മലയാള ചലച്ചിത്രലോകത്തിന് ഒന്നടക്കം അഭിമാനിക്കാവുന്ന പുരസ്കാരനേട്ടങ്ങൾ കൈവരിച്ച ചിത്രമാണ് ‘നിർമാല്യം’. എം ടി വാസുദേവൻ നായർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘നിർമാല്യ’ത്തിന് 1973-ലെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ, സംസ്ഥാനപുരസ്കാരങ്ങൾ ലഭിച്ചിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിലൂടെ പി ജെ ആന്റണിക്ക് ഏറ്റവും മികച്ച നടനുള്ള ദേശീയ പുരസ്കാരമായ ഭരത് അവാർഡും ലഭിച്ചിരുന്നു.

‘നിർമാല്യ’ത്തിലേക്ക് എംടി ആദ്യം ക്ഷണിച്ചിരുന്നത് ശങ്കരാടിയെ ആയിരുന്നു. ‘പള്ളിവാളും കാൽചിലമ്പും’ എന്ന കഥ സിനിമയാക്കുമ്പോൾ ചിത്രത്തിലെ വെളിച്ചപ്പാടാകാൻ എംടി ശങ്കരാടിയെ സമീപിച്ചെങ്കിലും ശങ്കരാടി സ്നേഹത്തോടെ നിരസിക്കുകയായിരുന്നു. തന്നേക്കാൾ നന്നായി ആ വേഷത്തോട് നീതി പുലർത്താൻ പിജെ ആന്റണിയ്ക്ക് കഴിയുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ശങ്കരാടി വേഷം നിരസിച്ചത്. പിന്നീട് എംടി പി ജെ ആന്റണിയെ സമീപിക്കുകയും ‘നിർമാല്യം’ സംഭവിക്കുകയുമായിരുന്നു. പ്രധാന കഥാപാത്രം പി ജെ ആന്റണിയ്ക്ക് നൽകി, ശങ്കരാടി ‘നിർമാല്യ’ത്തിൽ ചെറിയൊരു വേഷം അവതരിപ്പിച്ചു.

Read more: പാരീസ് ചോക്ലേറ്റുകളുമായി കാത്തിരിക്കുന്ന വല്ല്യമ്മച്ചി; മീനയുടെ ഓർമകളിൽ സഹോദരീപുത്രൻ

അതുല്യനടൻ ശങ്കരാടിയുടെ പത്തൊൻപതാം ചരമവാർഷികമാണ് ഇന്ന്. അദ്ദേഹത്തിന്റെ ഓർമകളിൽ പ്രണാമം അർപ്പിക്കുകയാണ് നടൻ സുരേഷ് ഗോപി.

ശങ്കരാടി ചേട്ടന്റെ ഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരായിരം പ്രണാമം!

Posted by Suresh Gopi on Thursday, October 8, 2020

എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിയായിരുന്ന ശങ്കരാടി പാതിവഴിയിൽ പഠനം ഉപേക്ഷിക്കുകയായിരുന്നു. മറൈന്‍ എന്‍ജിനീയറിങ് വിദ്യാർത്ഥിയായിരിക്കെ കമ്യൂണിസ്റ്റ് പാർട്ടി സഹയാത്രികനായ ശങ്കരാടി ഒരു ബോംബ് സ്ഫോടനക്കേസിന്റെ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടതോടെ ബറോഡയിലെ പഠനം നിർത്തി പാലായനം ചെയ്യുകയായിരുന്നു. പിന്നീട് ബോംബെയിൽ എത്തിയ ശങ്കരാടി പിന്നീട് കുറച്ചുകാലം പത്രപ്രവർത്തകനായി പ്രവർത്തിച്ചു. മലയാളത്തിലെ ആദ്യത്തെ ചലച്ചിത്ര പ്രസിദ്ധീകരണമായ ‘ഫിലിം സ്റ്റാറിന്‍റെ’ സ്ഥാപകനും പത്രാധിപരുമായിരുന്നു.

എറണാകുളത്ത് തിരിച്ചെത്തിയ ശങ്കരാടി പാർട്ടി പ്രവർത്തകനാവുകയും പി.ജെ. ആന്‍റണിയുമായി അടുപ്പത്തിലാവുകയും പിന്നീട് നാടകരംഗത്ത് എത്തുകയും ചെയ്തു. കുഞ്ചാക്കോയെ പരിചയപ്പെടാൻ ഇടയായതാണ് ശങ്കരാടിയുടെ ജീവിതത്തിലെ വഴിത്തിരിവായത്.

‘കടലമ്മ’ യില്‍ സത്യന്റെ അച്ഛനായി അഭിനയിച്ചുകൊണ്ടാണ് ശങ്കരാടിയുടെ സിനിമ അരങ്ങേറ്റം. പിന്നീട് സിനിമയിൽ സജീവമായ ശങ്കരാടിയ്ക്ക് 1969, 1970, 1971 എന്നീ വർഷങ്ങളിൽ സംസ്ഥാന പുരസ്കാരവും ലഭിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook