കുറേ കാര്യങ്ങളിൽ ക്ലാരിറ്റിയില്ലാതെയാണ് ഞാനും ബാലുവും വിവാഹജീവിതം തുടങ്ങിയത്. മക്കളൊക്കെ അടങ്ങുന്ന ഒരു ജീവിതമായിരുന്നു എന്റെ സ്വപ്നം. മക്കളുണ്ടാവുക, പുതിയ മനുഷ്യരെ വളർത്തി കൊണ്ടു വരിക എന്നതൊക്കെ എനിക്ക് താൽപ്പര്യമായിരുന്നു. പക്ഷേ, ജീവിച്ചു തുടങ്ങിയപ്പോൾ എനിക്ക് മനസ്സിലായി, ബാലുവിന് അതിലൊന്നും താൽപ്പര്യമില്ലെന്ന്. ആദ്യത്തെ കുഞ്ഞിനെ അബോർട്ട് ചെയ്യാൻ ബാലു എന്നോട് ആവശ്യപ്പെട്ടു. മറ്റൊരാളുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ചാണ് എന്റെ ജീവിതം മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്, എനിക്കിവിടെ പ്രത്യേകിച്ച് ഒരു തീരുമാനവുമില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു തുടങ്ങുകയായിരുന്നു. ഇങ്ങനെയാണെങ്കിൽ വല്ല ജോർജുകുട്ടിയേയും തന്നെ കല്യാണം കഴിച്ചാൽ മതിയായിരുന്നുവല്ലോ എന്നെനിക്കു തോന്നി. അതായിരുന്നെങ്കിൽ എനിക്ക് സങ്കടം പറയാനെങ്കിലും വീട്ടുകാർ ഉണ്ടാവുമായിരുന്നു. ഇത് ആരോടും ഒന്നും പറയാൻ പറ്റില്ല, മാത്രമല്ല എന്റെ തീരുമാനം ശരിയായിരുന്നുവെന്ന് സമർത്ഥിക്കേണ്ട ഉത്തരവാദിത്വം കൂടിയായി. അങ്ങനെ വലിയ സംഘർഷത്തിലൂടെയാണ് ദാമ്പത്യത്തിന്റെ തുടക്കകാലം കടന്നു പോയത്.
ബാലുവിന്റെ വീട്ടിലാണ് അന്ന് ഞങ്ങൾ താമസം. ഞങ്ങൾക്ക് രണ്ടാൾക്കും ജോലിയില്ല. ബാലു സിനിമയെന്നും പറഞ്ഞ് നടക്കുന്നതിൽ ഒരു അതൃപ്തി വീട്ടുകാർക്കുണ്ട്. മതം വേറെയാണെന്നതു മാത്രമല്ല, സാമ്പത്തികമായും അവരേക്കാൾ താഴ്ന്ന കുടുംബത്തിൽ നിന്നാണ് ഞാൻ വന്നിരിക്കുന്നത് എന്നതിന്റെ പ്രശ്നവും ആ വീട്ടിലുണ്ടായിരുന്നു. ആ വീട്ടിലെനിക്ക് അൽപ്പമെങ്കിലും ആശ്വാസമായത് ബാലുവിന്റെ അമ്മയും ചേച്ചിയുമാണ്. അവർക്ക് എന്നോട് ഇത്തിരി അലിവുണ്ടായിരുന്നു.

എന്റെ വീട്ടിൽ രോഗിയായ അമ്മയെ കണ്ടാണ് ഞാൻ ശീലിച്ചത്, പക്ഷേ ബാലുവിന്റെ വീട്ടിൽ കണ്ട അമ്മ ഏതു നേരവും വിശ്രമമില്ലാതെ പണിയെടുക്കുന്ന ഒരു സ്ത്രീയായിരുന്നു. വീട്ടുജോലികളിലെല്ലാം ഞാനും അവർക്കൊപ്പം കൂടും. പക്ഷേ കുറേ നാൾ കഴിഞ്ഞപ്പോൾ ആ വീട്ടിലെ വെറുമൊരു അടുക്കളക്കാരിയായി ഞാനൊതുങ്ങുന്നതു പോലെ എനിക്കു തോന്നി. അതെന്റെ ആത്മവിശ്വാസത്തെ ബാധിച്ചു തുടങ്ങി. പുരോഗമന രാഷ്ട്രീയമൊക്കെ പറയുമ്പോഴും എഴുപതുകളിലൊക്കെ ജനിച്ച മലയാളി പുരുഷന്മാരുടേതായ ചില പ്രശ്നങ്ങൾ ബാലുവിനുമുണ്ടായിരുന്നു, പ്രത്യേകിച്ചും സ്ത്രീകളെ മനസ്സിലാക്കുന്ന കാര്യത്തിൽ. എന്റെ സങ്കടം ആരോടും പറയാൻ പറ്റുന്നില്ല. ഞാൻ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു, പലവട്ടം വിഷാദത്തിലേക്ക് വീണുപോയി.
അതിനിടയിൽ ബാലുവിന്‍റെ ചേട്ടൻമാർ ഒരു തീരുമാനമെടുത്തു. ബാലുവിന്റെ മൂന്നാമത്തെ ചേട്ടന് ചെന്നൈയിൽ ഒരു സ്റ്റേഷനറി കടയുണ്ട്. അതു നോക്കി നടത്താൻ എന്നെയും ബാലുവിനെയും ചെന്നൈയിലേക്ക് അയക്കാം. ഞങ്ങളങ്ങനെ ചെന്നൈയിലേക്ക് പുറപ്പെട്ടു. അവിടെയൊരു വാടക വീട്ടിൽ താമസം തുടങ്ങി, ഒറ്റ മുറിയും കുഞ്ഞു അടുക്കളയുമുള്ള ചെറിയൊരു വീട്. സൗകര്യങ്ങൾ കുറവാണെങ്കിലും എനിക്ക് വലിയ സന്തോഷം തോന്നി. ആ കാലത്താണ് ഞങ്ങൾക്കിടയിലെ പ്രശ്നങ്ങളൊക്കെ ഒന്നു ഒതുങ്ങി തുടങ്ങുന്നത്. ഞങ്ങൾ രണ്ടുപേരും കൂടി മാറിമാറി കട നോക്കുന്നു, വീടു നോക്കുന്നു. ഞങ്ങളുടേതായൊരു ജീവിതം പതിയെ കെട്ടിപ്പടുക്കാൻ തുടങ്ങി. സാമ്പ്രദായികമായ ബന്ധത്തിനപ്പുറം ഞങ്ങൾക്കിടയിൽ പ്രണയം തോന്നുന്നതും പരസ്പരം ആവശ്യമുണ്ടെന്ന ഒരു തിരിച്ചറിവിലേക്ക് ഞാനും ബാലുവും എത്തുന്നതും ചെന്നൈ ജീവിതകാലത്താണ്.
ആറു മാസം കഴിഞ്ഞപ്പോൾ ഞാൻ കുറച്ചുകൂടി മെച്ചപ്പെട്ട വേറൊരു ജോലി കണ്ടെത്തി. ഒരു ഗാർമെന്റ് എക്സ്പോർട്ടിംഗ് കമ്പനിയിൽ ക്ലറിക്കൽ പോസ്റ്റിൽ കയറി. 800 രൂപയായിരുന്നു അന്നെന്റെ ശബളം. സാമൂഹിക ജീവിതമൊക്കെ ഞാൻ കുറേക്കൂടി നിരീക്ഷിച്ചു തുടങ്ങുന്നത് അക്കാലത്താണ്. ഹൗസിംഗ് ബോർഡ് കോളനിയ്ക്ക് അടുത്തുള്ള ഫ്ളാറ്റിലാണ് ഞങ്ങളുടെ താമസം. ഞങ്ങളുടെ ബിൽഡിംഗിന്റെ മതിലിന് അപ്പുറത്താണ് 100 കണക്കിന് വീടുകൾ വരുന്ന ഹൗസിംഗ് ബോർഡ് കോളനി. റെയിൽവേ വികസനത്തിന്റെ ഭാഗമായി ചേരി ഒഴിപ്പിച്ചപ്പോൾ ഡിഎംകെ സർക്കാർ കെട്ടി കൊടുത്തതാണത് ആ ഹൗസിംഗ് ബോർഡ് കോളനി. പൂക്കാരികൾ, പച്ചക്കറി വിൽപ്പനകാരികൾ, ലൈംഗികത്തൊഴിലാളികളായ സ്ത്രീകൾ, വീട്ടു ജോലിയ്ക്ക് പോവുന്ന സ്ത്രീകൾ, സെയിൽസ് ഗേൾസ് അങ്ങനെ വിവിധ തരത്തിലുള്ള ജോലികൾ ചെയ്യുന്ന ഒരുപാട് സ്ത്രീകൾ ആ ചുറ്റുവട്ടത്തുണ്ടായിരുന്നു. പാർട്ട് ടൈം ജോലിയ്ക്ക് പോവുന്നതിനൊപ്പം തന്നെ പഠിപ്പും കൊണ്ടുപോവുന്ന മിടുക്കികളായ പെൺകുട്ടികളും ഉണ്ടായിരുന്നു അക്കൂട്ടത്തിൽ. അവരെയൊക്കെ അടുത്തറിയാനും സംസാരിക്കാനും സാധിച്ചു. അതേ സമയം തന്നെ, ഇന്ത്യാ ടുഡേയും മാതൃഭൂമിയുമൊക്കെയായി ബന്ധപ്പെട്ട് പത്രപ്രവർത്തകരായ ചില സുഹൃത്തുക്കളെയും ആ നഗരത്തിൽ വച്ച് പരിചയപ്പെട്ടു. സാംസ്കാരികമായ ഇടപെടലുകൾ നടത്തുന്ന ധാരാളം മനുഷ്യരെ കണ്ടു. ജീവിതത്തിന്റെ പല തലത്തിൽ നിന്നുള്ള മനുഷ്യരെ അടുത്തു പരിചയപ്പെടുന്നത് അവിടെ വച്ചാണ്. വേറൊരുതരം ലോകമായിരുന്നു അത്.

ആ സമയത്ത് എനിക്ക് നാടകത്തോട് താൽപ്പര്യം തോന്നി. കൂത്താട്ടുകുളം സ്ത്രീ പഠന കേന്ദ്രത്തിൽ 10 ദിവസത്തെ ഒരു ക്യാമ്പിൽ പങ്കെടുത്തു. തൊണ്ണൂറുകളിൽ സ്ത്രീ മുന്നേറ്റങ്ങൾ നടക്കുന്ന കാലമായിരുന്നു അത്. സുചിത്ര, ശ്രീലത തുടങ്ങി ഫെമിനിസ്റ്റ് മുന്നേറ്റമുഖത്ത് സജീവമായ കുറേ സ്ത്രീകളെ പരിചയപ്പെട്ടു. ‘നമ്മുടെ ആശയങ്ങളെ പ്രതിഫലിപ്പിക്കാൻ ഒരു മീഡിയം വേണം’ എന്ന തോന്നലിലാണ് നാടകം പഠിക്കാൻ തീരുമാനിക്കുന്നത്.
അപ്പോഴേക്കും കച്ചവടം പറ്റുന്ന പണിയല്ലെന്ന് ബാലുവിനും മനസ്സിലായി തുടങ്ങിയിരുന്നു. കട ഒരുവിധം ബാലുവിന്റെ കയ്യിൽ നിന്നു പോയി. ‘ഇനി പാസ്പോർട്ട് എടുത്ത് ഗൾഫിലേക്ക് പോവുക’ – അതു മാത്രമേ നിനക്കു മുന്നിൽ വഴിയുള്ളൂ എന്ന ശാസനത്തിലേക്ക് ബാലുവിന്റെ ചേട്ടന്മാർ എത്തി. അവർ ബാലുവിനെ ഗൾഫിലേക്ക് അയച്ചു. “ഞാനവിടെ പോയി ഒന്നു സെറ്റിലാവുന്ന സമയം കൊണ്ട് നീ നാട്ടിൽ നിനക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്യൂ,” എന്ന് എന്നോട് പറഞ്ഞാണ് ബാലു ഗൾഫിലേക്ക് പോവുന്നത്. ഞാൻ നാടകപഠനവുമായി മുന്നോട്ടുപോവാൻ തീരുമാനിച്ചു- ആ രീതിയിൽ ഞങ്ങൾ മുന്നോട്ടുള്ള മൂന്നു വർഷങ്ങൾ പ്ലാൻ ചെയ്തു.
2. രാഷ്ട്രീയം തലയ്ക്ക് പിടിച്ച കാലം
3. പള്ളിക്കാർക്ക് പിടിക്കാത്ത മിശ്രവിവാഹം
4. ജീവിതവും വിഷാദവും മുഖാമുഖം നിന്ന കാലം
5. മനുഷ്യബന്ധങ്ങളെ കുറിച്ച് വേറിട്ട കാഴ്ചപ്പാട് നൽകിയ പോണ്ടിച്ചേരി
6.സ്വപ്നങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ച് പ്രവാസ ജീവിതത്തിലേക്ക്
7. തുടർക്കഥ പോലെ പൊലീസ് വേട്ടയാടലും അറസ്റ്റും; മാവോയിസ്റ്റ് ടാഗ് വരെ ചാർത്തി കിട്ടിയ നാളുകൾ
8. പൊരുത്തക്കേടുകൾ വേർപിരിയലിലേക്ക്