സഹസംവിധായകനായി എത്തി ഇന്ന് മലയാളത്തിലെ ഏറ്റവും തിരക്കുള്ള താരമായി മാറിയ കഥയാണ് സൗബിൻ ഷാഹിർ എന്ന നടന് പറയാനുള്ളത്. അമ്മയുടെ ഒക്കത്തിരിക്കുന്ന സൗബിന്റെ കുട്ടിക്കാലചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
മണിചിത്രത്താഴ്, ഗോഡ് ഫാദർ, ഇൻ ഹരിഹർ നഗർ തുടങ്ങിയ ചിത്രങ്ങളുടെ അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷൻ കൺട്രോളറുമായ പിതാവ് ബാബു ഷാഹിറിന്റെ വഴിയെ ആണ് സൗബിനും സിനിമയിലേക്ക് എത്തിയത്. 2003ൽ സിദ്ദിഖിന്റെ ക്രോണിക് ബാച്ച്ലർ എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചുകൊണ്ടാണ് സൗബിന്റെ തുടക്കം.
പിന്നീട് ഫാസിൽ, റാഫി മെക്കാർട്ടിൻ, പി സുകുമാർ, സന്തോഷ് ശിവൻ, രാജീവ് രവി, അമൽ നീരദ് തുടങ്ങിയ സംവിധായകർക്കൊപ്പമൊക്കെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചു.
ഫാസിലിന്റെ കയ്യെത്തും ദൂരത്ത്, പാണ്ഡിപ്പട, ഉറുമി, ഡാ തടിയാ എന്നീ ചിത്രങ്ങളിലും ചെറിയ വേഷങ്ങളിൽ സൗബിൻ സ്ക്രീനിൽ മിന്നിമറിഞ്ഞു പോവുന്നുണ്ട്. അന്നയും റസൂലും എന്ന ചിത്രത്തിലാണ് സൗബിൻ ആദ്യമായി ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്നാൽ നടനെന്ന രീതിയിൽ സൗബിന് ശ്രദ്ധ നേടി കൊടുത്തത് പ്രേമത്തിലെ പി ടി അധ്യാപകന്റെ വേഷമാണ്. ചാർലി, മഹേഷിന്റെ പ്രതികാരം, കലി, ഡാർവിന്റെ പരിണാമം, ഹലോ നമസ്തേ, റാണി പത്മിനി, കമ്മട്ടിപ്പാടം, അനുരാഗകരിക്കിൻ വെള്ളം, മായാനദി, കുമ്പളങ്ങി നൈറ്റ്സ്, ഒരു യമണ്ടൻ പ്രേമകഥ, വൈറസ്, വികൃതി, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ട്രാൻസ്, ഇരുൾ, ഭീഷ്മപർവ്വം, സിബിഐ 5 തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാവാൻ സൗബിനു സാധിച്ചു.
Read More: അബ്ബ നിന്നെയൊരുപാട് സ്നേഹിക്കുന്നു; മകന് ആശംസകളുമായി സൗബിൻ
സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രമാണ് സൗബിൻ ആദ്യമായി നായകനായി അഭിനയിച്ച ചിത്രം. അമ്പിളി, മ്യാവൂ, കള്ളൻ ഡിസൂസ എന്നിവയും സൗബിൻ നായകവേഷത്തിലെത്തിയ ചിത്രമാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് സൗബിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. ‘മഹേഷിന്റെ പ്രതികാരം’, ‘സുഡാനി ഫ്രം നൈജീരിയ’, ‘കുമ്പളങ്ങി നൈറ്റ്സ്’ തുടങ്ങി ഹിറ്റ് ചിത്രങ്ങളിലൂടെ താരമൂല്യമുള്ള നടനായി സൗബിൻ ഉയരുകയായിരുന്നു.
2017ൽ പറവ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സൗബിൻ സ്വതന്ത്രസംവിധായകനായി. 2017ൽ തന്നെയായിരുന്നു സൗബിന്റെ വിവാഹം. ജാമിയയാണ് സൗബിന്റെ നല്ല പാതി. ഒർഹാൻ എന്നൊരു മകനാണ് ഈ ദമ്പതികൾക്കുള്ളത്.
അടുത്തിടെ റിലീസിനെത്തിയ ഭീഷ്മപർവ്വത്തിലെ സൗബിന്റെ അജാസ് എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. സന്തോഷ് ശിവൻ ചിത്രം ‘ജാക്ക് ആൻഡ് ജിൽ’, സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ‘ജിന്ന്’ എന്നിവയാണ് ഇനി റിലീസിനെത്താനുള്ള ചിത്രങ്ങൾ.