സാമ്പത്തിക മാന്ദ്യം വന്നപ്പോൾ ഞാനും കുട്ടികളും ഗൾഫ് വിട്ട് നാട്ടിലേക്ക് മടങ്ങി. കേരളത്തിലേക്ക് വരാൻ ഇഷ്ടമുണ്ടായിട്ട് വന്നതല്ല. ബാലുവിന്റെ തീരുമാനമായിരുന്നു അത്. ആ തീരുമാനമടക്കം പലതും സ്വന്തം ഇഷ്ടപ്രകാരമല്ലാതെ എടുക്കേണ്ടി വന്നതിന്റെ നിരാശയുമുണ്ടായിരുന്നു. എറണാകുളത്ത് മുൻപെ ഒരു ഫ്ളാറ്റ് എടുത്തിട്ടുണ്ടായിരുന്നു. അവിടേക്ക് ഞാനും കുട്ടികളും താമസം മാറി. കുട്ടികളെ ഇവിടെയൊരു സ്കൂളിൽ ചേർത്തു. ബാലു അപ്പോഴും ഗൾഫിൽ തന്നെ. പെട്ടെന്നുള്ള പറിച്ചുനടൽ എനിക്കും കുട്ടികൾക്കും മാനസികമായി വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കി. എനിക്ക് ഇവിടെ വേരുകൾ ഒന്നുമില്ല. സുഹൃത്തുകളൊക്കെ തൃശൂരിൽ, അമ്മയും മരിച്ചു. തിരിച്ചു വന്ന സമയത്ത് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ. ലോകത്തിനോട് മുഴുവൻ യുദ്ധം ചെയ്ത് ജീവിക്കണമെന്ന ആഗ്രഹമൊന്നും അപ്പോഴില്ല. കുടുംബമാണ് പ്രധാനം എന്ന തരത്തിൽ ഏതൊരു സ്ത്രീയുടെയും ബേസിക് ചിന്തയിലേക്ക് ഞാനും ചുരുങ്ങിയിരുന്നു.
അതിനിടയിലാണ് പഴയ ചില സുഹൃത്തുക്കളെ കൊച്ചിയിൽ വച്ച് വീണ്ടും കണ്ടുമുട്ടുന്നത്. അഡ്വക്കേറ്റ് നന്ദിനി, കെപി സേതുനാഥ്… ആ സമയത്താണ് സൗമ്യയുടെ ദാരുണ മരണം ഉണ്ടാവുന്നത്. സ്വാഭാവികമായും ഞാനും അതിന്റെ പ്രതിഷേധങ്ങളുടെ ഭാഗമായി. പതിയെ പതിയെ എനിക്കിവിടെ കൂടുതൽ സൗഹൃദങ്ങളുണ്ടായി. സമരങ്ങളെ പിന്തുണയ്ക്കാനായി സ്ത്രീ കൂട്ടായ്മ എന്നൊരു സംഘം ഞങ്ങൾ രൂപീകരിച്ചു. അഡ്വക്കേറ്റ് നന്ദിനി, തസ്നി ബാനു, ഉമ, സുജ ഭാരതി, ജെന്നി തുടങ്ങിയവരെല്ലാം കൂടെയുണ്ടായിരുന്നു. ഇവരുടെയാരുടെയും വ്യക്തിപരമായ രാഷ്ട്രീയം ഞാൻ നോക്കിയിരുന്നില്ല. എന്തിനു വേണ്ടി നിലകൊള്ളുന്നു എന്നതായിരുന്നു പ്രധാനം.
കൂടംകുളം, എൻഡോസൾഫാൻ, വിളപ്പില്‍ശാല… ആ സമരമുഖങ്ങളിലെല്ലാം ഞങ്ങൾ സജീവമായി പ്രവർത്തിച്ചു. വനിതാദിനത്തിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. മോറൽ പൊലീസിംഗിനും ബലാത്സംഗത്തിനും എതിരായുള്ള പ്രതിഷേധങ്ങളും സമരങ്ങളും സംഘടിപ്പിച്ചു. അസമിലെ അമ്മമാരുടെ അവസ്ഥയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് ഹൈക്കോടതിയ്ക്കു മുന്നിൽ നഗ്നതാ പ്രതിഷേധം നടത്തി. ഈ സമരങ്ങൾക്കെല്ലാം പിന്നാലെ എന്നെ തേടി അറസ്റ്റുകളും കേസുകളുമെത്തി, ആറു വർഷം വരെയൊക്കെ എന്റെ പാസ്പോർട്ട് റിന്യൂ ചെയ്യാതെ ഇരുന്നിട്ടുണ്ട്.

കൊച്ചിയിൽ ഞാൻ താമസിക്കുന്ന ഫ്ളാറ്റ് ബിജെപിയ്ക്ക് സ്വാധീനമുള്ളയിടമാണ്. സമരപ്രവർത്തനം, പ്രതിഷേധ ജാഥകൾ എന്നിവയുമൊക്കെയായി ബന്ധപ്പെട്ട് എന്നെ കാണാൻ എത്തുന്ന ആളുകളായി അയൽപ്പക്കക്കാരുടെ പ്രശ്നം. അവർ കറുത്തവരാണ്, അടിസ്ഥാനവർഗ്ഗ മനുഷ്യരാണ് എന്നതൊക്കെ ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ടായിരുന്നു. അന്ന് പത്രപ്രവർത്തക ലീലാ മേനോൻ ഈ അപ്പാർട്ട്മെന്റിനു മുകളിലാണ് താമസം. അവർ ജന്മഭൂമിയുടെ എഡിറ്റർ ആയിരുന്നു. ലീലാ മേനോനോട് ഇവിടുള്ള ആരൊക്കെയോ പരാതി പറഞ്ഞു, ‘ജോളിയ്ക്ക് എന്തോ തീവ്രവാദ ബന്ധമുണ്ട്. അവിടെ വരുന്നവരൊക്കെ തീവ്രവാദികളാണ്”.
സത്യാവസ്ഥപോലും തിരക്കാൻ നിൽക്കാതെ ലീലാ മേനോൻ ശ്രീലേഖ ഐപിഎസിനെ വിളിച്ചു. ” ഇവിടെ ഞങ്ങളുടെ അപ്പാർട്ട്മെന്റിൽ ജോളിയെ കാണാൻ കുറേ കറുത്ത മനുഷ്യർ വരുന്നു, അവർ നീല ജീൻസും കറുത്ത ഷർട്ടുമൊക്കെയാണ് അധികവും ധരിക്കുന്നത്,” എന്നൊക്കെയായിരുന്നു പരാതി. അതൊരു ആന്റി-ഗവൺമെന്റ് സംഘടനയാണ്, അവരുടെ നീക്കങ്ങൾ നിരീക്ഷണമെന്ന് ശ്രീലേഖ ഐപിഎസ് ഉത്തരവിട്ടു. അതോടെ ഞാൻ പൊലീസ് നിരീക്ഷണത്തിലായി. അങ്ങനെയാണ് പൊലീസ് എന്റെയൊരു ഫയൽ ആദ്യമായി ഓപ്പൺ ചെയ്യുന്നത്. പിന്നെ റെയ്ഡായി. ഞാൻ പൊലീസിന്റെ നോട്ടപ്പുള്ളിയും. മനുഷ്യാവകാശ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ഞാൻ ജോലി ചെയ്യാൻ തുടങ്ങിയപ്പോഴാണ് എനിക്ക് മാവോയിസ്റ്റ് ടാഗ് വീഴുന്നത്. ഇടയ്ക്ക് ഞാൻ നിറ്റ ജെലാറ്റിൻ സമരങ്ങളിൽ പങ്കെടുത്തിരുന്നു. അതിനിടയിൽ അവരുടെ ഹെഡ് ഓഫീസിൽ ആരോ പടക്കമെറിഞ്ഞു, ഓഫീസിന്റെ ചില്ലു പൊട്ടി. ഇതൊക്കെ നടന്നാൽ എന്റെ വീട്ടിലാണ് റെയ്ഡ്.
റെയ്ഡുകളൊക്കെ രസകരമായ അനുഭവമാണ്. ആദ്യത്തേത് മാന്യമായിരുന്നു. റെയ്ഡിനെത്തിയ ഉദ്യോഗസ്ഥനു മനസ്സിലായി ഇതൊരു ഫേക്കായ കേസാണ് എന്ന്. ‘എന്റെ ബാക്ക് ഗ്രൗണ്ട് പരിശോധിച്ചാൽ നിങ്ങൾക്കു മനസ്സിലാവില്ലേ? 23 വയസ്സിൽ നാടുവിട്ട ഞാൻ 42 വയസ്സിൽ തിരിച്ചുവന്ന് ഇവിടെ ഭീകരവാദപ്രവർത്തനങ്ങൾ നടത്തുന്നു എന്നൊക്കെ നിങ്ങൾ കരുതുന്നുണ്ടെങ്കിൽ അതിൽ നിങ്ങൾക്കെന്തോ ലാക്കുണ്ടെന്നേ ഞാൻ കാണുന്നുള്ളൂ. ഒരാളെ മാവോയിസ്റ്റ് ആക്കിയെടുത്താൽ പൊലീസിന് 200 കോടിയൊക്കെ കിട്ടുമെന്നാണല്ലോ കേൾക്കുന്നത്, അങ്ങനെ എന്തെങ്കിലും ഉപകാരം പൊലീസുകാർക്ക് എന്നെ കൊണ്ട് ഉണ്ടാകുമെങ്കിൽ ആയിക്കോട്ടെ,” എന്നൊക്കെ ഞാൻ കലഹിച്ചപ്പോൾ ‘അങ്ങനെയല്ല മാഡം, ഇൻഫർമേഷൻ കിട്ടുമ്പോൾ അന്വേഷിക്കാതെ പറ്റില്ലല്ലോ’ എന്ന് മാന്യമായി പറഞ്ഞാണ് ആ ഓഫീസറും സംഘവും പോയത്.

രണ്ടാമത്തെ റെയ്ഡ് പക്ഷേ അൽപ്പം പേടിപ്പെടുത്തുന്ന രീതിയിലായിരുന്നു. അഞ്ചാറു പേർ ഒരു ജീപ്പിൽ വന്നിറങ്ങി. ജീപ്പ് വീടിനു വിലങ്ങനെയിട്ട് വീഡിയോ ഷൂട്ട് ചെയ്തു കൊണ്ടാണ് അവർ കയറി വന്നത്. വീടുമൊത്തം മറിച്ചിട്ടു. ഫ്രിഡ്ജ് വരെ തുറന്നിട്ടായിരുന്നു പരിശോധന. അന്നു ഞാൻ കുറച്ചു പാനിക്കായി. കാരണം വല്ല നാർകോട്ടിക് സാധനങ്ങളും പൊലീസ് തന്നെ വച്ചിട്ട് കണ്ടെടുത്താൽ അതു മതിയല്ലോ പെടുത്തിക്കളയാൻ. കുട്ടികൾ ചെറുതാണ് അന്ന്. എന്റെ ഫോണൊക്കെ അവർ ചെക്ക് ചെയ്തു. നമ്മളെത്ര മാത്രം ബലഹീനരാണെന്നാണ് അപ്പോൾ തോന്നിയത്.
‘ഇതൊക്കെ നിങ്ങളുടെ മൂക്കിനു താഴെ നടക്കുന്ന സമരങ്ങളാണ്, പെർമിഷൻ എടുത്തു നടക്കുന്നതാണ്. ഇതിന്റെയൊക്കെ നോട്ടീസുകളാണ് നിങ്ങളിപ്പോൾ കണ്ടെത്തി കൊണ്ടു പോവുന്നത്. മനുഷ്യർ സമരം ചെയ്യുന്നുണ്ടെങ്കിൽ അതൊരു തമാശയല്ല.’ ഞാൻ ചെറുത്തുനിന്നു. നിങ്ങളെന്തിനാണ് അരാജകസമരങ്ങൾക്കൊക്കെ പോവുന്നത്? എന്നതായിരുന്നു പൊലീസിന്റെ ചോദ്യം. ‘സമരല്ല അരാജകത്വം, സ്വാതന്ത്ര്യം കിട്ടി ഇത്രകാലം കഴിഞ്ഞിട്ടും മനുഷ്യന്മാർക്ക് സമരം ചെയ്യേണ്ടി വരുന്നതാണ് അരാജകത്വം’ എന്നു ഞാൻ തർക്കിച്ചു.
നിങ്ങളെന്തിനാണ് മാർക്സിന്റെ ഫിലോസഫി ഒക്കെ വായിക്കുന്നത് എന്നായി പിന്നെ ചോദ്യം ചെയ്യൽ. ‘ഈ വീട്ടിൽ ഖുറാനും ബൈബിളും തുടങ്ങി എന്തു മാത്രം പുസ്തകങ്ങളുണ്ട്, അതൊന്നും വായിക്കുന്നതിനെ കുറിച്ച് നിങ്ങൾ ചോദിക്കുന്നില്ല. മാർക്സിനെ ഈ നാട്ടിൽ നിരോധിച്ചോ? എന്തെങ്കിലും ലോജിക് ഉള്ള കാര്യം പറയൂ.’ ഒരു പൊലീസുകാരൻ വിചാരിച്ചാൽ പോലും നമ്മുടെ ജീവിതം പ്രശ്നത്തിലാകുമെന്ന് ഞാൻ മനസ്സിലാക്കിയ കാലമാണത്.
അക്കാലത്ത് സമരങ്ങളും അറസ്റ്റുകളും വിട്ടയക്കലുകളുമൊക്കെയായി സംഭവബഹുലമായിരുന്നു ജീവിതം. എന്റെ രാഷ്ട്രീയ നിലപാടുകൾ ബാലുവിനും ഞങ്ങളുടെ സുഹൃത്തുക്കൾക്കും പ്രശ്നമായി. ദമ്പതികൾ എന്ന രീതിയിൽ ഞാനും ബാലുവും വൈകാരികമായി വല്ലാതെ അകന്നു തുടങ്ങിയിരുന്നു. സമൂഹത്തിന്റെ ഇരട്ടത്താപ്പുകളെ ഞാൻ മനസ്സിലാക്കുകയായിരുന്നു. നമ്മളോട് കുടുംബം ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ പറയുന്നു. നമ്മൾ സോഷ്യൽ സ്പേസിലും അവിടെ നടക്കുന്ന പ്രശ്നങ്ങളിലും ഇടപെടുന്നു. പക്ഷേ, അപ്പോഴും എത്രത്തോളം ഇടപെടാമെന്നതിന് ഒരു സ്കെയിൽ അവർ നിശ്ചയിച്ചിട്ടുണ്ട്.
ഒരു സ്ത്രീക്കെതിരെ നിരന്തരം കേസ് വന്നാൽ അവൾ ഓഡിറ്റ് ചെയ്യപ്പെടുകയാണ്. അവളുടെ എല്ലാ തരം അസോസിയേഷനുകളെയും സൗഹൃദങ്ങളെയും തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണ്. ഒരാണുമായുള്ള സൗഹൃദവും സാഹോദര്യവുമൊക്കെ പ്രണയത്തിലേക്ക് ചുരുക്കി കെട്ടുകയാണ്. സ്ത്രീ അവളുടെ രാഷ്ട്രീയത്തിനു വേണ്ടി വാദിക്കുമ്പോൾ അത് കുടുംബത്തെ ബാധിക്കുന്നു. ഒരു സോഷ്യൽ കോസിനു വേണ്ടി നമ്മൾ അനുഭവിച്ച വേദനകളെയെല്ലാം റദ്ദ് ചെയ്യപ്പെടുന്നു. ഇത്തരം വേഷം കെട്ടലുകൾ പലയിടങ്ങളിൽ നിന്നായി വന്നു തുടങ്ങിയപ്പോൾ ഞാൻ ചെറുത്തുനിൽപ്പു തുടങ്ങി. എന്‍റെ ശരികൾക്കു വേണ്ടി നിലകൊള്ളുകയാണ് വേണ്ടതെന്ന് തിരിച്ചറിവിലേക്കെത്തി. അതിന് ജീവിതം വിലകൊടുക്കേണ്ടി വരുന്നെങ്കിൽ അങ്ങനെ എന്നുറച്ചു. മനുഷ്യന്‍മാർ ഇങ്ങനെ വിലകൊടുത്തു തന്നെയാണല്ലോ ഇവിടെ പല മാറ്റങ്ങളും ഉണ്ടായത്.
2. രാഷ്ട്രീയം തലയ്ക്ക് പിടിച്ച കാലം
3. പള്ളിക്കാർക്ക് പിടിക്കാത്ത മിശ്രവിവാഹം
4. ജീവിതവും വിഷാദവും മുഖാമുഖം നിന്ന കാലം
5. മനുഷ്യബന്ധങ്ങളെ കുറിച്ച് വേറിട്ട കാഴ്ചപ്പാട് നൽകിയ പോണ്ടിച്ചേരി
6.സ്വപ്നങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ച് പ്രവാസ ജീവിതത്തിലേക്ക്
7. തുടർക്കഥ പോലെ പൊലീസ് വേട്ടയാടലും അറസ്റ്റും; മാവോയിസ്റ്റ് ടാഗ് വരെ ചാർത്തി കിട്ടിയ നാളുകൾ
8. പൊരുത്തക്കേടുകൾ വേർപിരിയലിലേക്ക്