മലയാളത്തിലെ യുവതാരങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യമാണ് നടൻ ആസിഫ് അലി. വലിയൊരു ആരാധകവൃന്ദം തന്നെ ആസിഫിനുണ്ട്. ആദ്യചിത്രമായ ‘ഋതു’വിൽ അൽപ്പം പ്രതിനായക സ്വഭാവമുള്ള കഥാപാത്രത്തെയാണ് ആസിഫ് അവതരിപ്പിച്ചതെങ്കിലും പിന്നീട് നായകനായി തിളങ്ങുന്ന ആസിഫിനെയാണ് പ്രേക്ഷകർ കണ്ടത്.
ആസിഫിന്റെ ഒരു കുട്ടിക്കാലചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അമ്മയുടെ ഒക്കത്ത് എന്തിനോ ചിണുങ്ങിയിരിക്കുന്ന കുഞ്ഞ് ആസിഫിനെയാണ് ചിത്രത്തിൽ കാണാനാവുക.

2009-ൽ പുറത്തിറങ്ങിയ ‘ഋതു’വിലൂടെ സംവിധായകൻ ശ്യാമപ്രസാദാണ് ആസിഫിനെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നത്. കഥ തുടരുന്നു, അപൂർവരാഗം, ട്രാഫിക്, വയലിൻ, സാൾട്ട് ആൻഡ് പെപ്പർ, സെവൻസ്, ഡോക്ടർ ലവ്, ഓഡിനറി, മല്ലു സിംഗ്, ബാച്ലർ പാർട്ടി, ഹണി ബി, ഒഴിമുറി, ഹസ്ബൻഡ്സ് ഇൻ ഗോവ, കിളിപോയി, ബൈസിക്കിൾ തീവ്സ്, പകിട, വെള്ളിമൂങ്ങ, മൈലാഞ്ചി മൊഞ്ചുള്ള വീട്, നിർണായകം, അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, അനുരാഗകരിക്കിൻ വെള്ളം, സൺഡേ ഹോളിഡേ, ബിടെക്, ഇബിലീസ്, മന്ദാരം, വിജയ് സൂപ്പറും പൗർണ്ണമിയും തുടങ്ങി ഒരുപിടി ചിത്രങ്ങളിൽ നായകനായും സ്വഭാവനടനായുമൊക്കെ ആസിഫ് അഭിനയിച്ചു.
വേറിട്ട കഥാപാത്ര അവതരിപ്പിച്ചുകൊണ്ടെത്തിയ ആസിഫ് ഇന്ന് ഒരു നടനെന്ന രീതിയിൽ തന്റേതായൊരിടം മലയാളസിനിമയിൽ കണ്ടെത്തിയിട്ടുണ്ട്. ഒരിടയ്ക്ക് മലയാളസിനിമയിലെ ആസ്ഥാന ബിടെക്കുകാരൻ എന്ന ഇമേജിൽ വീണുപോയെങ്കിലും കക്ഷി അമ്മിണിപ്പിള്ള, ഉയരെ, കെട്ട്യോളാണ് എന്റെ മാലാഖ തുടങ്ങിയ ചിത്രങ്ങൾ ആസിഫിന് കരിയറിൽ ഒരു ബ്രേക്ക് നൽകിയ ചിത്രങ്ങളാണ്.
കുറ്റവും ശിക്ഷയും, ഇന്നലെ വരെ, മഹാവീര്യർ തുടങ്ങിയവയാണ് ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ ആസിഫ് ചിത്രങ്ങൾ.