ഒന്നരവർഷം പോണ്ടിച്ചേരിയിൽ ജോലി ചെയ്ത് തിരിച്ച് ഗൾഫിലേക്ക് പോവാം എന്നായിരുന്നു പ്ലാൻ. പക്ഷേ അപ്പോഴേക്കും ബാലുവിന്റെ ഗൾഫിലെ ജോലി പോയി. നാട്ടിലേക്ക് മടങ്ങാൻ ബാലു തയ്യാറായിരുന്നില്ല, പുതിയ ജോലി അന്വേഷണവുമായി ബാലു അവിടെ തന്നെ കൂടി. അപ്പോഴാണ് ഞാൻ ആലോചിക്കുന്നത്, എന്താണ് എന്റെ ജീവിതത്തിന്റെ ലക്ഷ്യം? 21 വയസ്സിൽ വിവാഹം കഴിഞ്ഞു. കൺവെൻഷണൽ ജോലി വേണ്ട, കുട്ടി വേണ്ട, കുടുംബം വേണ്ട എന്നൊക്കെ പങ്കാളിയായ ആൾ പറയുന്നുണ്ട്. ആളാണെങ്കിൽ കൂടെയുമില്ല, എവിടെയാണ് എനിക്ക് സസ്റ്റയിനബിളായി നിൽക്കാൻ പറ്റുക. വല്ലാത്ത സംഘർഷങ്ങളിലൂടെയാണ് അക്കാലം കടന്നു പോയത്. എന്റെ ജീവിതത്തോടുള്ള സമീപനവും മാറി തുടങ്ങുകയായിരുന്നു. ജീവിതത്തിലൊരു ലക്ഷ്യം വേണം. നാടകം പഠിക്കണമെന്ന ആഗ്രഹത്തിലേക്ക് വീണ്ടും മനസ്സ് അടുത്തു. പക്ഷേ അപ്പോഴും രണ്ടു മനസ്സാണ്, വിസ വന്നാൽ പോവേണ്ടതാണല്ലേ എന്നാണ് പാതി മനസ്സിലെ ചിന്ത. ബാലുവിനൊപ്പം ജീവിക്കുക എന്നതാണ് എന്നെ സംബന്ധിച്ച് അന്ന് പ്രയോറിറ്റി, വിപ്ലവപ്രവർത്തനവും നാടകവുമെല്ലാം അതിനു ശേഷമേയുള്ളൂ.
ആയിടയ്ക്ക്, ചേർപ്പിലെ തായംകുളങ്ങര നാട്ടരങ്ങിൽ ഞാനെത്തി ചേർന്നു. രാഷ്ട്രീയപരമായി വളരെ മൂർച്ചയുള്ള കുറേ മനുഷ്യരെ അവിടെവച്ചാണ് പരിചയപ്പെടുന്നത്. ഒരു സ്റ്റേജിൽ അഭിനയിക്കാൻ പോയതാണ്, പക്ഷേ അവിടെയെത്തിയതോടെ നാടകം പഠിക്കാനുള്ള ആഗ്രഹം ശക്തമായി. ഞങ്ങൾ ഗ്രാമീണ നാടകവേദിയുണ്ടാക്കി. രാമചന്ദ്രൻ മൊകേരി മാഷാണ് മൊബൈൽ തിയേറ്റർ എന്ന സ്വപ്നം പങ്കുവച്ചത്. കൾച്ചറൽ ആക്ടിവിസത്തിലൂടെ മാത്രമേ എന്തെങ്കിലും മാറ്റം ഉണ്ടാക്കാൻ പറ്റൂ എന്നൊരു വിശ്വാസം തോന്നി തുടങ്ങി.
നാട്ടരങ്ങ് കാലം എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ജീവിതത്തോട് വലിയ പ്രതീക്ഷയൊന്നുമില്ലാതെ ജീവിക്കുന്ന എന്റെ ചുറ്റുവട്ടത്തുള്ള സ്ത്രീകളെ കുറിച്ച് ചിന്തിച്ചു തുടങ്ങുന്നതും അക്കാലത്താണ്. അവരെയെല്ലാം ഉൾപ്പെടുത്തികൊണ്ട് ഒരു വനിത സ്വയം സഹകരണസംഘം തുടങ്ങിയാലോ എന്നു തോന്നി. അങ്ങനെ സ്ക്രീൻ പ്രിന്റിംഗ് സൗകര്യമൊക്കെയുള്ള ഒരു ഡിടിപി സെന്റർ തുടങ്ങി. ഒപ്പം ഞാൻ ബിടിഎയ്ക്കും (ബാച്ച്‌ലർ ഓഫ് തിയേറ്റർ ആർട്സ്) ചേർന്നു. റേഡിയോ നാടകങ്ങളൊക്കെ ചെയ്യാൻ തുടങ്ങി.
ജീവിതം മറ്റൊരു തലത്തിലേക്ക് മാറിയൊഴുകി തുടങ്ങിയപ്പോൾ വീണ്ടും ട്വിസ്റ്റ്. ബാലു വിസിറ്റിംഗ് വിസ സംഘടിപ്പിച്ച് എന്നെ ഗൾഫിലേക്ക് കൊണ്ടു പോയി. നാടകം, സ്ത്രീ സഹകരണസംഘം തുടങ്ങിയ സ്വപ്നങ്ങളൊക്കെ വീണ്ടും പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു. ഗൾഫിലെത്തി ആദ്യ മാസം തന്നെ ഞാൻ ഗർഭിണിയായി. പിന്നീട് പ്രസവം, അടുത്ത കുഞ്ഞ്… ജീവിതം മറ്റൊരു ട്രാക്കിലായി. പതിനാറുവർഷത്തോളം പിന്നെ അവിടെ തന്നെയായിരുന്നു ജീവിതം.

ചെറിയ മകനു രണ്ടര വയസ്സായപ്പോഴേക്കും സാമ്പത്തികമായ ബുദ്ധിമുട്ടുകൾ രൂക്ഷമായി. അതോടെ ഞാൻ വീണ്ടും ജോലിക്ക് പോയി തുടങ്ങി. ഓരോ പ്രൊഡക്റ്റുകൾ മാളുകളിൽ പോയി പരിചയപ്പെടുത്തി വിൽക്കുന്നതായിരുന്നു ജോലി. ജോലിയും കുടുംബജീവിതവുമായി മുന്നോട്ട് പോവുന്നതിനിടയിൽ വീണ്ടും ചില മാറ്റങ്ങൾക്കായി ഇറങ്ങി തിരിക്കേണ്ടി വന്നു. എല്ലാ കൊല്ലവും നാട്ടിലേക്ക് വരാൻ പറ്റാത്ത ഒരുപാട് കുടുംബങ്ങളും കുട്ടികളും അവിടെയുണ്ടായിരുന്നു. ആ കുട്ടികളുടെ വെക്കേഷനൊക്കെ വെറുതെ കടന്നു പോവുകയാണ്. എന്തു കൊണ്ട് അവർക്കു വേണ്ടി ഒരു നാടക കളരി സംഘടിപ്പിച്ചു കൂടാ? എന്നൊരു ചിന്ത. ഇടയ്ക്ക് നടൻ ഭരത് മുരളി ചേട്ടൻ ഗൾഫിൽ വന്നപ്പോൾ പുള്ളിയോട് സംസാരിച്ച് ഒരു നാടകക്യാമ്പ് തുടങ്ങാം എന്ന ധാരണയിലെത്തി.
അതിനു വേണ്ടി മുന്നിട്ടിറങ്ങിയപ്പോഴാണ് അടുത്ത തടസ്സം. എക്സ്പാറ്റ് (പ്രവാസി) കമ്മ്യൂണിറ്റിയിൽ നിന്നുള്ളവർക്ക് ആ നാട്ടിൽ നാടകം കളിക്കാൻ പാടില്ല എന്നൊരു വിലക്ക് നിലനിൽക്കുന്നുണ്ട്. എനിക്ക് അതറിയില്ലായിരുന്നു. 25 വർഷം മുൻപ് ആരോ അവിടെ നാടകം കളിച്ച് അതു വിവാദമാവുകയും നിരവധി പേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. കുറേ കാലം ജയിലിൽ കിടന്ന ആ മനുഷ്യരെ ഗവൺമെന്റ് ഒക്കെ ഇടപെട്ടാണ് തിരിച്ചു നാട്ടില്‍ എത്തിച്ചത്. ഈ ചരിത്രം അങ്ങനെ നിലനിൽക്കുന്നതുകൊണ്ട് എക്സ്പാറ്റ് കമ്മ്യൂണിറ്റിയിൽ നിന്നുള്ളവർക്ക് അവിടെ സാംസ്കാരിക പരിപാടികൾ നടത്താൻ പറ്റില്ല. വലിയ നിരാശ തോന്നി.
ഒരു ദിവസം യാത്രയ്ക്കിടയിലാണ് ഞാൻ ഷാർജ നാഷണൽ തിയേറ്ററിന്റെ കെട്ടിടം കാണുന്നത്. ഒരു ഉൾപ്രേരണയാൽ അവിടെയിറങ്ങി. നേരെ ഷാർജ നാഷണൽ തിയേറ്ററിലേക്ക് കയറിചെന്നു. അവിടുത്തെ മാനേജരെ കണ്ട് കാര്യം പറഞ്ഞു. “ഞങ്ങൾക്ക് കുട്ടികൾക്ക് വേണ്ടി ഒരു നാടക ക്യാമ്പ് ചെയ്യണമെന്നുണ്ട്? എന്താണ് ചെയ്യേണ്ടത്?” എന്നു ചോദിച്ചു. നാളെയിവിടെ കൾച്ചറൽ മിനിസ്റ്റർ വരുന്നുണ്ട്, ഒരു ആപ്ലിക്കേഷൻ എഴുതി കൊണ്ടു വരൂ എന്നയാൾ പറഞ്ഞു.
പിറ്റേന്ന് ഞാൻ ആപ്ലിക്കേഷനും കൊണ്ട് ചെന്നു. കൾച്ചറൽ മിനിസ്ട്രിയുടെ ഡയറക്ടർ ഒരു ഷെയ്ക്കായിരുന്നു. അദ്ദേഹത്തോട് കാര്യം പറഞ്ഞു. രജിസ്റ്റർ ചെയ്ത സംഘടനകൾക്കു മാത്രമേ ഇവിടെ അത്തരം ക്യാമ്പുകൾ സംഘടിപ്പിക്കാനാവൂ. പിന്നെ നിലവിൽ ഇങ്ങനെയൊരു ചരിത്രമുള്ളതു കൊണ്ട് ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യമാണിതെന്നായിരുന്നു ഡയറക്ടറുടെ മറുപടി. ’25 കൊല്ലം മുൻപു നടന്നൊരു കാര്യത്തിന്റെ പുറത്ത് ഈ തലമുറയും അനുഭവിക്കണമെന്ന് പറയുന്നത് കഷ്ടമല്ലേ സാറേ?’ എന്നു ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം ചിരിച്ചു. ആ മീറ്റിംഗ് ഫലം കണ്ടു. പക്ഷേ സംഘടന രജിസ്റ്റേർഡ് അല്ലാത്തതുകൊണ്ട് ഒഫീഷ്യൽ ലെറ്റർ വയ്ക്കാൻ ബുദ്ധിമുട്ടുണ്ടായി. അങ്ങനെയാണ് ഷാർജയിലെ ഇന്ത്യൻ അസോസിയേഷന്റെ സഹകരണം തേടിയത്. ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ പ്രസിഡന്റിനെ കണ്ടു, ചർച്ച നടത്തി. ഒടുവിൽ ഗവൺമെന്റ് അനുമതി തന്നു, അങ്ങനെ എല്ലാ എമിറേറ്റ്സിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 35 ഓളം കുട്ടികളെ വച്ച് ഞങ്ങളൊരു നാടക ക്യാമ്പ് നടത്തി. ആ നാട്ടിൽ 25 വർഷമായി നിലനിന്നിരുന്ന വലിയൊരു ബ്ലോക്ക് നീക്കികൊണ്ട് ഞങ്ങളുടെ ‘വരവിളി തിയേറ്റേഴ്സ്’ രംഗത്തു വന്നു. അവിടുന്നങ്ങോട്ട് നാടകങ്ങളുടെ പുഷ്കലകാലമായിരുന്നു.
തീർത്തും അസാധ്യമെന്നു തോന്നിയ ഒരു കാര്യം നടത്തിയെടുത്തപ്പോൾ സന്തോഷത്തേക്കാൾ കൂടുതൽ അതെനിക്ക് ചില തിരിച്ചറിവുകളാണ് തന്നത്. ഇത്രയും കഷ്ടപ്പെട്ട് ഒരു സ്ത്രീ ഒരു കാര്യം ചെയ്താൽ പോലും അംഗീകരിക്കാൻ ആരുമുണ്ടാവില്ലെന്ന് മനസ്സിലായി. അതേസ്ഥാനത്ത് ഒരു പുരുഷനാണെങ്കിൽ ആഘോഷിക്കാൻ ആളുകളുണ്ടാവും. സ്ത്രീയായിരിക്കുക എന്നതിനെ എങ്ങനെയൊക്കെയാണ് സോഷ്യൽ ലൊക്കേഷനിൽ അടയാളപ്പെടുത്തത് എന്ന് എനിക്കു മനസ്സിലായി. അമ്പത് പുസ്തകം വായിക്കുന്ന ഒരു പുരുഷനു തുല്യമാണ് മുദ്രാവാക്യം വിളിക്കുന്ന ഒരു സ്ത്രീ. കാരണം അയാൾക്ക് 50 പുസ്തകം വായിക്കാൻ എടുക്കുന്ന ലിവറേജ് എപ്പോൾ കിട്ടുന്നോ അത്രയും തന്നെ പരിശ്രമമെടുത്തിട്ടാണ് ഒരു സ്ത്രീ ഒരു പൊതുവിഷയത്തിൽ മുദ്രാവാക്യം വിളിക്കുന്നത്.
പുരുഷാധിപത്യത്തെയും അധികാരത്തെയും അതിന്റെ സ്ട്രെക്ച്ചറിനെയും മനസ്സിലാക്കി വേണം ഒരു സ്ത്രീയുടെ യാത്ര എന്ന തിരിച്ചറിവുണ്ടായി. പെയിന്റിംഗ് എക്സിബിഷൻ, ഫിലിം വർക്ക് ഷോപ്പ്, നാടകക്യാമ്പുകൾ… തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ ഗൾഫ് ജീവിതത്തെ മുന്നോട്ടു നയിച്ചു. നമ്മൾ എങ്ങനെയാണ് വളരേണ്ടത് എന്നതിന്റെ ഒരു കളരിയായിരുന്നു എനിക്ക് ആ അനുഭവം.

പെൺകൂട്ടായ്മകളുടെ വേറൊരു തരത്തിലുള്ള ആത്മബന്ധവും ഇഴയടുപ്പവും മനസ്സിലാക്കി തന്നതും എന്റെ ഗൾഫ് ജീവിതമാണ്. അവിടെ ഒരു തരം കൂട്ടുകുടുംബ രീതിയിലായിരുന്നു ഞങ്ങളുടെ താമസം. ഞങ്ങളൊരു ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് താമസിക്കുന്നു, അതിനകത്തെ മുറികൾ രണ്ടു ഫാമിലിയ്ക്കു കൂടി വാടകയ്ക്കു കൊടുക്കും. മൂന്നു ഫാമിലിയൊക്കെയാണ് ഒരു ഫ്ളാറ്റിൽ താമസിക്കുന്നത്. അവരുടെ കുട്ടികൾ… അതിൽ പല ഭാഷക്കാർ, വ്യത്യസ്ത ആചാരങ്ങളുള്ളവർ, പല രാജ്യക്കാർ ഒക്കെ കാണും. എന്താണ് സെക്കുലറിസം എന്നതിന്റെ ഒരു പ്രാക്റ്റീസ് അവിടെയുണ്ടായിരുന്നു. അതായിരുന്നു ആ ഒന്നിച്ചുള്ള ജീവിതത്തിന്റെ ഹാർമണിയും. ഞങ്ങൾ മതരഹിതരായി ജീവിക്കുന്നവരാണ്, കൂടെയുള്ള ഒരു കുടുംബം അങ്ങേയറ്റം മതം ആചരിക്കുന്നവരാണ്. ഞങ്ങൾ മദ്യം കഴിക്കും, പക്ഷേ അതവർ തൊടില്ല. ഒരു മേൽക്കൂരയ്ക്ക് താഴെ ഈ വൈരുധ്യങ്ങളെയെല്ലാം ഉൾപ്പെടുത്തി കൊണ്ട് മുന്നോട്ടു കൊണ്ടു പോവാൻ ഞങ്ങൾക്ക് സാധിച്ചിരുന്നു. വാക്കു കൊണ്ടോ നോക്കു കൊണ്ടോ പോലും പ്രശ്നമില്ലാതെ ഒത്തൊരുമയോടെ ഞങ്ങൾ മുന്നോട്ടു പോയി.
മനുഷ്യനെന്ന രീതിയിൽ നമ്മൾ വികസിക്കുന്ന സാഹചര്യങ്ങളാണ് ഇതൊക്കെ. ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മനുഷ്യർക്കൊപ്പമൊക്കെ ഒരു വീട്ടിൽ താമസിച്ചിട്ടുണ്ട്. പല തരം മനുഷ്യർ. പ്രവാസികളായി ജീവിക്കുമ്പോൾ ഇതെല്ലാം നമുക്ക് സാധ്യമാണ്. പ്രവാസ ജീവിതത്തിനൊരു ഇൻസെക്യൂരിറ്റി ഉണ്ട്, ഏതു നിമിഷം വേണമെങ്കിലും ജോലി പോവാം, ഒറ്റപ്പെട്ടു പോവാം. ഈ അരക്ഷിതത്വമാവാം മനുഷ്യരെ പരസ്പരം ചേർത്തു പിടിക്കാൻ പ്രേരിപ്പിക്കുന്നത്. കാരണം നമുക്ക് പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ആവശ്യമുണ്ട്, അതു കൊണ്ട് തന്നെ ആ ഹാർമണി കീപ്പ് ചെയ്യാൻ നമ്മൾ പഠിക്കും. പക്ഷേ അതേ മനുഷ്യർ നാട്ടിലെത്തുമ്പോൾ വിശാലമായ ചിന്താഗതി വിട്ട് ചുരുങ്ങിപ്പോവുന്നത് എങ്ങനെയാണെന്നാണ് എനിക്കിനിയും മനസ്സിലാവാത്തത്.
ഗൾഫിൽ തന്നെ താമസമാക്കിയ മലയാളികളായ ചില സ്ത്രീസുഹൃത്തുക്കളും അവിടെ എനിക്കുണ്ടായിരുന്നു. കുട്ടികളെയും വീട്ടുകാര്യങ്ങളും ഭർത്താക്കന്മാരെ ഏൽപ്പിച്ച് ആഴ്ചയിലൊരു ദിവസം ഞങ്ങൾ സ്ത്രീകൾ മാത്രമായി ഔട്ടിംഗിനു പാവും. ഉമ്അൽ ഖ്വയ്നിലെ (Umm Al Quwain) ബാരികുടയിലേക്കാവും മിക്കവാറും യാത്ര. മദ്യമൊക്കെ കിട്ടുന്ന വലിയ സൂപ്പർ മാർക്കറ്റാണത്. അതിനടുത്ത് നല്ല കടൽത്തീരമുണ്ട്. രാത്രി കടലും നക്ഷത്രങ്ങളും നിലാവും കണ്ട് അങ്ങനെ കിടക്കും. സ്ത്രീകൾ എന്താ ഈ സമയത്ത് എന്നൊന്നും അവിടെയാരും മൈൻഡ് ചെയ്യില്ല. ഞങ്ങളുടെ ഏറ്റവും നിഗൂഢമായ സ്വപ്നങ്ങൾ, തമാശകൾ, സങ്കടങ്ങൾ ഒക്കെ പങ്കുവച്ചും ചിരിച്ചും സംസാരിച്ചും മണിക്കൂറുകളോളം അവിടെ ചിലവഴിക്കും. ചിലപ്പോൾ ആ കടൽത്തീരത്ത് കിടന്നുറങ്ങിയൊക്കെയാണ് തിരികെ വരിക. ലേഡീസ് ഡേ ഔട്ടിന്റെ സുഖമൊക്കെ മനസ്സിലാവുന്നത് അക്കാലത്താണ്. സ്ത്രീകൾക്കു മാത്രം സാധ്യമാവുന്ന സൗഹൃദങ്ങളുടെ ഒരു തലമുണ്ട്.
ഒരിക്കൽ ഞങ്ങൾ മൂന്നു സ്ത്രീകൾ ഒരു ഡാൻസ് ബാർ കാണാൻ പോയി. അവിടെയെത്തിയപ്പോഴാണ് അറിയുന്നത്, 18 വയസ്സു തികയുന്ന ഒരു പുരുഷൻ കൂടെയുണ്ടെങ്കിലെ അകത്തേക്ക് കയറ്റി വിടൂ. അവിടെയൊരു മലയാളി ബാർ അറ്റൻഡർ ഉണ്ടായിരുന്നു. ഞങ്ങൾ അയാളോട് എങ്ങനെയെങ്കിലും അകത്തേക്ക് കയറ്റിവിടണമെന്ന് അഭ്യർത്ഥിച്ചു. കനിവു തോന്നി അയാൾ കൂടെയുള്ള പയ്യനെ ഞങ്ങളുടെ കൂടെ വിട്ടു. അകത്തു കയറിയപ്പോൾ അവൻ അവന്റെ വഴിയ്ക്കു പോയി, നന്ദിയായി ഞങ്ങളവനൊരു ബിയർ ഓഫർ ചെയ്തു. ആ രാത്രി മൊത്തം ഞങ്ങൾ അവിടെയൊക്കെ ചുറ്റികറങ്ങി നടന്നു.
പിന്നീട് മറ്റൊരു അവസരത്തിൽ ഡാൻസ് ബാറിൽ ജോലി ചെയ്യുന്ന ചില സ്ത്രീകളോടൊക്കെ സംസാരിക്കാൻ അവസരമുണ്ടായി. പല രീതിയിൽ ട്രാപ്പിൽ പെട്ടു വന്നവരാണ് അവരിലേറെയും. കർണാടക, തമിഴ് നാട്, നോർത്തിന്ത്യ എന്നിവിടങ്ങളിൽ നിന്നെല്ലാമെത്തിയ ധാരാളം പെൺകുട്ടികൾ ഇക്കൂട്ടത്തിലുണ്ടായിരുന്നു. അവരുടെ ജീവിതകഥകൾ മനസ്സു തൊടുന്നതായിരുന്നു. വിചിത്രമായൊരു ലോകമായിരുന്നു അത്. പുരുഷന്മാരായ ക്ലൈന്റുകളോട് മിണ്ടി കൊണ്ടിരിക്കാനും അവരെ എൻഗേജ് ചെയ്യിപ്പിച്ച് നിർത്താനും ഈ സ്ത്രീകൾക്ക് ഫോൺ കൊടുക്കും, നിർബന്ധിതമായും അവർ ചെയ്യേണ്ട ജോലിയായിരുന്നു ഈ ഫോൺ വിളികൾ. സ്ത്രീകൾ പുരുഷന്മാരോട് മിണ്ടരുത് എന്നു വിലക്കുന്ന ഒരു സമൂഹം പുറത്തുള്ളപ്പോഴാണ് മറ്റൊരിടത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് എന്നോർക്കണം.
2. രാഷ്ട്രീയം തലയ്ക്ക് പിടിച്ച കാലം
3. പള്ളിക്കാർക്ക് പിടിക്കാത്ത മിശ്രവിവാഹം
4. ജീവിതവും വിഷാദവും മുഖാമുഖം നിന്ന കാലം
5. മനുഷ്യബന്ധങ്ങളെ കുറിച്ച് വേറിട്ട കാഴ്ചപ്പാട് നൽകിയ പോണ്ടിച്ചേരി
6.സ്വപ്നങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ച് പ്രവാസ ജീവിതത്തിലേക്ക്
7. തുടർക്കഥ പോലെ പൊലീസ് വേട്ടയാടലും അറസ്റ്റും; മാവോയിസ്റ്റ് ടാഗ് വരെ ചാർത്തി കിട്ടിയ നാളുകൾ
8. പൊരുത്തക്കേടുകൾ വേർപിരിയലിലേക്ക്