എണ്‍പതുകളിലോ തൊണ്ണൂറുകളിലോ മലയാളി കണ്ടു മറന്ന വൈബ്രന്റായ, ചിലപ്പോഴൊക്കെ റെബലാവുന്ന ഏതൊക്കെയോ സുരേഷ്‌ഗോപി കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിച്ചു ഗോകുല്‍ സുരേഷ് എന്ന ചെറുപ്പക്കാരന്‍. വാക്കുകളിലും നിലപാടുകളിലുമുള്ള വ്യക്തതയോടെയാണ് അഭിമുഖത്തിൽ ഉടനീളം ഗോകുല്‍ സംസാരിച്ചത്. തിയേറ്ററുകളില്‍ പ്രദർശനം തുടരുന്ന ‘സൂത്രക്കാരന്റെ’യും തന്റെ പുതിയ പ്രൊജക്റ്റുകളുടെയും വിശേഷങ്ങൾ ഗോകുൽ പങ്കു വച്ചു. അച്ഛന്റെ രാഷ്ട്രീയവും സിനിമയിലെ താരപുത്രന്മാരുടെ കടന്നു വരവുമെല്ലാം സംസാരത്തിനിടയില്‍ വിഷയമായി.
‘സൂത്രക്കാരന്’ ലഭിക്കുന്ന പ്രതികരണങ്ങള്‍? ഗോകുലിന്റെ കഥാപാത്രം സ്വീകരിക്കപ്പെടുന്നുണ്ടോ?
വളരെ പ്രാക്റ്റിക്കല്‍ ആയി സിനിമയെ നോക്കി കാണുന്ന ആളാണ് ഞാന്‍. പ്രതീക്ഷിച്ചതിലും ഭേദപ്പെട്ട അഭിപ്രായമാണ് ‘സൂത്രക്കാരനു’ ലഭിച്ചുകൊണ്ടിരിക്കുന്നത്. പടം ആവറേജ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്റെ കഥാപാത്രത്തിനും തെറ്റില്ലാത്ത റിപ്പോര്‍ട്ടാണ് ലഭിക്കുന്നത്. ദൈവാധീനമോ ഗുരുത്വമോ അച്ഛന്റെയും അമ്മയുടെയും പ്രാര്‍ത്ഥനയോ കൊണ്ടാവാം ഞാനിതു വരെ ചെയ്ത കഥാപാത്രങ്ങള്‍ക്കൊന്നും മോശമായൊരു റെസ്‌പോണ്‍സ് കിട്ടിയിട്ടില്ല. ‘സൂത്രക്കാരനി’ലെ കഥാപാത്രവും ആളുകള്‍ക്കിഷ്ടമായെന്നാണ് മനസ്സിലായത്. എന്നാലും എന്റെ അച്ഛനോ അല്ലെങ്കില്‍ ആ ഗ്രേഡില്‍ പെടുന്ന ആക്‌റ്റേഴ്‌സോ ചെയ്തിട്ടുള്ള വെയ്‌റ്റേജിലുള്ള കഥാപാത്രങ്ങൾ ഇന്നേ വരെ ഞാന്‍ ചെയ്തിട്ടില്ല. എന്റെ പ്രായത്തിനു ചേര്‍ന്ന കഥാപാത്രങ്ങള്‍ മാത്രമാണ് ചെയ്തത്. അതിനോട് എനിക്ക് നീതി പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം. ഇതുവരെ ആരും കഥാപാത്രത്തെ കുറിച്ച് നെഗറ്റീവ് ആയിട്ടൊന്നും പറഞ്ഞില്ല. അഭിപ്രായങ്ങള്‍ നെഗറ്റീവ് ആണെങ്കിലും വിമര്‍ശനമാണെങ്കിലുമൊക്കെ അതില്‍ കഴമ്പുണ്ടെങ്കില്‍ സ്വീകരിക്കാറുണ്ട്. എന്നെ തന്നെ കൂടുതല്‍ പുഷ് ചെയ്യാന്‍ എനിക്കത് പ്രചോദനമാവുകയേ ഉള്ളൂ.
അച്ഛനും അമ്മയും സഹോദരങ്ങളുമൊക്കെ ‘സൂത്രക്കാരന്‍’ കണ്ടിട്ടെന്തു പറഞ്ഞു?
അച്ഛന്‍ ഇതുവരെ പടം കണ്ടിട്ടില്ല. ചെന്നൈയില്‍ ‘തമിഴരശ’ന്റെ ഷൂട്ടിംഗില്‍ ആയതു കൊണ്ട് അച്ഛനു കാണാന്‍ പറ്റിയിട്ടില്ല. പക്ഷേ ‘ഇരുപത്തൊന്നാം നൂറ്റാണ്ട്’ അച്ഛന്‍ തിയേറ്ററില്‍ പോയി കണ്ടു. അച്ഛന്‍ ആദ്യമായിട്ടാണ് അങ്ങനെ എന്റെ ഒരു സിനിമ തിയേറ്ററില്‍ പോയി കാണുന്നത്. എന്റെ എന്നല്ല, അച്ഛന്റെ സിനിമ പോലും അപൂര്‍വ്വമായി മാത്രമേ തിയേറ്ററില്‍ പോയി കാണാറുള്ളൂ. ‘ഇരുപത്തൊന്നാം നൂറ്റാണ്ടി’ന്റെ കാര്യത്തില്‍ പക്ഷേ അച്ഛനൊരു രണ്ടു ശതമാനം ഇനീഷേറ്റീവ് എടുത്തു, അമ്മ കൂടി പറഞ്ഞപ്പോള്‍ അങ്ങനെ പോയി കണ്ടതാണ്.
‘അങ്ങനെ പെട്ടെന്ന് കയറി വലിയ ആളാവേണ്ട. ഇങ്ങനെ വളര്‍ന്നാല്‍ മതി, ഞാനൊക്കെ വളര്‍ന്ന പോലെ പതിയെ വളര്‍ന്നാല്‍ മതിയെന്നായിരുന്നു’ അച്ഛന്റെ പ്രതികരണം. അച്ഛന്‍ ഇതു പറയുന്നതിനു മുന്‍പു തന്നെ അച്ഛന്റെ കാഴ്ചപ്പാട് ഇതാണെന്ന് എനിക്കറിയാമായിരുന്നു.
സഹോദരങ്ങളും ‘സൂത്രക്കാരന്‍’ ഇതുവരെ കണ്ടിട്ടില്ല. രണ്ടു പേര്‍ വിദേശത്ത് പഠിക്കുകയാണ്, ഒരു അനിയത്തി ചെന്നൈയിലും. അമ്മയും മുത്തശ്ശിയും അമ്മായിയും എല്ലാം പോയി പടം കണ്ടു. അവര്‍ക്കെല്ലാം ഇഷ്ടമാകുകയും ചെയ്തു. പടം കാണാന്‍ പോകും മുന്‍പ് ഞാനവരോട് അല്‍പ്പം ‘ഓവര്‍ പ്രാക്ടിക്കല്‍’ ആയിട്ടാണ് പറഞ്ഞത്. പക്ഷേ സിനിമ കണ്ടുകഴിഞ്ഞ്, നീ പറഞ്ഞ പോലെ അത്ര കുഴപ്പമൊന്നുമില്ലല്ലോ. പടം അത്ര മോശമൊന്നുമല്ല, ഇഷ്ടമായി എന്നാണ് അവര്‍ പറഞ്ഞത്. അമ്മയ്ക്ക് പൊതുവേ ഞാന്‍ പെര്‍ഫോം ചെയ്യുന്നത് ഇഷ്ടമാണ്.
അച്ഛന്റെ വഴിയെ സിനിമയിലേക്ക് എത്തിയവര്‍ എന്ന രീതിയില്‍ ദുല്‍ഖര്‍, പ്രണവ്, കാളിദാസ്, നിരഞ്ജ് തുടങ്ങി നിങ്ങളെല്ലാം പലപ്പോഴും അച്ഛന്മാരുമായി ഒരു താരതമ്യത്തിന് വിധേയരാകുന്നുണ്ടോ? ഗോകുൽ എങ്ങനെ നോക്കി കാണുന്നു അത്തരമൊരു പ്രവണതയെ?
ദുല്‍ഖറോ പ്രണവോ കാളിദാസോ ശ്രാവൺ മുകേഷോ ഷെയ്ൻ നിഗമോ അർജുൻ അശോകനോ തുടങ്ങി ഞങ്ങള്‍ മക്കളാരും അച്ഛന്‍മാരുടെ റേഞ്ചിന്റെ ഏഴ് അയലത്തു വരില്ല. അതൊരു സത്യമാണ്. കാരണം അവരൊക്കെ അന്നത്തെ കാലത്ത് ഒരുപാട് കഷ്ടപ്പെട്ട്, നല്ലതും ചീത്തതുമായ നിരവധി അനുഭവങ്ങളിലൂടെ കടന്നു പോയി വളര്‍ന്നു വന്നവരാണ്. ഞങ്ങള്‍ക്കൊന്നും അത്ര കഷ്ടപ്പെടേണ്ടി വന്നിട്ടില്ല.
‘അച്ഛന്‍ കൊണ്ട വെയിലാണ് മക്കള്‍ക്ക് കിട്ടുന്ന തണല്‍’ എന്നു പറയാറുണ്ടല്ലോ ?
അതെ, അതു പോലെ തന്നെ. എന്റെ അച്ഛന്‍ പക്ഷേ കുറേ ശിഖരങ്ങളൊക്കെ വെട്ടി മാറ്റി വെച്ചു, ഞാൻ വെയില്‍ കൊണ്ട് വളരാന്‍ വേണ്ടി തന്നെ. കഷ്ടപ്പാടുകള്‍ അറിഞ്ഞ് വളരണം എന്നാണ് അച്ഛന്റെ നയം. ആരും ചിരഞ്ജീവിയല്ലല്ലോ, അച്ഛനമ്മമാരുടെ തണല്‍ ഇല്ലാതാവുന്ന കാലത്തെയും അഭിമുഖീകരിക്കാന്‍ കഴിയണം, ജീവിതത്തെ നേരിടാന്‍ തയ്യാറായിരിക്കണം അതാണ് അച്ഛന്റെ ലൈന്‍. ഈ പറഞ്ഞ കാര്യങ്ങളൊന്നും അച്ഛന്‍ എപ്പോഴെങ്കിലും വാക്കാല്‍ പറഞ്ഞ കാര്യങ്ങളല്ല. എനിക്കെന്റെ അച്ഛനെ അറിയാം. അച്ഛനെ കണ്ട് ഞാന്‍ മനസ്സിലാക്കിയ കാഴ്ചപ്പാടുകള്‍ ആണിതെല്ലാം.
നായകനാവുന്നതിനൊപ്പം തന്നെ അതിഥി വേഷങ്ങളിലും നെഗറ്റീവ് ഷെയ്ഡുള്ള വേഷങ്ങളിലുമൊക്കെ അഭിനയിക്കുന്നുണ്ടല്ലോ. ഇമേജ് പോലുള്ള കാര്യങ്ങളൊന്നും ഗോകുൽ മുഖവിലയ്‌ക്കെടുക്കുന്നില്ല എന്നാണോ ?
ഞാന്‍ ആഗ്രഹിക്കുന്നതു പോലുള്ള സിനിമകളും കഥാപാത്രങ്ങളും സംവിധായകരുമൊന്നും എന്റെ അടുത്തേക്ക് വരുന്നില്ല. അത് വരാതിരിക്കാനായി പലരും പല കളികളും കളിക്കുന്നുണ്ട്. അത് ആരാണെന്ന് വ്യക്തമായി അറിയില്ല, ചിലരുടെ പേരൊക്കെ പറഞ്ഞു കേള്‍ക്കാറുണ്ട്. സത്യത്തില്‍ ഞാനതിനെ കുറിച്ചൊന്നും അത്ര ആശങ്കപ്പെടുന്നില്ല. സ്വന്തം കാലില്‍ നിന്ന്, എന്നെ പ്രൂവ് ചെയ്യാന്‍ സാധിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യാനാണ് ശ്രമിക്കുന്നത്.
പിന്നെ ‘ഇരുപത്തൊന്നാം നൂറ്റാണ്ടി’ലെ അതിഥി വേഷമാണെങ്കില്‍, അതുവഴി എനിക്ക് അരുണ്‍ ഗോപി സാറിനെ പരിചയപ്പെടാന്‍ പറ്റി. പ്രണവുമായി സൗഹൃദത്തിലാവാന്‍ സാധിച്ചു. ആ എക്‌സ്പീരിയന്‍സാണ് ഞാനാഗ്രഹിച്ചത്. ‘മാസ്റ്റര്‍പീസി’ല്‍ ആണെങ്കിലും അതെ, മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു. അതല്ലാതെ സിനിമയുമായോ സിനിമാക്കാരുമായോ എനിക്കത്ര ബന്ധമോ പരിചയങ്ങളോ ഒന്നുമില്ല. ഒരു സാധാരണ വ്യക്തി ഒരു താരത്തെ കാണുമ്പോള്‍ എക്‌സൈറ്റഡ് ആവുന്നതുപോലെ എക്‌സൈറ്റഡാവുന്ന ഒരാളാണ് ഞാന്‍.
പ്രണവുമായി ഗോകുലിന് മുന്‍പ് സൗഹൃദമുണ്ടായിരുന്നില്ലേ?
സോഷ്യല്‍ മീഡിയയിലൊക്കെ ഞാനും കണ്ടിരുന്നു, ഞങ്ങള്‍ നടന്മാരുടെ മക്കളൊക്കെ കുട്ടിക്കാലം മുതല്‍ വലിയ സൗഹൃദമാണെന്ന രീതിയിലുള്ള വാര്‍ത്തകള്‍. എന്നാല്‍ എല്ലാവര്‍ക്കും അവരുടെതായ തിരക്കുകളും കാര്യങ്ങളുമൊക്കെ ഉള്ളതു കൊണ്ട് അത്തരമൊരു സൗഹൃദമൊന്നും ഉണ്ടാക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടില്ല. കൂട്ടത്തിൽ കുട്ടിക്കാലം മുതൽ ഒരു സഹോദരബന്ധവും സൗഹൃദവുമൊക്കെയുള്ളത് കണ്ണനുമായാണ് (കാളിദാസ് ജയറാം). ഞാന്‍ അച്ഛന്റെ അടുത്തു പോലും ഒരു പരിധിയില്‍ കൂടുതല്‍ സംസാരിക്കാറില്ല. അവരെത്ര മാത്രം കഷ്ടപ്പെട്ടിട്ടാണ് വരുന്നത്, അവര്‍ക്ക് സ്വകാര്യത വേണം, അവരുടേതായ ഒരു സ്‌പെയ്‌സ് വേണം, നമ്മള്‍ ആയിട്ട് ശല്യം ചെയ്യണ്ട എന്നൊക്കെയാണ് ഞാന്‍ ചിന്തിക്കാറുള്ളത്. ‘ഇരുപത്തൊന്നാം നൂറ്റാണ്ടി’ല്‍ അഭിനയിച്ചപ്പോഴാണ് ഞാന്‍ പ്രണവുമായി സൗഹൃദമാവുന്നത്. ഞങ്ങളുടെ നക്ഷത്രം ഒന്നാണ്, പല കാര്യങ്ങളിലും ഞങ്ങള്‍ക്ക് ഒരേ സ്വഭാവമാണ്.
Read more: അച്ഛന്റെ തനിപകർപ്പ്; സുരേഷ് ഗോപിയെ അനുസ്‌മരിപ്പിക്കുന്ന വേഷപ്പകർച്ചയിൽ മകൻ ഗോകുൽ
അച്ഛനെ പോലെ ഒരു നടനാവണം എന്ന് ഗോകുൽ സ്വപ്‌നം കണ്ടിരുന്നോ?
അരുന്ധതി റോയുടെ അമ്മ മേരി റോയ് നടത്തുന്ന കോട്ടയത്തെ ‘പള്ളിക്കൂടം എന്ന സ്‌കൂളിലാണ് ഞാന്‍ പഠിച്ചത്. അവിടെ പഠനത്തേക്കാളും പാഠ്യേതരവിഷയങ്ങള്‍ക്കായിരുന്നു പ്രാധാന്യം. അങ്ങനെ ഞാനൊരു നാലു വര്‍ഷത്തോളം കഥകളി, മാര്‍ഷല്‍ ആര്‍ട്‌സ് ഒക്കെ പഠിച്ചു. ആ സമയത്ത് തെരുവുനാടകത്തിലൊക്കെ അഭിനയിച്ചിട്ടുണ്ട്. അച്യുതാനന്ദന്‍ സാറിന്റെ മുന്നില്‍ വെച്ച് അദ്ദേഹമായി അഭിനയിക്കാന്‍ സാധിച്ചിരുന്നു. പിന്നെ കുറേ കാലം ഒന്നും പെര്‍ഫോം ചെയ്തില്ല.
ബാംഗ്ലൂരില്‍ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോള്‍ ആണ് പിന്നെയും അഭിനയിക്കണമെന്നു തോന്നിയത്. എന്റെ ബാച്ച്‌മേറ്റും ഇപ്പോള്‍ സന്തതസഹചാരിയുമായ പോള്‍ എന്ന സുഹൃത്ത് സ്റ്റേജില്‍ പെര്‍ഫോം ചെയ്യുന്ന ഓളം കണ്ടിട്ട് ആവേശം തോന്നി ഞാനെന്റെ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നാടകത്തില്‍ കയറി അഭിനയിച്ചു. അതൊരു കോമിക് ക്യാരക്ടര്‍ ആയിരുന്നു, എനിക്ക് കോമഡി ശരിയാവുമോ എന്നൊന്നും അറിയില്ലായിരുന്നു. പക്ഷേ ചെയ്തപ്പോള്‍ എനിക്കൊരുപാട് കയ്യടി കിട്ടി. അന്ന് സിനിമയിലൊക്കെ അഭിനയിച്ചാലോ എന്നൊരു ആഗ്രഹം തോന്നി. അല്ലാതെ സിനിമയിലാണ് ഞാന്‍ വരേണ്ടതെന്ന കാഴ്ചപ്പാടോ സ്വപ്‌നങ്ങളോ ഒന്നുമില്ലായിരുന്നു.
ആദ്യ ചിത്രത്തിലേക്ക് ക്ഷണം വന്നപ്പോഴും ഫ്രൈഡേ ഫിലിംസ് അച്ഛനോടാണ് കഥ പറഞ്ഞത്. അച്ഛന് കഥ ഇഷ്ടമായി. ഞാന്‍ ഫൈനല്‍ ഇയറിനു പഠിക്കുകയാണ് അപ്പോള്‍. അച്ഛനെന്നെ ബാംഗ്ലൂരിലേക്ക് വിളിച്ച് ഇങ്ങനെ ഒരു കഥ കേട്ടു, എനിക്കിഷ്ടപ്പെട്ടു. നിനക്ക് വേണ്ടിയാണ് അവര്‍ വന്നത്. കേട്ടു നോക്കുന്നോ എന്നു ചോദിച്ചു. അതുവരെ എന്നോട് ഒന്നും അച്ഛന്‍ ആവശ്യപ്പെട്ടിട്ടില്ലായിരുന്നു. ഇങ്ങനെ ഒരു കാര്യം പറഞ്ഞപ്പോള്‍ കേട്ടു നോക്കാം എന്നായി. കഥ കേട്ടപ്പോള്‍ എനിക്കും ഇഷ്ടമായി, അങ്ങനെയാണ് സിനിമയിലേക്കു വരുന്നത്.
സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന സമയത്ത് ഗോകുലിന് അച്ഛന്‍ തന്ന ഉപദേശമെന്തായിരുന്നു?
പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. സിനിമയുടെ ‘ഗ്രേ സൈഡ്’ ഞാന്‍ തനിയെ കണ്ടുപഠിക്കട്ടെ എന്നായിരുന്നു അച്ഛന്റെ ആഗ്രഹമെന്നു തോന്നുന്നു. ഇപ്പോൾ എനിക്കത് ഏറെക്കുറെ അറിയാം, ആളുകളെയും.
‘സൂത്രക്കാരനി’ല്‍ ആക്ഷന്‍ സീനുകള്‍ അവതരിപ്പിച്ചിട്ടുണ്ടല്ലോ. ആക്ഷന്‍ സിനിമകള്‍ ചെയ്യാനാണോ താല്‍പ്പര്യം, മാര്‍ഷല്‍ ആര്‍ട്‌സ് ഒക്കെ അഭ്യസിച്ച ആളാണല്ലോ?
അങ്ങനെയൊന്നുമില്ല. ഫൈറ്റ്‌സ് മാസ്റ്റര്‍ ആക്ഷന്‍ സീനുകള്‍ പറഞ്ഞു തരുമ്പോള്‍ അതിന്റെ ബേസിക്‌സ് അറിയാവുന്നതു കൊണ്ട് കുറച്ചുകൂടി എളുപ്പത്തില്‍ മനസ്സിലാക്കാന്‍ പറ്റാറുണ്ടെന്നു മാത്രം. ആക്ഷന്‍ സിനിമകള്‍ സംവിധാനം ചെയ്യാനാണ് എനിക്ക് താല്‍പ്പര്യം, അതും ഇപ്പോഴല്ല 10 വര്‍ഷമൊക്കെ കഴിഞ്ഞിട്ട്.
സുരേഷ് ഗോപിയുടെ ശരീരഭാഷ ഏറെക്കുറെ അതുപോലെ തന്നെ കിട്ടിയിട്ടുണ്ടല്ലോ ഗോകുലിനും. അതിനെയൊരു പ്ലസ് പോയിന്റ് ആയിട്ടാണോ നെഗറ്റീവ് ആയിട്ടാണോ കാണുന്നത്?
എന്നെ സ്‌ക്രീനില്‍ അല്ലാതെ നേരിട്ട് കണ്ടാല്‍ അങ്ങനെ പറയുമോ എന്നറിയില്ല. എനിക്ക് യഥാര്‍ത്ഥത്തില്‍ ഉള്ള ശരീരഭാഷ അതല്ല. ഓഡിയന്‍സിന് അതിഷ്ടപ്പെടുന്നതു കൊണ്ടും സംവിധായകര്‍ ചിലപ്പോള്‍ അതെന്നില്‍ നിന്നും ആവശ്യപ്പെടുന്നതു കൊണ്ടും സംഭവിക്കുന്നതാണ്.
അച്ഛന്റെ എക്കാലത്തെയും ഹിറ്റ് ചിത്രമായ ‘ലേല’ത്തിന് രണ്ടാം ഭാഗം വരുന്നു. അച്ഛനൊപ്പം ഗോകുല്‍ അഭിനയിക്കുന്നു എന്നൊക്കെ വാര്‍ത്തകള്‍ കണ്ടിരുന്നു?
രഞ്ജി മാമന്‍ (രഞ്ജി പണിക്കര്‍) തിരക്കഥ എഴുതി കൊണ്ടിരിക്കുകയാണ്. എപ്പോഴാണ് പടം ആരംഭിക്കുക എന്നറിയില്ല. അച്ഛൻ ചെയ്ത അത്തരം റേഞ്ചിലുള്ള കഥാപാത്രങ്ങളില്‍ എനിക്ക് ഏറെ ഇഷ്ടമുള്ള വേഷം ‘ലേല’ത്തിലേതാണ്. ആ കഥാപാത്രത്തിന്റെ എനര്‍ജി വളരെ ഇഷ്ടമാണ്. അതിനോളമോ അതില്‍ കൂടുതലോ ഇഷ്ടമുള്ള കഥാപാത്രങ്ങള്‍ വേറെയുമുണ്ട്. ‘മഹാത്മ’, ‘രുദ്രാക്ഷം’, ‘രജപുത്ര’ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളെയും ഇഷ്ടമാണ്, പേര് എടുത്തു പറഞ്ഞാല്‍ ചിലപ്പോള്‍ വിട്ടുപോവും.
Read more: ലേലം 2വില്‍ ‘കൊച്ചു ചാക്കോച്ചി’ ആയി ഗോകുല്‍; ചാക്കോച്ചിയായി സുരേഷ് ഗോപിയും
എന്തൊക്കെയാണ് പുതിയ പ്രൊജക്റ്റുകള്‍?
പ്രയാഗ മാര്‍ട്ടിന്‍, രമേഷ് പിഷാരടി, അനുശ്രീ തുടങ്ങി വലിയൊരു താരനിര തന്നെയുള്ള ‘ഉള്‍ട്ട’ എന്നൊരു ചിത്രം വരുന്നുണ്ട്. ‘ദീപസ്തംഭം മഹാശ്ചര്യം’, അച്ഛന്‍ അഭിനയിച്ച ‘മേഘസന്ദേശം’ തുടങ്ങിയ ചിത്രങ്ങളുടെയൊക്കെ കഥാകൃത്തായിരുന്ന സുരേഷ് പൊതുവാളാണ് ‘ഉള്‍ട്ട’ സംവിധാനം ചെയ്യുന്നത്. കൂടാതെ ധ്യാന്‍ ചേട്ടന്‍, അജു ചേട്ടന്‍ എന്നിവര്‍ക്കൊപ്പം ‘സായാഹ്ന വാര്‍ത്തകള്‍’ എന്ന ചിത്രത്തില്‍ അല്‍പ്പം ഗ്രേ ഷെയ്ഡുള്ള നായകന്റെ വേഷം അവതരിപ്പിക്കുന്നുണ്ട്. മാധവ് രാംദാസ് സാറിന്റെ ‘ഇളയരാജ’യിലും ഞാനുണ്ട്. ചിത്രം മാര്‍ച്ച് 22 ന് റിലീസിനൊരുങ്ങുന്നു. പത്മകുമാര്‍ സാറിനൊപ്പം ഒരു പ്രൊജക്റ്റും ഈ വര്‍ഷം അവസാനം ചെയ്യുന്നുണ്ട്.
കഴിഞ്ഞ ദിവസം അച്ഛന്റെ ഷൂട്ടിംഗ് കാണാന്‍ ഗോകുൽ ലൊക്കേഷനില്‍ പോയിരുന്നില്ലേ, എങ്ങനെയുണ്ടായിരുന്നു ആ അനുഭവം?
അച്ഛന്റെ ഷൂട്ടിംഗ് ഒന്നും ഞാനങ്ങനെ പോയി കണ്ടിട്ടില്ല. കുട്ടിക്കാലം മുതല്‍ അച്ഛന്‍ അഭിനയിക്കുന്നതു കാണുന്നുണ്ടെങ്കിലും അതിനെ സീരിയസായൊന്നും നോക്കി കണ്ടിരുന്നില്ല. ഇപ്പോള്‍ ഞാനും സിനിമയിലെത്തിയതോടെയാണ്, അച്ഛന്റെ അഭിനയം അടുത്തു കണ്ട് മനസ്സിലാക്കണം എന്നാഗ്രഹം തോന്നിയത്. ഒരു പ്രത്യേക അനുഭവമായിരുന്നു അത്.
Read more: അച്ഛനെ ഇങ്ങനെ കാണാനാണ് എനിക്കിഷ്ടം; സുരേഷ് ഗോപിയോട് മകൻ ഗോകുൽ
സുരേഷ് ഗോപി എന്ന രാഷ്ട്രീയക്കാരനെയാണോ സുരേഷ് ഗോപി എന്ന നടനെയാണോ ഗോകുലിന് ഏറെയിഷ്ടം?
എനിക്ക് ഈ നാട്ടിലെ പൊളിറ്റിക്‌സ് ഇഷ്ടമല്ല. എന്റെ അച്ഛന്‍ വളരെ രാജ്യസ്‌നേഹമുള്ള, രാജ്യത്തിന് ഏറെ ഗുണകരമാകുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ്. അച്ഛന്‍ സമ്പാദിച്ച പണമൊക്കെ എത്രയോ നല്ല കാര്യങ്ങള്‍ക്കു വേണ്ടിയും സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയും മടി കൂടാതെ ചെലവഴിച്ചിട്ടുണ്ട്. പക്ഷേ ആ സേവനങ്ങള്‍ക്കൊന്നും പലപ്പോഴും ഒരു വില ലഭിക്കാറില്ല. അച്ഛനെ ചിലപ്പോള്‍ ഈ നാട് ഉപയോഗിക്കും, അച്ഛനൊരു 85 വയസ്സൊക്കെ ആകുമ്പോള്‍. ചുറുചുറുക്ക് ഉള്ള ഈ സമയത്ത് ആ സേവനങ്ങള്‍ ഉപയോഗപ്പെടുത്താതെ അന്ന് ഉപയോഗിച്ചിട്ട് എന്ത് കാര്യം. അതുകൊണ്ടുതന്നെ, രാഷ്ട്രീയത്തില്‍ നില്‍ക്കുന്ന അച്ഛനെക്കാളും നടനായ സുരേഷ്‌ഗോപിയെ കാണാനാണ് എനിക്കിഷ്ടം.