scorecardresearch

മാർ ഇവാനിയോസ് കോളേജിലെ പഴയ ചെയർമാൻ, റാങ്ക് ഹോൾഡർ; ഈ നടനെ മനസ്സിലായോ?

പഠനത്തിൽ ഏറെ മികവു പുലർത്തിയ വിദ്യാർത്ഥിയായിരുന്നു ഇദ്ദേഹം

Jagadish Kumar, PV Jagadish Kumar, Jagadish, Jagadish old photos

കഴിഞ്ഞ 38 വർഷമായി മലയാളസിനിമയിലെ സജീവസാന്നിധ്യമാണ് പിവി ജഗദീഷ് കുമാർ എന്ന ജഗദീഷ്. അധ്യാപക ജോലിയിൽ നിന്നും അഭിനയത്തിലേക്ക് എത്തിയ ജഗദീഷ് ആദ്യകാലത്ത് കോമഡി വേഷങ്ങളിലാണ് കൂടുതലും തിളങ്ങിയത്. നായകന്റെ കൂട്ടുകാരനായും സഹനായകനായും നായകനായുമെല്ലാം ജഗദീഷ് മലയാളസിനിമയിൽ നിറഞ്ഞുനിൽക്കാൻ തുടങ്ങിയിട്ട് നാലു പതിറ്റാണ്ടാവുന്നു.

ജഗദീഷിന്റെ പഴയൊരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. അദ്ദേഹത്തിന്റെ കോളേജ് കാലത്തുനിന്നുള്ളതാണ് ഈ ചിത്രം. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ പഠിക്കുന്ന കാലത്ത് പകർത്തിയതാണ് ഈ ചിത്രം. ‘മാർ ഇവാനിയോസിലെ ചെയർമാൻ പി വി ജഗദീഷ് കുമാർ’ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പ്രചരിക്കുന്നത്. മലയാളത്തിൽ ഇറങ്ങിയ സിനിമകളുടെയും ഗാനങ്ങളുടെയും ചലച്ചിത്ര അണിയറപ്രവർത്തകരുടെയും വിവരങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള സമ്പൂർണ്ണ വിവരങ്ങൾ അടങ്ങുന്ന ഡാറ്റാബേസായ മലയാളം മൂവി & മ്യൂസിക് ഡാറ്റ ബേസ് (m3db)യുടെ ഫേസ്ബുക്ക് പേജിലാണ് അർജുൻ സുരേഷ് എന്ന സിനിമാപ്രേമി ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്.

പഠനത്തിൽ ഏറെ മികവു പുലർത്തിയ വിദ്യാർത്ഥിയായിരുന്നു ജഗദീഷ്. മാർ ഇവാനിയോസ് കോളേജിൽ നിന്നും ഒന്നാം റാങ്കോടെയാണ് ജഗദീഷ് കോമേഴ്സിൽ മാസ്റ്റർ ബിരുദം നേടിയത്. ആ വർഷം കേരളാ യൂണിവേഴ്‌സിറ്റിയിലെ ടോപ്പറായിരുന്നു ജഗദീഷ്. വിദ്യാഭ്യാസത്തിനുശേഷം കുറച്ചുനാൾ ബാങ്ക് ജീവനക്കാരായി ജോലി ചെയ്തു. പിന്നീട് ബാങ്ക് ജോലി ഉപേക്ഷിച്ച് അധ്യാപക ജോലിയിലേക്ക് കടക്കുകയായിരുന്നു. തിരുവനന്തപുരം എം ജി കോളേജിൽ ലക്ചററായിരുന്നു അദ്ദേഹം.

അഭിനയത്തോടുള്ള അതിയായ ആഗ്രഹമാണ് ജഗദീഷിനെ സിനിമയിലേക്ക് എത്തിച്ചത്. അധ്യാപക ജോലിയോടൊപ്പം ജഗദീഷ് സിനിമയിലും സജീവമായി. 1984ൽ ഇറങ്ങിയ മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ത്രിഡി ചിത്രത്തിലൂടെയാണ് ജഗദീഷ് അരങ്ങേറ്റം കുറിച്ചത്.

അഭിനയത്തിന് പുറമേ കഥ, തിരക്കഥ, സംഭാഷണം എന്നീ മേഖലകളിലും കഴിവു തെളിയിച്ച പ്രതിഭയാണ് ജഗദീഷ്. അക്കരെ നിന്നൊരു മാരൻ, മുത്താരംകുന്ന് പി.ഒ, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, പൊന്നുംകുടത്തിന് പൊട്ട്, നന്ദി വീണ്ടും വരിക, ഒരു മുത്തശ്ശി കഥ എന്നീ ചിത്രങ്ങളുടെയെല്ലാം കഥ എഴുതിയത് ജഗദീഷാണ്. മണിവത്തൂരിലെ ആയിരം ശിവരാത്രികൾ എന്ന ചിത്രത്തിനു വേണ്ടി സംഭാഷണങ്ങളൊരുക്കി. ന്യൂസ്, അധിപൻ, മിണ്ടാപൂച്ചക്കു കല്യാണം, ഗാനമേള, ഏപ്രിൽ ഫൂൾ എന്നീ ചിത്രങ്ങളുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയതും ജഗദീഷായിരുന്നു. പ്രായിക്കര പാപ്പൻ, അച്ചാമ്മകുട്ടിയുടെ അച്ചായൻ, കല്യാണകുറിമാനം തുടങ്ങിയ ചിത്രങ്ങളിൽ പിന്നണി ഗായകനായും ജഗദീഷ് പ്രവർത്തിച്ചു. റിയാലിറ്റി ഷോകളിൽ വിധികർത്താവായും സ്റ്റേജ് ഷോകളിലെ അവതാരകനായും ഇദ്ദേഹം ടെലിവിഷൻ രംഗത്തും സജീവമാണ്.

സിനിമയിൽ തിരക്കേറിയതോടെ അധ്യാപക ജോലിയിൽ നിന്ന് അവധിയെടുത്ത് സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു ജഗദീഷ്. ഗോഡ് ഫാദർ, വന്ദനം, ഇൻ ഹരിഹർ നഗർ തുടങ്ങിയ ചിത്രങ്ങളിലെ ഒക്കെ ഹാസ്യവേഷങ്ങൾ ജഗദീഷിന് സമ്മാനിച്ച ജനപ്രീതി വലുതാണ്. അമ്പതോളം ചിത്രങ്ങളിൽ നായകനായും ജഗദീഷ് അഭിനയിച്ചിട്ടുണ്ട്.

2016-ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിൽ പത്തനാപുരം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായും ജഗദീഷ് മത്സരിച്ചവെങ്കിലും എതിർസ്ഥാനാർത്ഥിയായ കെ.ബി.ഗണേഷ് കുമാറിനോട് പരാജയപ്പെടുകയാണ് ഉണ്ടായത്. തിരുവനന്തപുരം ഗവ.മെഡിക്കൽ കോളേജിൽ ഫോറൻസിക് പ്രൊഫസറായിരുന്ന ഡോ. രമയാണ് ഭാര്യ, 2022 ഏപ്രിലിലായിരുന്നു അസുഖബാധയെ തുടർന്ന് രമയുടെ മരണം.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Malayalam actor script writer throwback photo