വേദപഠനത്തിന് പോവുന്ന കാലത്താണ് അടിസ്ഥാനവർഗ്ഗ മനുഷ്യർക്കൊപ്പം തന്നെ പള്ളിയുമായി ബന്ധപ്പെട്ടു കിടക്കുന്ന എലൈറ്റ് ക്ലാസ് മനുഷ്യരെയും അടുത്തറിഞ്ഞത്. നമ്മളെ സംബന്ധിച്ച് പള്ളിയെന്നു പറയുമ്പോൾ ആദ്യം മനസ്സിൽ തെളിയുന്ന മുഖം അച്ചന്റെയും കന്യാസ്ത്രീമാരുമൊക്കെയാണല്ലോ. അവരാണ് ദൈവവചനം നമുക്ക് പറഞ്ഞുതരുന്നവർ. അവരുടെ ഭാഗത്തുനിന്നാണ് കാരുണ്യവും സ്നേഹവും മനുഷ്യത്വവും ആദ്യമുണ്ടാവേണ്ടത്. പക്ഷേ ഞാൻ കണ്ടത് അതല്ല. പാവപ്പെട്ടവരോടും ദാരിദ്ര്യം അനുഭവിക്കുന്നവരോടും തൊലി കറുത്തവരോടുമൊക്കെ വലിയ വിവേചനം കാണിക്കുന്ന അച്ചന്മാരെയും കന്യാസ്ത്രീകളെയുമൊക്കെയാണ് ഞാൻ കണ്ടത്. അവർ പഠിപ്പിക്കുന്ന ദൈവസ്നേഹവും ജീവിതത്തിൽ കാണിക്കുന്ന ഈ വിവേചനവും തമ്മിൽ അങ്ങ് പൊരുത്തപ്പെടുന്നില്ല. സ്വാഭാവികമായും അതെന്നിൽ കലഹമുണ്ടാക്കിയിരുന്നു.
ആയിടെ, ഒരു സംഭവമുണ്ടായി. എന്‍റെ കൂടെ പഠിച്ചിരുന്ന രണ്ടു കുട്ടികൾക്ക് ഒരേ കാരണത്താൽ സൺഡേ ക്ലാസ്സിന്റെ പരീക്ഷ എഴുതാൻ കഴിയാതെ പോയി. രണ്ടുപേരുടെയും കുടുംബത്തിൽ മരണം നടന്നതുകൊണ്ടായിരുന്നു അത്. ഞാൻ ജയിച്ച് പുതിയ ക്ലാസിലേക്ക് എത്തിയപ്പോൾ, അതിലൊരു കുട്ടിയും ആ ക്ലാസ്സിലുണ്ട്. എലൈറ്റ് ക്ലാസ്സ് പ്രതിനിധിയാണ് ആ കുട്ടി. “പരീക്ഷയെഴുതാതെ നീ എങ്ങനെ ജയിച്ചു ഇവിടെയെത്തി?” എന്നു ചോദിച്ചപ്പോൾ കിട്ടിയ മറുപടി ‘ആ കുട്ടിയുടെ കൂട്ടുകാരികൾ രണ്ടുപേരും ജയിച്ചു, അവരുമായുള്ള കൂട്ടുപിരിയും എന്നതിനാൽ സിസ്റ്ററോട് പറഞ്ഞ് പ്രത്യേക പെർമിഷൻ എടുത്ത് പുതിയ ക്ലാസ്സിലേക്ക് പ്രവേശനം നേടിയതാണ്’ എന്നായിരുന്നു. ഞാനപ്പോൾ തന്നെ സിസ്റ്ററോടു പോയി പറഞ്ഞു, അങ്ങനെയാണെങ്കിൽ മറ്റേ കുട്ടിയേയും ജയിപ്പിക്കണം, ഞങ്ങൾ ഒന്നിച്ചാണ് വരുന്നത്, അവളുടെ കൂട്ടുപിരിയാൻ എനിക്കും വയ്യ. നീ ഭാരിച്ച കാര്യങ്ങൾ അന്വേഷിക്കേണ്ട എന്നാണ് സിസ്റ്റർ എന്നോട് പറഞ്ഞത്. ‘അന്വേഷിക്കും, ഒന്നുകിൽ രണ്ടു കുട്ടികളെയും ജയിപ്പിക്കണം, അല്ലെങ്കിൽ രണ്ടുപേരെയും തോൽപ്പിക്കണം’ എന്നു ഞാൻ കലഹിച്ചു. അതോടെ അച്ചനും പ്രശ്നത്തിൽ ഇടപെട്ടു, ഇതെല്ലാം സിസ്റ്ററുടെ സ്വാതന്ത്ര്യത്തിൽ വരുന്ന കാര്യമാണ്, അതു നമുക്ക് അംഗീകരിച്ചു കൊടുക്കാമെന്നൊക്കെ മധ്യസ്ഥം പറഞ്ഞു. ‘ഇല്ല അച്ചാ, നിങ്ങൾ ഇവിടുന്ന് പഠിപ്പിക്കുന്നത് കാരുണ്യവും നീതിയുമൊക്കെയാണ്. പക്ഷേ ഇങ്ങനെയാണ് ചെയ്യുന്നതെങ്കിൽ ഞാനിനി ഇവിടേക്ക് വരുന്നില്ല’ എന്നു പറഞ്ഞ് ഞാനിറങ്ങി.
ഞാനൊരു പ്രശ്നമാണെന്ന് അവർക്ക് മനസ്സിലായതുകൊണ്ടാവണം, എന്നെ കുറിച്ച് പരാതിയുമായി അവർ വീട്ടിലേക്കും ആളെ അയച്ചു. വീട്ടിലെത്തിയപ്പോൾ അവിടുത്തെ സീൻ, ഞാൻ അച്ചനെയും സിസ്റ്ററെയും പള്ളിയേയുമൊക്കെ ധിക്കരിച്ചു എന്നാണ്. “എന്ത് ധിക്കാരമാണ് ചെയ്തത്, ഞാൻ ചെയ്തത് ന്യായമല്ലേ,” എനിക്ക് ദേഷ്യവും സങ്കടവും വന്നു. ഒരുപാട് കുഴപ്പങ്ങൾ ഉള്ള ആളായിരുന്നെങ്കിലും അപ്പച്ചന്റെ ഒരു ഗുണം പുള്ളിയുടെ നീതിബോധമാണ്. ന്യായമുള്ളിടത്തു മാത്രമേ അദ്ദേഹം നിൽക്കൂ. എല്ലാം കേട്ടപ്പോൾ അപ്പച്ചൻ പറഞ്ഞു, “അവൾ കൊച്ചാണെന്നത് ശരി, പക്ഷേ അവൾ പറഞ്ഞത് ന്യായമല്ലേ. മോൻ ഇനി പോവേണ്ടാ,” അപ്പച്ചൻ ധൈര്യം തന്നു. അതിനു ശേഷം ഞാൻ സൺഡേ ക്ലാസ്സിൽ പോയിട്ടില്ല. എനിക്ക് ബോധ്യമില്ലാത്ത കാര്യമാണെങ്കിൽ ആരെന്തു നിർബന്ധിച്ചാലും ഞാനതിനു വഴങ്ങില്ല, ചെറുപ്പകാലം മുതൽ ശീലിച്ചത് അതാണ്.

അനീതിയെന്നു പറയുന്ന സംഭവം എക്സിക്യൂട്ട് ചെയ്യുന്നത് സമൂഹത്തിലെ ഏറ്റവും താഴെകിടയിലുള്ള മനുഷ്യരോടാണ് എന്നു തോന്നിയിട്ടുണ്ട്. ഇന്ത്യൻ സാഹചര്യത്തിൽ അത് ജാതി തന്നെയാണ്. ആത്യന്തികമായി നിങ്ങളുടെ ജീവിതസാഹചര്യം, കുടുംബപശ്ചാത്തലം ഒക്കെ നോക്കികൊണ്ടാണ് നിങ്ങളുടെ മേലുള്ള നീതി നടപ്പാക്കുന്നത്. അതിനോട് എനിക്കെന്നും കലഹമുണ്ട്. അത് പള്ളിയാണെങ്കിലും പാർട്ടിയാണെങ്കിലും അപ്പനും അമ്മയാണെങ്കിലും ചോദ്യം ചെയ്യേണ്ട കാര്യമാണ്. അതെന്റെ ജനിതകഘടനയിലുള്ളതാണോ എന്നെനിക്കറിഞ്ഞൂകൂടാ. പക്ഷേ അങ്ങനെയല്ലാതെയാവാൻ എനിക്കാവില്ല.
സഭ നമ്മളെ പഠിപ്പിച്ചു തന്നതൊന്നും ആവശ്യമില്ലാത്തതാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. നമ്മളെ അനുസരണ പഠിപ്പിക്കുന്നു. പക്ഷേ ആരെ അനുസരിക്കണം എന്നതാണ് ചോദ്യം. സ്ഥാനമാനങ്ങൾ ഉള്ളവരെ അനുസരിക്കണം എന്നാണ് പഠിപ്പിക്കുന്നത്. ഗുരുക്കന്മാരെ ചോദ്യം ചെയ്യാൻ പാടില്ല, ആളുകളെ ബഹുമാനിക്കണം എന്നു പഠിപ്പിക്കുന്നു. പക്ഷേ അതിൽ ഒളിഞ്ഞിരിക്കുന്ന അർത്ഥം, നിങ്ങൾ ആളുകളുടെ സ്ഥാനത്തെ ബഹുമാനിക്കണം എന്നാണ്. അല്ലാതെ, ഒരാളുടെ വ്യക്തിത്വത്തെ ബഹുമാനിക്കണം എന്നല്ല പഠിപ്പിച്ചു തരുന്നത്. അതു കൊണ്ടാണ് വലിയ പൊസിഷനിൽ ഇരിക്കുന്ന ഒരാൾ നിങ്ങൾക്കു മുന്നിൽ ബഹുമാനം അർഹിക്കുന്നവനാവുന്നതും അതേ സമയം തന്നെ, പ്രത്യേകിച്ചു പൊസിഷൻ ഒന്നുമില്ലാത്ത ഏറ്റവും ക്വാളിറ്റിയുള്ള മനുഷ്യനെ ആരും തിരിച്ചറിയാതെ പോവുന്നതും.
സോക്രട്ടീസിനെ കുറിച്ചുള്ള ഒരു കഥയുണ്ട്. അദ്ദേഹമെന്നും ചന്തയിൽ വന്നിട്ട് എല്ലാ സാധനങ്ങളും നോക്കും. പക്ഷേ ഒന്നും വാങ്ങില്ല. നിത്യം വന്നിട്ടും ഒന്നും വാങ്ങാത്തതെന്താണെന്ന് ഒരു ദിവസം കച്ചവടക്കാരൻ തിരക്കി. എനിക്ക് ആവശ്യമില്ലാത്ത എന്തൊക്കെ കാര്യങ്ങളാണ് ദിവസവും ലോകത്ത് ഇറങ്ങുന്നത് എന്നറിയാനാണ് ഞാൻ എന്നും വരുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതു പോലെയാണ് മനുഷ്യരുടെ അവസ്ഥ, നമുക്ക് ആവശ്യമില്ലാത്ത കാര്യങ്ങളാണ് പലപ്പോഴും അടിച്ചേൽപ്പിക്കപ്പെടുന്നത്.
കാരുണ്യം പോലെ ഒരു നല്ല ഭാഷ വേറെയില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. നമ്മൾ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ ആദ്യമതു ചെയ്യേണ്ടത് അതർഹിക്കുന്ന ആൾക്കു വേണ്ടിയാണ്. പല വീടുകളിലും ഷെൽഫുകളിൽ അതിഥികൾക്കായി മാറ്റിവച്ച ഏറ്റവും വിലപിടിച്ചതും നല്ലതുമായ ഒരു സെറ്റ് പാത്രങ്ങളെങ്കിലും കാണും. അതിൽ ഒരിക്കലും നമ്മൾ ഭക്ഷണം കഴിക്കില്ല, വരാൻ സാധ്യതയുള്ള ‘വലിയ’ ആളുകൾക്ക് വേണ്ടി മാറ്റിവച്ചിരിക്കുന്നതാണ്. സത്യത്തിൽ, അത്തരം ചെറിയ കാര്യങ്ങളിൽ നിന്നു പോലും അൺലേൺ ചെയ്ത് തുടങ്ങണം. നമ്മുടെ വീട്ടിൽ എല്ലാവർക്കും ഒരു പോലെയുള്ള പാത്രമുണ്ടായാൽ മതിയെന്ന് നാം ചിന്തിക്കുന്നിടത്തു തന്നെ മനുഷ്യരാശി മാറി തുടങ്ങും.

വർഷങ്ങൾക്കു ശേഷം കേരളത്തിൽ തിരിച്ചെത്തിയപ്പോഴാണ് തിരിച്ചറിഞ്ഞത്… വല്ലാത്ത രീതിയിൽ ജാതി സ്പിരിറ്റ് അനുഭവപ്പെടുന്നുണ്ട് സമൂഹത്തിൽ. കുട്ടിക്കാലത്തും ജാതിയുടേതായ വേർതിരിവുകൾ കണ്ടിട്ടുണ്ട്, പക്ഷേ അന്നൊന്നും ഇത്ര കാലുഷ്യമില്ലായിരുന്നു. ഒരേ തട്ടകത്ത് വ്യത്യസ്ത വിശ്വാസങ്ങളുള്ള മനുഷ്യർ പരസ്പരം ഇടകലർന്ന് ജീവിച്ചിരുന്നു. പക്ഷേ ഇന്ന് സ്ഥിതി അങ്ങനെയല്ല. എറണാകുളം പോലുള്ള ഒരു സ്ഥലത്തു പോലും മുസ്‌ലിം ആയതു കൊണ്ട് വീടു കിട്ടാൻ ബുദ്ധിമുട്ട് നേരിട്ടൊരു അനുഭവം ഒരു സുഹൃത്ത് ഇന്ന് പറഞ്ഞതേയുള്ളൂ. അത്രയും ധ്രുവീകരണം കേരളസമൂഹത്തിൽ മുൻപ് ഇല്ലായിരുന്നു. നോർത്തിലൊക്കെയുള്ള ഒരു കാസ്റ്റ് സെറ്റപ്പും അതിന്റെ പതിപ്പുകളും കേരളത്തിലേക്കും വരുന്നുണ്ട്.
സമൂഹത്തിൽ മാറ്റം വരുത്താനായി ബോധപൂർവ്വമുള്ള ഇടപെടലുകൾ നടത്തുന്ന ചെറുപ്പക്കാരും കുറവാണ്. കളക്റ്റീവായി ഒരു വിഷയത്തെ സമീപിക്കാനൊന്നും ഭൂരിഭാഗം ചെറുപ്പക്കാരും തയ്യാറല്ല. ദേശീയ പ്രശ്നങ്ങളിലോ സാമൂഹിക പ്രശ്നങ്ങളിലോ വലിയ ഇടപെടലുകൾ ചെറുപ്പക്കാരിൽ നിന്ന് ഉണ്ടാവുന്നില്ല. ഞങ്ങൾക്ക് ഈ സൊസൈറ്റിക്ക് ഒന്നും കൊടുക്കാനില്ല, സൊസൈറ്റിയിൽ നിന്ന് ഞങ്ങൾക്കൊന്നും എടുക്കാനുമില്ലെന്നൊരു ആറ്റിറ്റ്യൂഡ് ആണ് ഇന്നത്തെ യൂത്തിന്. നല്ലൊരു വിഭാഗം ചെറുപ്പക്കാരും വിദ്യഭ്യാസം നേടി കഴിഞ്ഞ് പുറം രാജ്യങ്ങളിൽ പോയി ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ മുന്നോട്ട് നോക്കുമ്പോഴും വലിയ പ്രത്യാശയ്ക്ക് വകയില്ല.
2. രാഷ്ട്രീയം തലയ്ക്ക് പിടിച്ച കാലം
3. പള്ളിക്കാർക്ക് പിടിക്കാത്ത മിശ്രവിവാഹം
4. ജീവിതവും വിഷാദവും മുഖാമുഖം നിന്ന കാലം
5. മനുഷ്യബന്ധങ്ങളെ കുറിച്ച് വേറിട്ട കാഴ്ചപ്പാട് നൽകിയ പോണ്ടിച്ചേരി
6.സ്വപ്നങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ച് പ്രവാസ ജീവിതത്തിലേക്ക്
7. തുടർക്കഥ പോലെ പൊലീസ് വേട്ടയാടലും അറസ്റ്റും; മാവോയിസ്റ്റ് ടാഗ് വരെ ചാർത്തി കിട്ടിയ നാളുകൾ
8. പൊരുത്തക്കേടുകൾ വേർപിരിയലിലേക്ക്