കേരളവർമ്മയിലായിരുന്നു ബാലു പഠിച്ചത്. സാമൂഹികവും സാംസ്കാരികവുമായ ഇടപെടലുകളൊക്കെ നടത്തുന്ന, സമാന്തര സിനിമയും ഡോക്യുമെന്ററിയുമൊക്കെ ചെയ്യുന്ന ഒരാൾ. ആദ്യം കണ്ടപ്പോൾ എനിക്കൊരു ‘WOW’ ഫീൽ തോന്നി, സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചൊക്കെ ബാലു പറയുന്നതു കേൾക്കുമ്പോൾ ആരാധനയും. പക്ഷേ അങ്ങോട്ട് പോയി ഇഷ്ടം പറയാനുള്ള മനസ്സൊന്നുമില്ല. അക്കാര്യത്തിലൊക്കെ ഉൾവലിവുള്ള ആളായിരുന്നു ഞാൻ. ഇങ്ങോട്ട് വന്നു പറഞ്ഞിരുന്നെങ്കിൽ എന്ന ലൈനിലാണ് എന്റെ നടപ്പ്. നമ്മൾ ‘ഡിസൈറബിൾ’ ആണെങ്കിൽ അവർ വന്നു പറയുമല്ലോ എന്നൊക്കെയാണ് കരുതുന്നത്. അതേ സമയം, കേൾവി പ്രശ്നം കാരണം അൽപ്പം അപകർഷതാബോധവുമുണ്ട്.
എന്നെ പാവാടപ്രായം മുതൽ കാണുന്നതാണ് ബാലു. എനിക്ക് സാരി പ്രായം ആയപ്പോഴേക്കും ബാലു തന്നെ നേരിട്ടു വന്നു പ്രപ്പോസ് ചെയ്തു. ഞാൻ കേൾവിക്കുറവിന്റെ കാര്യം പറഞ്ഞപ്പോൾ ‘അതൊരു വലിയ പ്രശ്നമാണോ, ചികിത്സിച്ചു മാറ്റിയെടുക്കാവുന്നതല്ലേയുള്ളൂ’ എന്നാണ് ബാലു ചോദിച്ചത്. ജീവിതത്തെ കുറിച്ചുള്ള ബാലുവിന്റെ കാഴ്ചപ്പാട് എനിക്ക് ഇഷ്ടമായി, ഞങ്ങളൊരു ധാരണയിൽ എത്തി, ഒന്നിച്ചു ജീവിക്കാമെന്നു തീരുമാനിച്ചു. ബാലു എന്റെ വീട്ടിൽ വന്നു സംസാരിച്ചു. മതം വ്യത്യസ്തമായതുകൊണ്ട് വീട്ടിൽ ചെറിയ പ്രശ്നങ്ങളുണ്ട്. പക്ഷേ എന്റെ ചേട്ടന് കാര്യം മനസ്സിലായി, അദ്ദേഹം പിന്തുണച്ചു. ചെറുപ്പത്തിൽ അൽപ്പം യുക്തിവാദമൊക്കെയുണ്ടായിരുന്ന ആളാണ് ചേട്ടൻ. ഞാനും ചേട്ടനും തമ്മിൽ വലിയ അടുപ്പമൊന്നും പുലർത്തിയിരുന്നില്ലെങ്കിലും ചില പോയിന്റിൽ അദ്ദേഹത്തിനെന്നെ മനസ്സിലാക്കാൻ പറ്റി. ഞാൻ ചേട്ടനൊരു കത്തെഴുതിയിട്ടാണ് ബാലുവിന്റെ കാര്യം പറയുന്നത്. അദ്ദേഹം അപ്പച്ചനെയും അമ്മച്ചിയേയും പറഞ്ഞു സമ്മതിപ്പിച്ചു. അങ്ങനെ എന്റെ 21-ാം വയസ്സിൽ ബാലുവുമായുള്ള വിവാഹം രജിസ്റ്റർ ചെയ്തു. പിന്നെയും ആറു മാസം കഴിഞ്ഞാണ് ഞങ്ങളൊന്നിച്ച് ജീവിക്കാൻ തുടങ്ങിയത്.

പക്ഷേ, ആ മിശ്രവിവാഹം പള്ളിക്കാർക്കു പിടിച്ചില്ല. അവർ ചേട്ടനെ പള്ളിയിലേക്കു വിളിപ്പിച്ചു. ബാലുവിനെ മതം മാറ്റണമെന്നു ആവശ്യപ്പെട്ടു. അതു നടപ്പില്ലെന്നു ചേട്ടൻ തീർത്തു പറഞ്ഞു. ‘ഞാൻ മിശ്രവിവാഹത്തിന് എതിരല്ല, ഒരുപാട് മിശ്രവിവാഹങ്ങൾ നടത്തി കൊടുത്തയാളാണ്, അതെന്റെ വീട്ടിൽ നടക്കുമ്പോൾ മാത്രമെങ്ങനെ തെറ്റാവും?’ എന്നായിരുന്നു ചേട്ടന്റെ ചോദ്യം. ഇക്കാര്യത്തിൽ വേറൊന്നും പറയാനില്ല, നിങ്ങൾക്കെന്ത് നടപടി വേണമെങ്കിലും എടുക്കാമെന്നായി ചേട്ടൻ. അത് പള്ളിക്കാർക്ക് അത്ര സുഖിച്ചില്ല.
ഒന്നു-രണ്ടു വർഷം കഴിഞ്ഞപ്പോൾ ചേട്ടന്റെ മൂന്നു വയസ്സുള്ള മകൾ വിന്നി കാൻസർ ബാധിച്ച് മരിച്ചു. മോളെ പള്ളിയിൽ അടക്കാൻ പറ്റില്ലെന്നു പറഞ്ഞ് ഒരു വിഭാഗം ആളുകൾ പ്രശ്നമുണ്ടാക്കി, എന്റെ മിശ്രവിവാഹത്തെ വീട്ടുകാർ അംഗീകരിച്ചതിലുള്ള അനിഷ്ടമായിരുന്നു അത്. പക്ഷേ ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികൾ അന്ന് ചേട്ടനൊപ്പം നിന്നു. ‘എന്തിനാണ് ആ പക ഒരു കൊച്ചു കുട്ടിയോട് വീട്ടുന്നത്?’ എന്നവർ ചോദ്യം ചെയ്തപ്പോഴാണ് പള്ളിക്കാർ അയഞ്ഞത്. അതോടെ അപ്പച്ചൻ ഒരു തീരുമാനം എടുത്തു, ‘ഇനി പള്ളിയും പട്ടക്കാരും അവിടെ അടക്കില്ലെന്നു തീരുമാനിക്കുകയാണെങ്കിൽ ഞങ്ങളാരെങ്കിലും മരിക്കുമ്പോഴും മോൻ വിഷമിക്കേണ്ട, നീ ഞങ്ങളുടെ ശരീരം മെഡിക്കൽ കോളേജിനു എഴുതി കൊടുത്തോ. അതല്ലെങ്കിൽ തെക്കേപ്പുറത്ത് കുഴിച്ചിട്ടാലും മതി,’ എന്നായിരുന്നു അപ്പച്ചന്റെ നിലപാട്.

പള്ളിയിൽ നിന്നുമാത്രമല്ല, കുടുംബത്തിൽ നിന്നുമുണ്ടായിരുന്നു പ്രതിഷേധങ്ങൾ. വീട്ടുകാർ എന്റെ തീരുമാനത്തിനൊപ്പം നിന്നെങ്കിലും ബന്ധുക്കളിൽ പലരും വിവാഹത്തോടെ എന്നെ ഒഴിവാക്കി. സ്ത്രീ ഒരു തീരുമാനം എടുക്കുമ്പോൾ അവളുടെ സാമൂഹിക ജീവിതങ്ങൾ എങ്ങനെയാണ് റദ്ദ് ചെയ്യപ്പെടുന്നത് എന്നെനിക്ക് മനസ്സിലായി. അതേ സമയം ബാലുവിന്റെ കാര്യത്തിൽ സൗഹൃദങ്ങളോ ബന്ധങ്ങളോ ഒന്നും അറ്റുപോയില്ല. മാത്രമല്ല, അന്യമതത്തിൽ നിന്നൊരു പെൺകുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരിൽ കുറച്ചു കൂടി വിപ്ലവപരിവേഷം നേടുകയായിരുന്നു ബാലു, ആ രീതിയിൽ ബാലുവിന് ഏറെ സ്വീകാര്യത കിട്ടി. സത്യത്തിൽ എന്തൊരു വിരോധാഭാസമാണല്ലേ, ഒരേ കാര്യത്തിൽ സ്ത്രീയ്ക്കും പുരുഷനും രണ്ടുതരം നീതികൾ, സമൂഹത്തിനാവട്ടെ പരസ്പര വിരുദ്ധമായ കാഴ്ചപ്പാടുകളും.
2. രാഷ്ട്രീയം തലയ്ക്ക് പിടിച്ച കാലം
3. പള്ളിക്കാർക്ക് പിടിക്കാത്ത മിശ്രവിവാഹം
4. ജീവിതവും വിഷാദവും മുഖാമുഖം നിന്ന കാലം
5. മനുഷ്യബന്ധങ്ങളെ കുറിച്ച് വേറിട്ട കാഴ്ചപ്പാട് നൽകിയ പോണ്ടിച്ചേരി
6.സ്വപ്നങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ച് പ്രവാസ ജീവിതത്തിലേക്ക്
7. തുടർക്കഥ പോലെ പൊലീസ് വേട്ടയാടലും അറസ്റ്റും; മാവോയിസ്റ്റ് ടാഗ് വരെ ചാർത്തി കിട്ടിയ നാളുകൾ
8. പൊരുത്തക്കേടുകൾ വേർപിരിയലിലേക്ക്