മലയാള സിനിമയിലെ യുവതാരങ്ങൾക്കിടയിൽ ഏറെ ശ്രദ്ധ നേടിയ താരസഹോദരന്മാരാണ് വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും. ശ്രീനിവാസന്റെ മക്കൾ എന്ന മേൽവിലാസത്തിൽ നിൽക്കാതെ, ഇരുവരും തങ്ങളുടേതായ തട്ടകങ്ങൾ കണ്ടെത്തി കഴിഞ്ഞു. ഗായകനായി എത്തി, പിന്നീട് നടനും തിരക്കഥാകൃത്തും സംവിധായകനും ഗാനരചയിതാവും നിർമാതാവുമൊക്കെയായി മാറുകയായിരുന്നു വിനീത് ശ്രീനിവാസൻ. അച്ഛനും ചേട്ടനും പിന്നാലെ ധ്യാനും വൈകാതെ സിനിമയിലെത്തി. അഭിനയത്തിനു പുറമെ സംവിധാനത്തിലും നിർമ്മാണരംഗത്തുമെല്ലാം സജീവമാകുന്ന ധ്യാനിനെയാണ് പിന്നീട് പ്രേക്ഷകർ കണ്ടത്.
ഇരുവരുടെയും കുട്ടിക്കാലത്തു നിന്നുള്ള ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. അമ്മ വിമലയ്ക്ക് ഒപ്പം നിൽക്കുകയാണ് ധ്യാനും വിനീതും. മുഖഭാവത്തിൽ നിന്നും ഒറ്റ നോട്ടത്തിൽ തന്നെ വിനീതിനെ തിരിച്ചറിയാം. എന്നാൽ ധ്യാനിനെ ഒറ്റനോട്ടത്തിൽ പിടികിട്ടണമെന്നില്ല.
അഭിമുഖങ്ങളിലും മറ്റും തഗ്ഗ് ഡയലോഗുകൾ അടിക്കുന്ന ധ്യാനിന്റെ ഇന്റർവ്യൂകൾ സമൂഹമാധ്യമങ്ങളിൽ പലപ്പോഴും വൈറലാവാറുണ്ട്. ധ്യാൻ നിത്യജീവിതത്തിൽ പറഞ്ഞ ചില തഗ്ഗ് ഡയലോഗുകൾ വിനീത് അതുപോലെ വടക്കൻ സെൽഫി എന്ന ചിത്രത്തിലും ഉപയോഗിച്ചിട്ടുണ്ട്. ഇതിനെ കുറിച്ച് ഒരു അഭിമുഖത്തിൽ ധ്യാൻ പറഞ്ഞതിങ്ങനെ, ” അച്ഛന് എന്തോ പനിയോ മറ്റോ വന്നപ്പോൾ ടെൻഷനായി സീരിയസാണോ എന്ന് അമ്മയോട് ഞാൻ തിരക്കിയിട്ടുണ്ട്. സ്നേഹത്തേക്കാൾ ഉപരി, അച്ഛനെന്തേലും പറ്റിയാൽ പിന്നെയാര് കാശു തരും എന്നായിരുന്നു അന്നത്തെ വേവലാതി. ആ ഡയലോഗ് കേട്ടിട്ടാണ് ചേട്ടൻ അത് അതുപോലെ വടക്കൻ സെൽഫിയെന്ന സിനിമയിലേക്ക് എടുത്തത്.”
വിനീതിനെ പോലെ തന്നെ, സിനിമയുടെ വിവിധ മേഖലകളിൽ തന്റെ സാന്നിധ്യം തെളിയിച്ചിട്ടുണ്ട് ധ്യാനും. നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലെല്ലാം ധ്യാൻ പ്രവർത്തിച്ചിട്ടുണ്ട്.
Read more: ഇപ്പോഴും വീട്ടിൽ തേങ്ങയിടാൻ വരുന്നയാൾ വരെ എന്നെ ഉപദേശിക്കും: ധ്യാൻ ശ്രീനിവാസൻ