നാടകം പഠിക്കാനായി ഞാൻ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ അപേക്ഷിച്ചു. ആദ്യമായിട്ടായിരുന്നു സൗത്ത് ഇന്ത്യയിൽ നിന്നും ഒരു പെൺകുട്ടി എൻ എസ് ഡിയിൽ അപേക്ഷിക്കുന്നത്. അതിനു മുൻപ് കെ കെ രാജൻ മാത്രമാണ് കേരളത്തിൽ നിന്നും അവിടെയെത്തിയത്. ഓഡിഷനും അഭിമുഖവുമെല്ലാം കഴിഞ്ഞപ്പോൾ കൂടെയുണ്ടായിരുന്ന എല്ലാവരും പറഞ്ഞു, ‘നിനക്കെന്തായാലും കിട്ടും’. എനിക്കും നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. പക്ഷേ എന്റെ പ്രതീക്ഷകൾ തകിടം മറിഞ്ഞു, അഡ്മിഷൻ കിട്ടിയില്ല.
അനുരാധ കപൂർ ആയിരുന്നു അന്ന് എൻ എസ് ഡിയുടെ ഡയറക്ടർ. അവരെന്നെ ഓഫീസിലേക്ക് വിളിപ്പിച്ചു, നേരിട്ട് സംസാരിച്ചു, ‘നീ ഇവിടെ വരേണ്ടവളാണ്. അഡ്മിഷൻ തരണമെന്ന് ആഗ്രഹമുണ്ട്, ചില സാഹചര്യങ്ങളാൽ ഇത്തവണ പറ്റില്ല. അടുത്ത തവണ വീണ്ടും ശ്രമിക്കണം’ എന്നു പറഞ്ഞു. അഡ്മിഷൻ കിട്ടാതെ പോയതിൽ എനിക്കു നിരാശ തോന്നി. പക്ഷേ, ഒരു എം എൽ എയുടെ മകനു അഡ്മിഷൻ കൊടുക്കാൻ വേണ്ടി ഞാൻ തഴയപ്പെടുകയായിരുന്നുവെന്ന് പിന്നീട് അറിഞ്ഞപ്പോൾ നിരാശയേക്കാൾ വാശിയാണ് തോന്നിയത്. ഇനി എന്തായാലും അവിടെ അപേക്ഷിക്കുന്നില്ലെന്നു ഞാൻ തീരുമാനിച്ചു. നാടകം ക്ലാസ് മുറികളിൽ നിന്നും പഠിക്കേണ്ടതല്ല, പുറത്തു നിന്നും പഠിക്കാവുന്നതേയുള്ളൂ എന്ന തിരിച്ചറിവിൽ ഞാൻ നാട്ടിലേക്കു തന്നെ മടങ്ങി.
ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് അപ്പാഴേക്കും 3 വർഷങ്ങൾ കഴിഞ്ഞിരുന്നു. ഞങ്ങൾ രണ്ടും പിന്നെയും ജോലിയും കൂലിയും ഇല്ലാത്ത അവസ്ഥയിലായി.ബാലു ഗൾഫിൽ പോവാനുള്ള ഒരുക്കത്തിലാണ്. വെറും കയ്യോടെ നാട്ടിൽ പോയി നിൽക്കാനാവില്ല എന്നു ഞാൻ ബാലുവിനോട് പറഞ്ഞു. എനിക്കൊരു ജോലി അത്യാവശ്യമായിരുന്നു. അന്നേരം പോണ്ടിച്ചേരിയിലുള്ള ഞങ്ങളുടെ സുഹൃത്ത് സുധീറിനോട് പറഞ്ഞ് ബാലു എനിക്കവിടെ ഒരു ജോലി തരപ്പെടുത്തി. റോട്ടറി ക്ലബ്ബിന്റെ വർക്കിംഗ് വുമൻസ് ഹോസ്റ്റലിൽ താമസവും ശരിയാക്കി. അങ്ങനെ ഞാൻ പോണ്ടിച്ചേരിയിലേക്ക് തിരിച്ചു.

അവിടെ ഒരു കമ്പ്യൂട്ടർ ട്രെയിനിംഗ് സെൻ്ററിലായിരുന്നു ജോലി. ഫ്രെന്റ് ഓഫീസ് ഇൻ ചാർജ് ആയാണ് ജോലിയിൽ കയറിയത്. പിന്നീട് എന്നെ സെയിൽസിലേക്ക് മാറ്റി. ഫ്രെന്റ് ഓഫീസ് കൈകാര്യം ചെയ്തിരുന്ന സമയത്ത് ഞാനനുഭവിച്ചിരുന്ന ഏറ്റവും വലിയ സംഘർഷം കേൾവി പ്രശ്നമാണ്. ഫോൺ അറ്റൻഡ് ചെയ്യുന്നതിലൊക്കെ ബുദ്ധിമുട്ടുണ്ടായിരുന്നു. ഒരിക്കൽ ഇതിനെ ചൊല്ലി മാനേജർ എന്നെ വഴക്കു പറഞ്ഞു. സുധീർ ആയിരുന്നു പോണ്ടിച്ചേരിയിലെ എന്റെ ലോക്കൽ ഗാർഡിയൻ. ഫ്രഞ്ച് കൊളാബറേറ്റഡായിട്ടുള്ള ഒരു വലിയ കമ്പനിയിൽ പർച്ചെയ്സ് മാനേജറായിരുന്നു സുധീർ. ഞാനദ്ദേഹത്തെ അപ്പാച്ചി എന്നായിരുന്നു വിളിച്ചിരുന്നത്.
മാനേജർ സുധീറിനെ വിളിച്ച് പരാതി പറഞ്ഞു. “എന്താണ് മോളേ പ്രശ്നം?” എന്ന് സുധീർ തിരക്കി. കേൾവി പ്രശ്നമുണ്ടെന്ന കാര്യം മറ്റൊരാളോട് പറയാൻ അക്കാലത്ത് എനിക്ക് വലിയ നാണക്കേട് തോന്നിയിരുന്നു. എന്നിട്ടും ഞാനദ്ദേഹത്തെ കാര്യങ്ങൾ ബോധിപ്പിച്ചു. “സയൻസ് ഒക്കെ ഇത്രയും വികസിച്ച കാലത്ത് ഇതൊക്കെ പരിഹരിക്കാവുന്ന കാര്യമല്ലേ,” സുധീർ പ്രത്യാശ തന്നു. സുഹൃത്തായ ഒരു ഇഎൻടി ഡോക്ടറുടെ അപ്പോയിന്റ്മെന്റ് എടുത്തു തരികയും ചെയ്തു. സർജറി ചെയ്താൽ മാറ്റാവുന്ന പ്രശ്നമേയുള്ളൂ എന്ന് ഡോക്ടറും ഉറപ്പു തന്നു. ജിപ്മർ ഹോസ്പിറ്റലിലായിരുന്നു ചികിത്സയെടുത്തത്. ആറുമാസത്തെ ഗ്യാപ്പിൽ എന്‍റെ രണ്ടു ചെവിയും ഓപ്പറേറ്റ് ചെയ്തു. അങ്ങനെ 25-ാമത്തെ വയസ്സിൽ കേൾവിക്കുറവ് എന്ന പ്രശ്നം ഞാൻ പരിഹരിച്ചു.
കേൾവി തിരിച്ചു പിടിക്കാൻ സഹായിക്കുക മാത്രമല്ല, ഒരുപാട് കാര്യങ്ങൾ പഠിക്കാനും വ്യക്തിയെന്ന രീതിയിൽ കുറച്ചു കൂടി ആത്മവിശ്വാസമുള്ള ഒരാളായി എന്നെ മാറ്റുന്നതിലുമൊക്കെ സുധീർ അപ്പാച്ചിയുടെ വലിയ സ്വാധീനമുണ്ട്. ജീവിതത്തിൽ ഏറെ കഷ്ടപ്പെട്ട് സ്വന്തം നിലയ്ക്ക് ഉയർന്നുവന്ന ആളായിരുന്നു അദ്ദേഹം. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് മറ്റുള്ളവരുടെ സ്ട്രഗിൾ മനസ്സിലാക്കാൻ സാധിച്ചിരുന്നു. സ്ത്രീകളോട് അദ്ദേഹം എപ്പോഴും പറയുന്ന ചില കാര്യങ്ങളുണ്ട്, സ്ത്രീകൾ സ്വാതന്ത്രരാവുക എന്നു പറഞ്ഞാൽ അവർ സഞ്ചാര സ്വാതന്ത്ര്യം നേടുക എന്നു കൂടിയാണെന്ന്. ഭാഷയിൽ പ്രാവിണ്യം നേടുക, കൂടുതൽ ഭാഷകൾ പഠിക്കുക, ആളുകളെ നേർക്കുനേർ അഭിമുഖീകരിക്കാനുള്ള ധൈര്യം വളർത്തിയെടുക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ സ്ത്രീകൾ നിർബന്ധമായും പഠിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.
അദ്ദേഹം എന്നെ ഒരു പബ്ലിക് ലൈബ്രറിയിൽ കൊണ്ടു പോയി ചേർത്തു, മെമ്പർഷിപ്പ് എടുപ്പിച്ചു. ഇംഗ്ലീഷ് ചെറുകഥകളും നോവലുകളും നിരന്തരം വായിക്കാൻ പ്രേരിപ്പിച്ചു. വായിക്കുമ്പോൾ മനസ്സിലാവാതെ പോവുന്ന വാക്കുകൾ കുറിച്ചെടുത്ത് അർത്ഥം കണ്ടെത്തി പഠിക്കണം, വായനയിലൂടെയും നിരന്തരം സംസാരിക്കാൻ ശ്രമിക്കുന്നതിലൂടെയും മാത്രമേ കമ്മ്യൂണിക്കേഷൻ മെച്ചപ്പെടുത്താനാവൂ- എന്ന് എപ്പോഴും ആവർത്തിച്ചുകൊണ്ടിരുന്നു. പോണ്ടിച്ചേരിയിൽ സൈക്കിളും ബൈക്കുമൊക്കെ ധാരാളമായി വാടകയ്ക്ക് കിട്ടും. അദ്ദേഹം സ്കൂട്ടർ വാടകയ്ക്ക് എടുത്ത് ഓടിക്കാൻ പഠിക്കാനുള്ള സാഹചര്യമുണ്ടാക്കി തന്നു. ബിസിനസ്സ് മേഖലയിൽ ഇടപെടേണ്ട രീതികൾ, പാലിക്കേണ്ട മര്യാദകൾ, കമ്മ്യൂണിക്കേഷൻ സ്കിൽ എങ്ങനെയായിരിക്കണം, ബിസിനസ്സ് ചെയ്യുമ്പോഴും അത് നീതിപൂർവ്വമാവണം എന്നൊക്കെയുള്ള പാഠങ്ങൾ ഞാൻ പഠിച്ചത് അദ്ദേഹത്തിൽ നിന്നാണ്. ഒരു സ്ത്രീ സ്വയം ആർജ്ജിച്ചെടുക്കേണ്ട പലതരം കാര്യങ്ങളെ കുറിച്ച് ബോധ്യപ്പെടുത്തി തന്നത് ആ മനുഷ്യനാണ്.

ആളുകളെ ധൈര്യപൂർവ്വം നേരിടാനും ആത്മവിശ്വാസത്തോടെ സംസാരിക്കാനുമൊക്കെയുള്ള കഴിവ് ഞാൻ നേടുന്നതും എന്റെ അപകർഷതകളെ മറികടക്കുന്നതുമൊക്കെ പോണ്ടിച്ചേരിയിൽ വച്ചാണ്. ധാരാളം വായിക്കാൻ തുടങ്ങി. എനിക്കിഷ്ടമുള്ള കാര്യങ്ങൾ പഠിക്കാൻ സമയം കണ്ടെത്തി. ഡാൻസും വീണയും പഠിക്കാൻ ചേർന്നു. വസ്ത്രധാരണം എന്നതിനെ കുറിച്ചുള്ള എന്റെ സങ്കൽപ്പങ്ങൾ പോലും മാറ്റിയത് പോണ്ടിച്ചേരിയിൽ വച്ചാണ്. പാവാട പ്രായം കഴിഞ്ഞതിൽ പിന്നെ സാരി മാത്രം ധരിച്ചിരുന്ന ഞാൻ അവിടെ എത്തിയപ്പോഴാണ് ചുരിദാറൊക്കെ ധരിക്കാൻ തുടങ്ങിയത്. ഒഫീഷ്യൽ വസ്ത്രമായി സാരിയും ചുരിദാറും മാത്രം ധരിച്ചു ഓഫീസിലെത്തിയ ഞാൻ പിന്നീട് മിഡി, സ്കേർട്ട്, ജീൻസ്, ഷർട്ട്, ടീഷർട്ടുകൾ തുടങ്ങിയ വസ്ത്രങ്ങളൊക്കെ ധരിച്ചു ശീലിച്ചു. ജീവിതത്തിൽ ആദ്യമായി ഒരു ഡെനിമിന്റെ ഷർട്ടും ജീൻസും സമ്മാനമായി കിട്ടിയതും അപ്പാച്ചിയിൽ നിന്നാണ്, സിംഗപ്പൂരിൽ നിന്നും വന്നപ്പോൾ അദ്ദേഹം കൊണ്ടുവന്നതായിരുന്നു അത്.
പോണ്ടിച്ചേരിയിലെ ജീവിതം മറ്റൊരു തരത്തിലുള്ള എക്സ്പോഷറാണ് തന്നത്. ഫ്രഞ്ച് കോളനി ആയതുകൊണ്ടുതന്നെ അവിടുത്തെ കൾച്ചർ വളരെ വ്യത്യസ്തമായിരുന്നു. ഞാൻ ജോലി ചെയ്തിരുന്ന ആ കമ്പ്യൂട്ടർ സ്ഥാപനത്തിലെ ടീച്ചർമാരെല്ലാം ചെറുപ്പക്കാരായിരുന്നു. ആ ചെറുപ്പക്കാരികൾക്കും യുവാക്കൾക്കുമൊപ്പം ഞങ്ങൾ എല്ലാ ശനിയാഴ്ചയും കറങ്ങാൻ പോവും. ഞങ്ങൾക്കെല്ലാവർക്കും അന്ന് സ്വന്തമായി സൈക്കിളും മോപ്പെഡുമൊക്കെ ഉണ്ടായിരുന്നു. എല്ലാവരും ഒന്നിച്ച് ബീച്ചിൽ പോവും അല്ലെങ്കിൽ വൈൻ കഴിക്കാൻ പോവും. വളരെ സോഷ്യൽ ആയാണ് അവിടുത്തുകാർ ഇടപെടുക. ആഘോഷമായിരുന്നു ആ കാലം.
മനുഷ്യബന്ധങ്ങളെ കുറിച്ച് വേറൊരു തരത്തിലുള്ള കാഴ്ചപ്പാട് തന്നത് പോണ്ടിച്ചേരി ജീവിതമാണ്. അല്ലെങ്കിലും തമിഴ് നാടും പോണ്ടിച്ചേരിയും നാസിക്കും തന്ന മനുഷ്യബന്ധങ്ങളുടെ ഒരു ഊർജം- അതാണ് ഞാനിന്ന് കേരളസമൂഹത്തിൽ ചെലവാക്കുന്നത്. അല്ലാതെ കേരള സമൂഹത്തിൽ നിന്നും പോസിറ്റീവായ ഒന്നും എനിക്ക് കിട്ടിയിട്ടില്ല. വളരെ മിനിമമായി കിട്ടേണ്ട അവകാശങ്ങൾക്കു വേണ്ടി പോലും പോരാടികൊണ്ടിരിക്കുകയാണ് ഇവിടെ. മനുഷ്യജീവിതം എന്തായിരിക്കണം എന്നത് വളരെ സ്വാഭാവികതയോടെ മറ്റുള്ള സംസ്ഥാനക്കാർ ജീവിക്കുമ്പോഴും ഇത്രയേറെ ആൺ- പെൺ ബന്ധങ്ങളെ സങ്കീർണ്ണമാക്കി കളയുന്ന മറ്റൊരിടം ഞാൻ കണ്ടിട്ടില്ല. അതിന്റെ ഒരു സ്ട്രഗിൾ കേരളത്തിൽ സ്ഥിരതാമസമാക്കിയതിൽ പിന്നെ ഞാൻ അനുഭവിച്ചിട്ടുണ്ട്.
2. രാഷ്ട്രീയം തലയ്ക്ക് പിടിച്ച കാലം
3. പള്ളിക്കാർക്ക് പിടിക്കാത്ത മിശ്രവിവാഹം
4. ജീവിതവും വിഷാദവും മുഖാമുഖം നിന്ന കാലം
5. മനുഷ്യബന്ധങ്ങളെ കുറിച്ച് വേറിട്ട കാഴ്ചപ്പാട് നൽകിയ പോണ്ടിച്ചേരി
6.സ്വപ്നങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ച് പ്രവാസ ജീവിതത്തിലേക്ക്
7. തുടർക്കഥ പോലെ പൊലീസ് വേട്ടയാടലും അറസ്റ്റും; മാവോയിസ്റ്റ് ടാഗ് വരെ ചാർത്തി കിട്ടിയ നാളുകൾ
8. പൊരുത്തക്കേടുകൾ വേർപിരിയലിലേക്ക്