scorecardresearch

ഒരു കാലത്തെ ഹിറ്റ് ജോഡികളായിരുന്നവർ; ആരെന്ന് മനസ്സിലായോ?

ആരാധകരുടെ ഇഷ്ടം കവർന്ന പ്രിയപ്പെട്ട താരജോഡികൾ

ഒരു കാലത്തെ ഹിറ്റ് ജോഡികളായിരുന്നവർ; ആരെന്ന് മനസ്സിലായോ?

മലയാളത്തിന്റെ സുവർണ താരങ്ങളാണ് ജയനും പ്രേംനസീറും ഉമ്മറും ഷീലയും സീമയും ജയഭാരതിയും ശാരദയുമൊക്കെ. മലയാളസിനിമയെ ജനപ്രിയമാക്കിയതിൽ ഈ താരങ്ങൾക്കും വലിയൊരു പങ്കുണ്ട്. മലയാളികൾക്ക് എന്നും നൊസ്റ്റാൾജിയ സമ്മാനിക്കുന്ന ഒരുപിടി ചിത്രങ്ങളും കഥാപാത്രങ്ങളും സമ്മാനിച്ച അതുല്യപ്രതിഭകൾ.

Read more: അന്ന് കളിപ്പാട്ടത്തിൽ മോഹൻലാലിന്റെ മകൾ, ഇന്ന് ഇന്റർനാഷണൽ അവാർഡ് നേടിയ സംവിധായിക

ഇപ്പോഴിതാ, ഒരു കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന രണ്ടു താരങ്ങളുടെ കുട്ടിക്കാലചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. മലയാളത്തിന്റെ മഹാനടൻ ജയന്റെയും 70-80 കാലഘട്ടത്തിലെ തിരക്കേറിയ നായികമാരിൽ ഒരാളായ സീമയുടെയും ചിത്രമാണിത്. അങ്ങാടി, കരിമ്പന, മനുഷ്യമൃഗം, മൂർഖൻ, തടവറ, ബെൻസ് വാസു, ശക്തി, ചാകര തുടങ്ങി ഒരുപിടി ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഒരു കാലത്തെ ഹിറ്റ് ജോഡികളായിരുന്നു ഇവർ.

കൃഷ്ണൻ നായർ എന്ന ജയൻ മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത താരമാണ്. ഇന്ത്യൻ നേവിയിലും ജയൻ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യൻ നേവിയിൽ നിന്നും രാജിവെക്കുമ്പോൾ ജയൻ ചീഫ് പെറ്റി ഓഫീസർ പദവിയിൽ എത്തിയിരുന്നു.

ആക്ഷൻ വേഷങ്ങൾ കൂടുതലും കൈകാര്യം ചെയ്ത ജയൻ കേരളത്തിലെ യുവാക്കൾക്കിടയിൽ തരംഗമായി മാറിയ ഒരു കാലമുണ്ട്. ജയന്റെ ശൈലിയും വേഷവിധാനവുമൊക്കെ ഏറെ ശ്രദ്ധ നേടിയ ഒന്നാണ്. മലയാള സിനിമയിലെ ആദ്യ ആക്ഷൻ നായകനെന്നു തന്നെ ജയനെ വിശേഷിപ്പിക്കാം. 41-ാം വയസ്സിൽ പ്രശസ്തിയുടെ നെറുകയിൽ നിൽക്കുമ്പോഴാണ് ഒരു ഹെലികോപ്ടർ അപകടത്തിൽ ജയൻ മരണമടഞ്ഞത്. ‘കോളിളക്കം’ എന്ന സിനിമയുടെ ലൊക്കേഷനിൽ, ഒരു സാഹസികരംഗം ചിത്രീകരിക്കുമ്പോഴായിരുന്നു അപകടത്തിപ്പെട്ട് ജയൻ മരിക്കുന്നത്.

14-ാം വയസ്സിൽ ഒരു തമിഴ് സിനിമയിൽ നർത്തകിയായി അഭിനയിച്ചു കൊണ്ടാണ് സീമ തന്റെ കരിയർ ആരംഭിച്ചത്. ‘നിഴലെ നീ സാക്ഷി’ എന്ന ചിത്രത്തിലൂടെയാണ് അഭിനേത്രിയെന്ന രീതിയിൽ പിന്നീട് സീമ തുടക്കം കുറിച്ചത്. ഈ ചിത്രം പക്ഷേ പൂർത്തിയാക്കാനായില്ല. എന്നാൽ, ആ സിനിമയുടെ ഷൂട്ടിങ് സമയത്താണ് ശാന്തകുമാരി നമ്പ്യാർ എന്ന പെൺകുട്ടി സീമയായി മാറിയത്, എഴുപതുകളിലെ പ്രശസ്ത നടനായ വിജയൻ ആണ് താരത്തിന് സീമ എന്ന പേരു നിർദ്ദേശിക്കുന്നത്.

സീമയുടെ അഭിനയജീവിതത്തിൽ വഴിത്തിരിവായത് ഐ.വി.ശശി സംവിധാനം ചെയ്ത ‘അവളുടെ രാവുകൾ’ എന്ന ചിത്രമാണ്. അന്ന് സീമയ്ക്ക് 19 വയസ്സാണ് പ്രായം. കരിയറിൽ വഴിത്തിരിവായ ചിത്രത്തിന്റെ സംവിധായകൻ തന്നെ സീമയുടെ ജീവിത പങ്കാളിയുമായി. 1980 ഓഗസ്റ്റ് 28ന് ആയിരുന്നു സീമയും ഐവി ശശിയും തമ്മിലുള്ള വിവാഹം. അനു, അനി എന്നിങ്ങനെ ഒരു മകളും മകനുമാണ് ഈ ദമ്പതികൾക്ക് ഉള്ളത്. 2017ൽ ഐവി ശശി മരിച്ചു.

മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരം രണ്ടു തവണ സ്വന്തമാക്കിയ അഭിനേത്രി കൂടിയാണ് സീമ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 260ലേറെ ചിത്രങ്ങളിലാണ് സീമ വേഷമിട്ടത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Malayalam actor actress childhood photo throwback