മലയാളസിനിമയിലെ സർവകലാവല്ലഭൻ എന്നു വിശേഷിപ്പിക്കാവുന്ന പ്രതിഭയാണ് ബാലചന്ദ്രമേനോൻ. അദ്ദേഹം കൈവയ്ക്കാത്ത ഏരിയകൾ സിനിമയിൽ കുറവാണ്. നടൻ, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം ഏറെ പ്രശസ്തനാണ് ബാലചന്ദ്രമേനോൻ.
സോഷ്യൽ മീഡിയയിലും വളരെയധികം സജീവമാണ് ബാലചന്ദ്ര മേനോൻ. കോളേജ് കാലത്തെ ഒരോർമ്മ ചിത്രം ഷെയർ ചെയ്തിരിക്കുകയാണ് താരമിപ്പോൾ. “ഓരോ ഫോട്ടോയും ധാരാളം കഥകൾ പറയുന്നുണ്ട്. പ്രീഡിഗ്രി കാലത്ത് കൊല്ലം ഫാത്തിമ കോളേജിലെ കോളേജ് യൂണിയന്റെ ഭാഗമായിരുന്നു ഞാൻ. വെസ്റ്റേൺ ഡ്രസ്സിലുള്ള എന്റെ ആദ്യ ഫോട്ടോയാണിത്. എംജിഎം സ്റ്റുഡിയോ ഇടവയിൽ നടന്ന ഈ ഫോട്ടോ സെഷനെ കുറിച്ച് എനിക്ക് നല്ല ഓർമ്മയുണ്ട്. ആ കഥ പിന്നീട് നിങ്ങളുമായി പങ്കിടാൻ ശ്രമിക്കാം,” ചിത്രം ഷെയർ ചെയ്ത് ബാലചന്ദ്രമേനോൻ കുറിച്ചു.
സ്കൂൾ കോളേജ് നാടകങ്ങളിലാണ് ബാലചന്ദ്രമേനോൻ തന്റെ അഭിനയ-സംവിധാന ജീവിതത്തിന് തുടക്കമിട്ടത്. പത്രപ്രവർത്തകനായും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. 1978ൽ ഉത്രാടരാത്രി എന്ന ആദ്യ സിനിമ സംവിധാനം ചെയ്തു. രാധ എന്ന പെൺകുട്ടി, ചിരിയോ ചിരി, കാര്യം നിസ്സാരം തുടങ്ങി എത്രയോ ചിത്രങ്ങൾ… ശോഭന, പാർവ്വതി, രേവതി, ലിസി, കാർത്തിക, ഉഷ എന്നിങ്ങനെ പിൽക്കാലത്ത് പ്രശസ്തരായ ഒട്ടനവധി നടിമാർ ബാലചന്ദ്രമേനോന്റെ കണ്ടെത്തലായിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങൾ സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച വ്യക്തി എന്ന നിലയിൽ (29 ചിത്രങ്ങൾ) 2018ൽ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിലും ബാലചന്ദ്രമേനോൻ സ്ഥാനം പിടിച്ചു.