടം കുട്ടുവിനെ; മലർവാടി കൂട്ടുകാർക്കൊപ്പമുള്ള വീഡിയോ പങ്കുവച്ച് അജു