വിഖ്യാത ഇറാനിയന്‍ സംവിധായകനോടൊപ്പം സഹകരിക്കാന്‍ ഭാഗ്യം സിദ്ധിച്ചിരിക്കുന്നത് മാളവിക മോഹനനാണ്. പുതിയ ചിത്രമായ ബിയോണ്ട് ദി ക്ലൗട്സ് ഇന്ത്യയിലാണ് ചിത്രീകരിക്കുന്നത്.

പ്രശസ്ത ക്യാമറമാന്‍ കെ.യു.മോഹനന്‍റെ മകള്‍ മാളവിക സിനിമയിലും നാടകത്തിലും സജീവയാണ്. ‘പട്ടം പോലെ’ എന്ന മലയാള ചിത്രത്തിലൂടെ സിനിമയിലെത്തിയ മാളവിക ‘നിര്‍ണായകം’, ‘ദി ഗ്രേറ്റ്‌ ഫാദര്‍’ എന്ന ചിത്രത്തിലും വേഷമിട്ടു.

മാജിദ് മജിദി

മനുഷ്യ ബന്ധങ്ങളുടെ കഥ പറയുന്ന ബിയോണ്ട് ദി ക്ലൗട്സിന് തീര്‍ത്തും യോജിച്ച നടി തന്നെയാണ് മാളവിക എന്ന് നിര്‍മാതാക്കളായ സീ സ്റ്റുഡിയോസ് – ഐ കാന്‍ഡി പത്രക്കുറിപ്പില്‍ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി മാളവിക ഈ ചിത്രത്തിനു വേണ്ടി മുംബൈയില്‍ ഷൂട്ടിങ്ങിലാണെന്നും അവര്‍ കൂട്ടിചേര്‍ത്തു.

ഒരു സഹോദരന്‍റെയും സഹോദരിയുടെയും കഥ പറയുന്ന ബിയോണ്ട് ദി ക്ലൗട്സിനായി മാളവികയെ തിരഞ്ഞെടുത്തത് മജിദി തന്നെയാണ്. ദീപിക പദുക്കോണ്‍ ചെയ്യാനിരുന്ന വേഷമാണ് അവര്‍ പിന്മാറിയതിനെ തുടര്‍ന്ന് മാളവികയിലേക്കെത്തിയത്.

ഷാഹിദ് കപൂര്‍, ഇഷാന്‍ ഖട്ടര്‍

ചില്‍ഡ്രന്‍ ഓഫ് ഹെവന്‍, ദി കളര്‍ ഓഫ് പാരഡൈസ്, ബാരന്‍ എന്നീ മാസ്റ്റര്‍പീസ്‌ സിനിമകളുടെ സംവിധായകനായ മജിദി പുതിയ നടീ നടന്മാരെ തിരശീലയില്‍ അവതരിപ്പിക്കുന്നതില്‍ വിജയം കണ്ടയാളാണ്.

ബോളിവുഡ് നടന്‍ ഷാഹിദ് കപൂറിന്‍റെ സഹോദരന്‍ ഇഷാന്‍ ഖട്ടര്‍ അഭിനയരംഗത്തേക്ക് കടക്കുന്ന ചിത്രം കൂടിയാണ് ബിയോണ്ട് ദി ക്ലൗട്സ്. ഇവരെ കൂടാതെ ബംഗാളി സംവിധായകന്‍ ഗൗതം ഘോഷും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട് ഈ മജിദി സിനിമയില്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ