കൊച്ചി: പ്രശസ്ത നടൻ കെഎൽ ആന്റണി അന്തരിച്ചു. ‘മഹേഷിന്റെ പ്രതികാരം,’ ‘ഗപ്പി’ തുടങ്ങിയ സിനിമകളിലടക്കം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്ത അദ്ദേഹം കേരളത്തിലെ അറിയപ്പെടുന്ന നാടക നടന്മാരിൽ ഒരാളായിരുന്നു.
രാവിലെ ഹൃദയാഘാതത്തെ തുടർന്ന് ആന്റണിയെ ആലപ്പുഴ പ്രൊവിഡൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ വൈകിട്ടോടെ നില വഷളായി. ഇതേ തുടർന്ന് അദ്ദേഹത്തെ എറണാകുളം ലിസി ആശുപത്രിയിലേയ്ക്ക് കൊണ്ടുവരികയായിരുന്നു. എന്നാൽ യാത്രക്കിടെ നില വഷളായതിനെ തുടർന്ന് ലേക്ക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 77 വയസായിരുന്നു.

നടിയായ ലീനയാണ് ഭാര്യ. ഇരുവരും ഒരുമിച്ച് നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. മാനുഷ പുത്രൻ, ചങ്ങല, അഗ്നി, കുരുതി, ഇരുട്ടറ, തുടങ്ങിയ പ്രശസ്തങ്ങളായ നാടകങ്ങളിൽ ആന്റണി ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിരുന്നു. എറണാകുളം ജില്ലയിലെ ഫോർട്ട് കൊച്ചിയാണ് സ്വദേശം. അമ്പിളി, ലാസർഷൈൻ, നാൻസി എന്നിവർ മക്കളാണ്. സംസ്‌കാരം ഞായറാഴ്ച നടക്കും.