Actor VP Khalid: മറിമായത്തിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ സിനിമ, സീരിയൽ നടൻ വി.പി. ഖാലിദ് എന്ന കൊച്ചിൻ നാഗേഷ് അന്തരിച്ചു. 70 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകൻ ഖാലിദ് റഹ്മാൻ എന്നിവർ മക്കളാണ്.
വൈക്കത്ത് ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ടൊവിനോ ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. “രാവിലെ 9:30യോടെ ബാത്ത്റൂമിൽ വീണു കിടക്കുന്ന രീതിയിൽ കണ്ടെത്തിയ ഖാലിദിനെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല,” പൊലീസ് പറയുന്നു. പോസ്റ്റ്‌മോർട്ടം നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
Read Here: ഇന്നലെ മയങ്ങുമ്പോൾ…, താളം പിടിച്ചു പാട്ടിൽ അലിഞ്ഞ് ഖാലിദ് ; വീഡിയോ
സൈക്കിൾ യജ്ഞക്കാരനായിട്ടായിരുന്നു ഫോർട്ട്കൊച്ചി ചുള്ളിക്കൽ സ്വദേശിയായ ഖാലിദ് തന്റെ കലാജീവിതം ആരംഭിച്ചത്. ഫാ. മാത്യു കോതകത്ത് ആണ് ഖാലിദിന് കൊച്ചിൻ നാഗേഷ് എന്ന പേരു സമ്മാനിക്കുന്നത്.
1973ൽ പിജെ ആന്റണി സംവിധാനം ചെയ്ത പെരിയാർ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. ഏണിപ്പടികൾ, പൊന്നാപുരം കോട്ട, താപ്പാന, അനുരാഗ കരിക്കിൻ വെള്ളം തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.