പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് എനിക്ക് രാഷ്ട്രീയം തലയ്ക്കു പിടിക്കുന്നത്. ഞാനാദ്യം കെഎസ്‌യു പ്രവർത്തകയായിരുന്നു. അതിനിടയിലാണ് പോളി ടെക്നിക്ക് സ്വകാര്യവത്കരണത്തിന് എതിരായിട്ട് ഇടതുപക്ഷം സമരത്തിന് ഇറങ്ങുന്നത്. കെ കരുണാകരൻ മുഖ്യമന്ത്രിയായ കാലത്താണ്. രാജീവ് ഗാന്ധിയുടെ നിർദേശപ്രകാരമാണ് അത്തരമൊരു മാറ്റം വരുന്നത്. സാധാരണക്കാർക്കൊക്കെ ഇനി പഠനം ബുദ്ധിമുട്ടാവും, കാശുള്ളവനെ പഠിക്കാനാവൂ എന്നാണ് ഞാനതിനെ മനസ്സിലാക്കിയത്. ഞാൻ വരുന്ന സാഹചര്യവും സമാനമായതിനാൽ എനിക്കതിലെ പ്രശ്നം മനസ്സിലായി. ഇടതുപക്ഷത്തിനൊപ്പം ഞാനും സമരത്തിന് ഇറങ്ങി. കെഎസ് യുവിന്റെ ആളുകൾ വന്നു നോക്കുമ്പോൾ, എസ് എഫ് ഐ കാർക്ക് ഒപ്പം സമരം ചെയ്യുന്ന എന്നെയാണ് കണ്ടത്. അവർക്ക് ദേഷ്യം വന്നു, എന്നെ കൂവി വിളിച്ചു, എനിക്കെതിരെ കല്ലെറിഞ്ഞു, അപമാനിച്ചു. അങ്ങനെ ആ സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു പെൺകുട്ടിയെ ഇത്രയേറെ അവഹേളിച്ചതിൽ പ്രതിഷേധിച്ച് മൂന്നു ദിവസം സ്കൂൾ അടച്ചിടേണ്ടി വന്നു.
അപ്പോഴാണ് എനിക്ക് തോന്നിയത് ഞാൻ അതു വരെ നിലകൊണ്ട രാഷ്ട്രീയത്തിൽ എന്തോ കുഴപ്പമുണ്ടല്ലോ എന്ന്. നമ്മൾ രാഷ്ട്രീയജീവിതം ജീവിക്കുന്നത് പക്ഷം പിടിച്ചു കൊണ്ടാവരുത്, ശരിക്കു വേണ്ടിയാവണം. കെഎസ് യുകാരി ആയതു കൊണ്ട് ഇതു ചെയ്തൂടാ, എസ് എഫ് ഐകാരിയായതു കൊണ്ട് ഇങ്ങനെ ചെയ്യണം. ഇത്തരം നിബന്ധനകളൊന്നും എനിക്കു മനസ്സിലാവില്ല, അന്നുമതെ ഇന്നും. എന്താണോ ശരി/ നീതി അതിനു വേണ്ടി നിൽക്കാനാണ് ഞാനാഗ്രഹിച്ചത്. അല്ലാതെ, തെറ്റിന്റെ ഭാഗത്ത് നമ്മൾ വിശ്വസിക്കുന്ന പാർട്ടിയോ മതമോ നിൽക്കുമ്പോൾ അതിനെ കണ്ണുമടച്ച് പിന്തുണയ്ക്കാൻ എനിക്ക് കഴിയില്ല.
ഞാൻ പത്താം ക്ലാസ്സ് പാസ്സായി, പ്രീഡിഗ്രിക്ക് ചേർന്നു. വീട്ടിൽ പഠിപ്പിക്കാനുള്ള സാഹചര്യമൊന്നുമില്ല അന്ന്. പെൺപിള്ളേർ പത്താം ക്ലാസു വരെ പഠിച്ചാൽ മതി എന്നൊക്കെ ആളുകൾ വിചാരിക്കുന്ന കാലമാണത്. അതു കഴിഞ്ഞാൽ കെട്ടിച്ചു കൊടുക്കാനുള്ളതല്ലേ! കെട്ടുന്ന പയ്യൻ വിദേശത്ത് വല്ലതുമാണെങ്കിൽ കത്തെഴുതാനും അഡ്രസ്സ് എഴുതാനുമുള്ള പഠിപ്പ് മതിയെന്നാണ് നാട്ടുനടപ്പ്. തൃശൂർ നാട്ടിക എസ് എൻ കോളേജിലാണ് ഞാൻ പ്രീഡിഗ്രിക്ക് ചേർന്നത്. അന്ന് സാഹിറയാണ് എന്റെ അടുത്ത കൂട്ടുകാരി. ഞാൻ കേൾവിക്കുറവുള്ള കുട്ടിയാണല്ലോ, എന്റെ മുന്നിലും പിന്നിലുമായി ഒരു കാവൽ മാലാഖ പോലെ, ബോഡി ഗാർഡിനെ പോലെ അവളെപ്പോഴും കാണും. ആരെങ്കിലും എന്നോട് എന്തെങ്കിലും ചോദിച്ചാലോ, ഞാനത് കേൾക്കാതെ പോയാൽ ആളുകൾ ഇൻസൾട്ട് ചെയ്താലോ എന്നൊക്കെ പേടിച്ച് അവളെപ്പോഴും ചാടിക്കയറി എനിക്കു വേണ്ടി മറുപടി കൊടുത്തു കൊണ്ടിരിക്കും.

പ്രീഡിഗ്രിയൊക്കെ ആയതോടെ, പതിയെ എന്റെ ചായ്‌വ് എസ് എഫ്ഐയോടായി. എസ്എഫ്ഐയിൽ മെമ്പർഷിപ്പ് എടുത്തു, സമരനായികയായി. ഒരു ഭാഗത്ത് പഠനവും മറുഭാഗത്ത് രാഷ്ട്രീയപ്രവർത്തനവും മുന്നോട്ടുപോയി. അതിനിടയിൽ സെക്കൻഡ് ഗ്രൂപ്പ് വഴങ്ങുന്നില്ലെന്ന് കണ്ട് ഞാൻ ആ കോഴ്സ് വിട്ടു, പ്രീഡിഗ്രി പരീക്ഷയെഴുതിയില്ല. അന്നൊക്കെ എനിക്കുവേണ്ടി തീരുമാനം എടുക്കാൻ ആരുമുണ്ടായിരുന്നില്ല. എന്റെ കാര്യം ഞാൻ തന്നെയാണ് തീരുമാനിക്കുന്നത്. ആറു മാസങ്ങൾക്കു ശേഷം ഞാൻ ഗ്രൂപ്പ് മാറി തേർഡ് ഗ്രൂപ്പെടുത്ത് പ്രൈവറ്റായി പഠിച്ചു. ജയിച്ചു വന്ന് ഡിഗ്രിക്ക് ബിഎ എക്ണോമിക്സ് എടുത്ത് അതേ കോളേജിൽ തന്നെ ചേർന്നു.
അപ്പോഴേക്കും വീട്ടിൽ പ്രശ്നങ്ങൾ രൂക്ഷമായി തുടങ്ങിയിരുന്നു. കടം കേറുന്നു, പറമ്പുകൾ ഓരോന്നായി വിൽക്കുന്നു. കാലിനടിയിലെ മണ്ണ് ഒലിച്ചു പോവുകയാണ്. സ്ത്രീയെന്ന രീതിയിലും എന്റെ സാമ്പത്തിക ചുറ്റുപാടുകളും കാരണം എനിക്ക് കുറച്ചുകൂടി മനുഷ്യരെ മനസ്സിലാവാൻ തുടങ്ങി. എവിടെയാണ് മനുഷ്യർ അപമാനിക്കപ്പെടുക, എങ്ങനെയൊക്കെയാണ് അവഗണിക്കപ്പെടുക – പവറും സോഷ്യൽ ലൊക്കേഷനും ഒക്കെ വച്ചു കൊണ്ട് മനുഷ്യർ മനുഷ്യരെ എങ്ങനെയൊക്കെ ഡീൽ ചെയ്യാൻ സാധ്യതകളുണ്ടെന്ന് വ്യക്തിപരമായ അനുഭവങ്ങളിൽ നിന്നും മനസ്സിലാക്കാനുള്ള വലിയ പാഠങ്ങളായിരുന്നു അതൊക്കെ. ജീവിതത്തോട് എനിക്ക് വേറൊരു രീതിയിലുള്ള ഉത്തരവാദിത്വം വന്നു തുടങ്ങി.
വീടിനകത്ത് അപ്പച്ചനൊക്കെ വലിയ ബഹളമാണ്, വയലൻസ് ആണ് ആയുധം. മറുവശത്ത് അമ്മയുടെ നിസ്സഹായത, രോഗം. എനിക്കൊരു അത്താണിയില്ലാത്ത അവസ്ഥ. അതേ സമയം, എന്റെ കോൺഫ്ളിക്റ്റ്സും ഭീകരമായി തുടങ്ങി. ഒരു സ്ത്രീയെന്ന രീതിയിൽ ഞാനെന്തു ജീവിതം ജീവിക്കണമെന്ന ആശയക്കുഴപ്പം. 18 വയസ്സിൽ ഏതെങ്കിലും ഒരു ജോർജുകുട്ടിയെ കല്യാണം കഴിച്ച് പള്ളിക്കാരിയായി ജീവിക്കുന്നതൊന്നും എനിക്ക് സങ്കൽപ്പിക്കാൻ വയ്യ.

അമ്മയ്ക്ക് ആണെങ്കിൽ എന്നെ കുറിച്ച് ആകുലതയാണ്. കേൾവി പ്രശ്നമുള്ള കുട്ടിയാണ്, ആരു കല്യാണം കഴിക്കും എന്നാണ് അമ്മയുടെ വേവലാതി. എനിക്ക് വിവാഹം വേണ്ടെന്ന് തീരുമാനിക്കാനും വയ്യ, കാരണം ഞാനങ്ങനെയൊരു വ്യക്തിയല്ല. എന്റെയുള്ളിൽ പ്രണയമുണ്ട്, പ്രണയിക്കാനുള്ള നീഡുമുണ്ട്.
അതിനിടയിൽ അമ്മയ്ക്ക് എന്നെ കന്യാസ്ത്രീയാക്കിയാൽ കൊള്ളാമെന്ന ആഗ്രഹം തോന്നി. അതാവുമ്പോൾ കുടുംബത്തിലേക്ക് ഒരു പേരായി, ചെവി കേൾക്കാൻ വയ്യാത്ത മോളെ കല്യാണം കഴിപ്പിച്ചില്ലെന്ന കുറ്റബോധവും വേണ്ട. അങ്ങനെയൊക്കെയാണ് അമ്മയുടെ ചിന്തകൾ പോയത്. മക്കളെ കുറിച്ചുള്ള സോഷ്യൽ ഇൻസെക്യൂരിറ്റി പോലും ഭക്തിയിലേക്ക് തള്ളിവിടാനുള്ള കാരണങ്ങളായി മാറുന്നതെങ്ങനെയാണെന്ന് എനിക്കു മനസ്സിലായി. സത്യത്തിൽ, ഇതൊന്നും ആരുടെയും ചോയ്സല്ല, സാഹചര്യം കൊണ്ട് അങ്ങനെയായി മാറുന്നതാണ്. ആ സമയത്തൊന്നും റൊമാന്റിക്കായ യാതൊരു വിചാരങ്ങളുമില്ല എനിക്ക്. എങ്ങനെയെങ്കിലും സ്വന്തം കാലിൽ നിൽക്കണം എന്നതു മാത്രമാണ് ലക്ഷ്യം. അതിനിടയിലാണ് ബാലുവിനെ പരിചയപ്പെട്ടത്.
2. രാഷ്ട്രീയം തലയ്ക്ക് പിടിച്ച കാലം
3. പള്ളിക്കാർക്ക് പിടിക്കാത്ത മിശ്രവിവാഹം
4. ജീവിതവും വിഷാദവും മുഖാമുഖം നിന്ന കാലം
5. മനുഷ്യബന്ധങ്ങളെ കുറിച്ച് വേറിട്ട കാഴ്ചപ്പാട് നൽകിയ പോണ്ടിച്ചേരി
6.സ്വപ്നങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ച് പ്രവാസ ജീവിതത്തിലേക്ക്
7. തുടർക്കഥ പോലെ പൊലീസ് വേട്ടയാടലും അറസ്റ്റും; മാവോയിസ്റ്റ് ടാഗ് വരെ ചാർത്തി കിട്ടിയ നാളുകൾ
8. പൊരുത്തക്കേടുകൾ വേർപിരിയലിലേക്ക്