ബോളിവുഡ് സൂപ്പർതാരമായ ജാക്കി ഷറോഫിനൊപ്പം നിൽക്കുന്ന ഈ കുട്ടികൾ മലയാളികൾക്ക് ഏറെ സുപരിചിതരാണ്. ഈ കുട്ടികളുടെ മാത്രമല്ല, അവരുടെ അച്ഛന്മാരുടെ സൗഹൃദവും ഏറെ പ്രശസ്തമാണ്. മലയാളത്തിന്റെ അഭിമാനതാരം മോഹൻലാലിന്റെയും പ്രിയ സംവിധായകൻ പ്രിയദർശന്റെയും മക്കളായ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനുമാണ് ചിത്രത്തിൽ ജാക്കി ഷറോഫിനൊപ്പമുള്ള കുട്ടികൾ. മലയാളത്തിലെ പുതുമുഖ താരങ്ങളിൽ ശ്രദ്ധേയർ കൂടിയാണ് കല്യാണിയും പ്രണവും ഇന്ന്.

തെലുങ്ക് സിനിമയിലൂടെയായിരുന്നു കല്യാണി പ്രിയദർശന്റെ സിനിമാ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിൽ സജീവമാകുകയാണ് താരം. മരക്കാർ, ഹൃദയം, ബ്രോ ഡാഡി എന്നിങ്ങനെ മൂന്നു ചിത്രങ്ങളാണ് കല്യാണിയുടേതായി മലയാളത്തിൽ ഇറങ്ങാനുള്ളത്.
സംവിധായകൻ പ്രിയദര്‍ശന്റെയും മുന്‍കാല നായിക ലിസിയുടെയും മകളായ കല്യാണിയുടെ ആദ്യചിത്രം 2017ൽ റിലീസിനെത്തിയ ‘ഹലോ’ ആയിരുന്നു. ആര്‍ക്കിടെക്ച്ചര്‍ ഡിസൈനിങ് പഠിച്ച കല്യാണി അഭിനയത്തില്‍ എത്തുന്നതിനു മുന്‍പ് തന്നെ സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചിരുന്നു. വിക്രത്തിന്റെ ‘ഇരുമുഗന്’, ഹൃതിക് റോഷന്റെ ‘കൃഷ് 3’ എന്നീ സിനിമകളിലെ കലാ സംവിധാന സഹായിയായിരുന്നു കല്യാണി.
ബാലതാരമായി എത്തി പിന്നീട് മലയാള സിനിമയിൽ നായകനായി അരങ്ങേറ്റം കുറിച്ച നടനാണ് പ്രണവ്. ‘ആദി’എന്ന ചിത്രത്തിലൂടെയായിരുന്നു പ്രണവിന്റെ സിനിമാ അരങ്ങേറ്റം. പിന്നീട് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ എന്ന ചിത്രത്തിലും നായകനായി പ്രണവ് എത്തി. സര്‍ഫിംഗ്, ജെറ്റ് സ്കൈ റൈഡിംഗ് രംഗങ്ങളിലുമെല്ലാം ഏറെ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.
പ്രണവും കല്യാണിയും ഒന്നിച്ച് അഭിനയിച്ച രണ്ടു ചിത്രങ്ങളാണ് റിലീസിനായി കാത്തിരിക്കുന്നത്. മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ‘മരക്കാർ’ എന്ന ചിത്രമാണ് അതിലൊന്ന്. ചിത്രത്തിൽ ജോഡികളായി എത്തുന്നത് കല്യാണിയും പ്രണവുമാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘ഹൃദയം’ എന്ന ചിത്രത്തിലും പ്രണവും കല്യാണിയുമാണ് നായികാനായകന്മാർ.