മലയാള സിനിമയിലെ പകരക്കാരില്ലാത്ത താരസാന്നിധ്യവും മലയാളികളുടെ സ്വകാര്യ അഹങ്കാരവുമാണ് മഞ്ജു വാര്യർ. അച്ഛനമ്മമാർക്കും സഹോദരൻ മധു വാര്യർക്കുമൊപ്പം നിൽക്കുന്ന മഞ്ജുവിന്റെ കുട്ടിക്കാലത്തുള്ള ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.
നൃത്തത്തിന്റെ പശ്ചാത്തലത്തിൽ നിന്നുമാണ് മഞ്ജു വാര്യർ അഭിനയത്തിലേക്ക് എത്തുന്നത്. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാതിലകം പട്ടവും മഞ്ജു നേടിയിരുന്നു. രണ്ട് വർഷം തുടർച്ചയായി സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാതിലക പട്ടം അണിഞ്ഞിട്ടുള്ള മഞ്ജു വാര്യർ 1995-ൽ പുറത്തിറങ്ങിയ ‘സാക്ഷ്യം’ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. പിന്നീട് ‘സല്ലാപം’ എന്ന ചിത്രത്തിലൂടെ നായികയായും അരങ്ങേറ്റം കുറിച്ചു.
പതിനാലു വർഷത്തോളം അഭിനയത്തിൽ നിന്നും വിട്ടുനിന്ന മഞ്ജു വാര്യരുടെ തിരിച്ചുവരവും നൃത്തത്തിലൂടെയായിരുന്നു. ഗുരുവായൂർ ക്ഷേത്ര സന്നിധിയിലെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നൃത്തം ചെയ്തുകൊണ്ടാണ് മഞ്ജു കലാരംഗത്തേക്ക് തിരിച്ചെത്തിയത്. നൃത്തത്തോട് ഏറെ പാഷനുള്ള മഞ്ജു അഭിനയ തിരക്കിനിടയിലും നൃത്തപരിപാടികൾക്ക് സമയം കണ്ടെത്താറുണ്ട്.
രണ്ടാം വരവിൽ മലയാളത്തിനപ്പുറം തമിഴ് ചലച്ചിത്രരംഗത്തും മഞ്ജു തന്റെ അരങ്ങേറ്റം കുറിച്ചു. മഞ്ജുവിന്റെ കരിയർ ബെസ്റ്റ് പ്രകടനങ്ങളിൽ ഒന്നാണ് ‘അസുരൻ’ എന്ന വെട്രിമാരൻ ചിത്രത്തിൽ പ്രേക്ഷകർ കണ്ടത്. അജിത്തിനൊപ്പം അഭിനയിച്ച ‘തുനിവ്’ ആണ് ഏറ്റവും ഒടുവിൽ റിലീസിനെത്തിയ മഞ്ജുവിന്റെ തമിഴ് ചിത്രം.
‘ഹൗ ഓൾഡ് ആർ യൂ’ എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജുവിന്റെ രണ്ടാം വരവ്. എന്നും എപ്പോഴും, റാണി പത്മിനി, ജോ ആൻഡ് ദി ബോ്, പാവാട, വേട്ട, കരിക്കുന്നം സിക്സസ്, കെയർ ഓഫ് സൈറ ബാനു, ഉദാഹരണം സുജാത, വില്ലൻ, ആമി, മോഹൻലാൽ, ഒടിയൻ, ലൂസിഫർ, പ്രതി പൂവൻകോഴി, ദ പ്രീസ്റ്റ്, ജാക്ക് ആൻഡ് ജിൽ, ചതുർമുഖം, മരക്കാർ, മേരി ആവാസ് സുനോ, ചതുർമുഖം, ലളിതം സുന്ദരം എന്നു തുടങ്ങി നിരവധി മലയാള ചിത്രങ്ങളുടെ ഭാഗമായി. ആയിഷയാണ് മലയാളത്തിൽ മഞ്ജുവിന്റെ ഏറ്റവും പുതിയ റിലീസ്. ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കയറ്റം,വെള്ളരിപ്പട്ടണം എന്നീ ചിത്രങ്ങളും റിലീസിനെത്താനുണ്ട്.
നടൻ എന്ന രീതിയിൽ സിനിമയിലെത്തിയ മധുവാര്യർ പിന്നീട് നിർമ്മാണരംഗത്തും സജീവമായിരുന്നു. അടുത്തിടെ ‘ലളിതം സുന്ദരം’ എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായും മധു തുടക്കം കുറിച്ചു.