ഡിവോഴ്സ് എന്നു കേൾക്കുമ്പോൾ ആദ്യം ആളുകളുടെ ചിന്ത പോവുന്നത്, ഭർത്താവിന് ഇഷ്ടമില്ലാത്ത എന്തോ ചെയ്തിട്ടാണ് വേർപിരിയലിൽ എത്തിയത് എന്നാണ്. അങ്ങനെയാണ് സമൂഹത്തിന്റെ ഉടനടിയുള്ള ജഡ്ജ്മെൻറ്. അല്ലെങ്കിൽ സ്ത്രീകളുടെ കുഴപ്പം കൊണ്ടാണെന്ന് വിധിയെഴുതും. അവൾ സാമർത്ഥ്യകാരിയോ അഡ്ജസ്റ്റ് ചെയ്യാൻ ഒരുക്കമില്ലാത്ത ഫെമിനിച്ചിയോ ആണെന്ന തീർപ്പില്ലെത്താൻ സമൂഹത്തിനു അധിക സമയം വേണ്ട. ഇത്തരം പൊതുബോധത്തോടെയാണ് സമൂഹം ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയെ നോക്കികാണുന്നത്. എന്നോടും എപ്പോഴും ആളുകൾ ചോദിക്കാറുണ്ട്, ഭർത്താവിന് ഇഷ്ടമില്ലാതെ സിനിമയിൽ വന്നതു കൊണ്ടാണോ നിങ്ങൾ പിരിഞ്ഞതെന്ന്? ഭർത്താവിന് ഞാൻ ഈ ജോലി ചെയ്യുന്നതിൽ പ്രശ്നമില്ല, ഞങ്ങൾ തമ്മിൽ പൊരുത്തപ്പെടാൻ പറ്റാതെ പോയപ്പോൾ പിരിഞ്ഞതാണെന്ന് പറഞ്ഞാൽ പലർക്കും മനസ്സിലാവില്ല.
എന്തു ഉദ്ദേശിച്ചാണ് കവി, ”അങ്കുശമില്ലാത്ത ചാപല്യമേ നിന്നെ അംഗന എന്ന് വിളിക്കട്ടെ?’ എന്നു പാടിയത്. അതു വിളിച്ചയാൾക്കിട്ട് രണ്ടെണ്ണം കൊടുക്കണമെന്ന് എന്റെ കൂട്ടുകാരി എപ്പോഴും പറയും. സ്ത്രീകളെ അങ്ങനെ വിളിക്കും, പക്ഷേ കണ്ട ചെളിയിലൊക്കെ ചവിട്ടി, കണ്ട വെള്ളത്തിലൊക്കെ കാലു കഴുകുന്ന പുരുഷനെ സംബന്ധിച്ച് അങ്കുശവുമില്ല, ചാപല്യവുമില്ല. പുരുഷന് ഏതു ചെളിയിലും ചവിട്ടാം, എവിടെയും കാൽ കഴുകാം. അതിലൊന്നും കുഴപ്പമില്ല, സ്ത്രീകൾ മാത്രമാണ് ചാപല്യത്തിന്റെ റഡാറിലുള്ളത്. ഈ പൊതുബോധത്തിൽ നിന്നാണ് നല്ലൊരു വിഭാഗം ആണുങ്ങളും ഇപ്പോഴും പെണ്ണിനെ നോക്കുന്നത്.
ഒറ്റയ്ക്ക് ജീവിക്കാൻ ഒരു സ്ത്രീ തീരുമാനമെടുത്താൽ അതുമൊരു യുദ്ധമാണ്. കുട്ടികളെ കൂടി നോക്കേണ്ട ചുമതല വരുമ്പോൾ അതിന്റെ പ്രതിസന്ധി ഏറെയാണ്. വേറൊരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ, വേർപിരിയുന്ന സമയത്ത് ഒറ്റ ആണിനും കുട്ടികളെ വേണ്ട. നൂറുപേരിൽ ഒരാണു മാത്രമായിരിക്കും കുഞ്ഞിനു വേണ്ടി വാശി പിടിക്കുക. അതും അയാളുടെ ഈഗോയെ പ്ലീസ് ചെയ്യാൻ വേണ്ടിയാവും ചിലപ്പോൾ. ആത്യന്തികമായി ഈ കുട്ടികളുടെ റിസ്ക് മുഴുവൻ അമ്മമാരിലാണ്. അമ്മമാരുടെ ജീവിതം എപ്പോഴും ട്രോമാറ്റിക് ആണ്.

കുടുംബത്തിനകത്ത് ജീവിക്കുന്നവരാണ് ഏറ്റവും സുരക്ഷിതർ എന്നാണ് നമ്മുടെ പൊതുബോധം. കുടുംബത്ത് എന്നും വഴക്കും അടിയും പ്രശ്നവുമൊക്കെയാണെങ്കിൽ പോലും അതിന് പ്രസക്തിയില്ല. അതുകൊണ്ടുതന്നെ അച്ഛനമ്മമാർ പെട്ടെന്ന് വേർപിരിയുമ്പോൾ കുട്ടികൾക്കാണ് അപകർഷതാബോധം തോന്നുക. അവർ കണ്ട സിസ്റ്റം അതാണല്ലോ. അച്ഛനമ്മമാർ വേർപിരിയുമ്പോഴും അവർക്ക് വേറെ വേറെ ഇണകൾ ഉണ്ടാവുമ്പോഴും അവർ നിങ്ങളുടെ അച്ഛനും അമ്മയുമൊക്കെ തന്നെയാണെന്ന് മക്കളോട് പറയുന്ന ഒരിടം എവിടെയുമില്ല. ഈ സമൂഹത്തിൽ വിധവയായി ജീവിക്കുന്നതിലും വലിയ പ്രശ്നമാണ് ഡിവോഴ്സായി ജീവിക്കുന്നത് എന്നു തോന്നിയിട്ടുണ്ട്. അച്ഛനൊപ്പം ഒരു കൂട്ടുകാരിയുള്ളത് മക്കൾക്ക് പ്രശ്നമല്ല, പക്ഷേ അമ്മയ്ക്ക് ഒരു കൂട്ടുകാരനുണ്ടാവുന്നത് താങ്ങാൻ പറ്റില്ല. കാരണം അമ്മയെ അങ്ങനെയാണ് ലോകം പോർട്രൈ ചെയ്ത് വച്ചിരിക്കുന്നത്. സഹനത്തിന്റെ, ത്യാഗത്തിന്റെ ആൾരൂപം. 24 വയസ്സിൽ വിധവയായൊരു സ്ത്രീ 80 വയസ്സിൽ വിധവയായി തന്നെ മരിച്ചാൽ അതിനെ ഗ്ലോറിഫൈ ചെയ്യുന്ന ലോകമാണ്.
നമ്മുടെ കുട്ടികൾ ഇന്ന് ധാരാളം സീരിസുകളും വിദേശ സിനിമകളും കാണുന്നുണ്ട്. പ്രായമായ സ്ത്രീകളുടെ പ്രണയമൊക്കെ അവർക്ക് സീരിസുകളിൽ കണ്ട് ഇഷ്ടപ്പെടും. പക്ഷേ അതൊന്നും സ്വന്തം അമ്മയുടെയോ സഹോദരിയുടെയോ കാര്യത്തിൽ അവർക്ക് ഉൾക്കൊള്ളാൻ പറ്റില്ല. ത്യാഗപൂർണമായ ജീവിതം ജീവിച്ച്, അവരെ നോക്കി മരിച്ചു പോവുന്ന അമ്മമാരെയൊക്കെ തന്നെയാണ് മക്കൾക്കിപ്പോഴും അഭികാമ്യം. എളുപ്പമല്ല ഡിവോഴ്സ് ആയൊരു സ്ത്രീയുടെ ജീവിതം. വിധവകൾക്ക് അനുതാപം കിട്ടും, പക്ഷേ വിധവകളോട് അനുതാപം കാണിക്കുന്ന അതേ മനുഷ്യർ തന്നെ ഡിവോഴ്സായ ഒരു സ്ത്രീയെ ടെസ്റ്റിലിട്ട് നിർത്തും. ഞങ്ങൾ നിങ്ങളെ വളയ്ക്കാൻ നോക്കും, പിടി തരാതെ നിൽക്കേണ്ടത് നിങ്ങളുടെ ധർമ്മം എന്നൊക്കെയുള്ള വിചിത്രമായ കാഴ്ചപ്പാടാണ് ഇവിടെ.
അമ്മ എന്ന രീതിയിൽ, രണ്ട് പുരുഷന്മാരെയാണ് വളർത്തുന്നത് എന്ന ബോധം എനിക്കെപ്പോഴുമുണ്ട്. ഞാൻ ഈ 54 വയസ്സിൽ നിൽക്കുമ്പോൾ, ഇത്രകാലമുള്ള പുരുഷാനുഭവം മാത്രമല്ല, എത്രയോ തലമുറകളുടെ പുരുഷാനുഭവങ്ങളുടെ സഹനത്തിന്റെയും പീഡനത്തിന്റെയും ജീനുകൾ കൂടി എന്‍റെയുള്ളിലുണ്ട്. ഞാൻ സബ്മീസിവ് ആയത് ആ പീഡനങ്ങളുടെ കൂടെ ബാക്കികൊണ്ടാണ്. തിരിച്ചറിവോടു കൂടി ആൺമക്കളെ വളർത്തുക എന്നു പറയുന്നത് ഏതു സമയവും ഏതു നേരവും ഒരു യുദ്ധത്തിനു തയ്യാറായി നിൽക്കുന്നതു പോലെയാണ്. ഒട്ടും സ്മൂത്തായിരിക്കില്ല ആ ബന്ധം, ആൺമക്കളുമായുള്ള വൈബ് പോലും. പക്ഷേ ഏതെങ്കിലും സമയത്ത് നമ്മൾ പറയുന്ന കാര്യങ്ങൾ സൊസൈറ്റിയിൽ അപ്ലൈ ചെയ്യേണ്ടി വരുമ്പോൾ അവർക്കതിന്റെ ഗുണം കിട്ടും. ഭാവിയിൽ ജീവിതത്തിൽ കൂട്ടുകാരികളോടൊക്കെ ഇടപെടുമ്പോൾ അവരുടെ ഭാഗത്തുനിന്ന് ഒരു കൗണ്ടർ ക്വസ്റ്റ്യൻ ഉണ്ടാവുമ്പോൾ അവർക്കത് റിലേറ്റ് ചെയ്യാൻ പറ്റും. അമ്മ പറയാൻ ശ്രമിച്ചത് ഇതായിരുന്നു എന്ന തിരിച്ചറിവുണ്ടാവും. അത്രയെങ്കിലും ബോധവത്കരണം ഉണ്ടാക്കാനേ സാധിക്കൂ.

ഒരു അഞ്ചു തലമുറ കൂടി ഇത്തരം പ്രോസസിലൂടെ പോയി കഴിഞ്ഞാലേ കുറച്ചുകൂടി മെച്ചപ്പെട്ടൊരു ജീവിതം പെൺകുട്ടികൾക്കുണ്ടാവുകയുള്ളൂ. ഇപ്പോൾ തന്നെ ആറുമാസം പിന്നിടുന്ന ദാമ്പത്യങ്ങൾ പോലും കോർട്ടിലാണ്. അതൊരു കണക്കിന് നല്ലതാണ്. ജീവിതം അധികകാലം പെൺകുട്ടികൾ ടോക്സിക് ബന്ധങ്ങളിൽ നഷ്ടപ്പെടുത്തി കളയുന്നില്ലല്ലോ. ‘എന്തൊരു വിഢ്ഢിത്തരമാണ് ഞങ്ങൾ ചെയ്തത്, സുഹൃത്തുക്കളായിരുന്ന കാലം നല്ലതായിരുന്നു, ഭാര്യയും ഭർത്താവും ആവുന്നതോടെ ഉടമസ്ഥാവകാശം വന്നു, അതാണ് പ്രശ്നം’ എന്നൊക്കെ ഇന്നത്തെ കുട്ടികൾ പെട്ടെന്ന് തിരിച്ചറിയുന്നുണ്ട്. ശരിയാണത്, പുരുഷനെപ്പോഴും കല്യാണത്തിലൂടെ സ്ത്രീയുടെ മേലൊരു ഉടമസ്ഥാവകാശം വരുന്നുണ്ട്.
ഡിവോഴ്സും വേർപ്പിരിയലുമൊക്കെ ഒരു തരത്തിൽ ജീവിതത്തെ വളരെ പ്രോബ്ലമാറ്റിക് ആക്കുന്നുണ്ട്. കാരണം മനുഷ്യർക്ക് ആഹ്ളാദിക്കണമെങ്കിൽ ആത്യന്തികമായി ഒരു കൂട്ടു വേണം. പക്ഷേ അതു ജനുവിൻ ആകുമ്പോഴേ ആഹ്ളാദിക്കാൻ പറ്റൂ. ജനുവിൻ കൂട്ടുകൾ ഉണ്ടാക്കിയെടുക്കുക എന്നത് സമൂഹത്തിന്റെ മൊത്തം ഉത്തരവാദിത്വമാണ്. ഈ കൂട്ട് ഉണ്ടാക്കി കൊടുക്കാനുള്ള സാഹചര്യം സ്കൂളുകളിൽ നിന്നോ പള്ളികളിൽ നിന്നോ അമ്പലങ്ങളിൽ നിന്നോ ഉണ്ടാവുന്നില്ല.
2. രാഷ്ട്രീയം തലയ്ക്ക് പിടിച്ച കാലം
3. പള്ളിക്കാർക്ക് പിടിക്കാത്ത മിശ്രവിവാഹം
4. ജീവിതവും വിഷാദവും മുഖാമുഖം നിന്ന കാലം
5. മനുഷ്യബന്ധങ്ങളെ കുറിച്ച് വേറിട്ട കാഴ്ചപ്പാട് നൽകിയ പോണ്ടിച്ചേരി
6.സ്വപ്നങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ച് പ്രവാസ ജീവിതത്തിലേക്ക്
7. തുടർക്കഥ പോലെ പൊലീസ് വേട്ടയാടലും അറസ്റ്റും; മാവോയിസ്റ്റ് ടാഗ് വരെ ചാർത്തി കിട്ടിയ നാളുകൾ