കൗണ്ടറുകളുടെ രാജകുമാരൻ, കാപ്ഷൻ കിങ്ങ് എന്നീ വിശേഷണങ്ങൾ സ്വന്തമാക്കിയ താരം. നടൻ, സംവിധായകൻ, എഴുത്തുകാരൻ എന്നീ നിലകളിലെല്ലാം തൻെറ സാന്നിധ്യം അറിയിച്ച രമേഷ് പിഷാരടിയുടെ കുട്ടികാല ചിത്രമാണിത്. രമേഷ് തന്നെയാണ് തൻെറ സോഷ്യൽ മീഡിയയിലൂടെ ചിത്രം പങ്കുവച്ചത്. ചിത്രത്തിനു പുറകിൽ കാണുന്ന പടിയ്ക്കു മുന്നിൽ നിന്ന് ഈയടുത്ത് എടുത്തൊരു ചിത്രവും ഇതിനോടൊപ്പം ഷെയർ ചെയ്തിട്ടുണ്ട്. ‘അതേ പടി’ എന്നാണ് ചിത്രത്തിനു നൽകിയിരിക്കുന്ന അടികുറിപ്പ്. അനവധി ആരാധകരും ചിത്രത്തിനു താഴെ കമൻറു ചെയ്തിട്ടുണ്ട്. രസകരമായ അടികുറിപ്പുകൾ ചിത്രങ്ങൾക്കു നൽകുന്നതിൽ ശ്രദ്ധ നേടിയ താരമാണ് പിഷാരടി.
കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിയ്ക്ക് ഒപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായ താരം 2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു.
2018 ൽ ‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും രമേഷ് പിഷാരടി തന്റെ കഴിവു തെളിയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ‘ഗാനഗന്ധർവ്വൻ’ ആണ് രമേഷ് പിഷാരടിയുടെ ഒടുവിൽ റിലീസിനെത്തിയ ചിത്രം. സിബിഐ 5: ദ ബ്രെയിൻ എന്ന മമ്മൂട്ടി ചിത്രത്തിലും പിഷാരടി ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.’ചിരി പുരണ്ട ജീവിതങ്ങൾ’ എന്ന പുസ്തകവും രമേഷ് എഴുതിയിട്ടുണ്ട്.